Quantcast

ശ്രദ്ധിക്കുക, എസ്‌ഐആർ ഫോമിലെ ചെറിയ തെറ്റ് പോലും വോട്ടർ പട്ടികയിൽ നിന്ന് നീക്കപ്പെടാൻ‌ കാരണമായേക്കാം: എംകെ സ്റ്റാലിൻ

പൊതുജനങ്ങളിൽ പലർക്കും ഈ പ്രക്രിയയെക്കുറിച്ച് അറിയില്ലെന്നും ബിഎൽഒമാർ പോലും ആശയക്കുഴപ്പത്തിലാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    9 Nov 2025 10:00 PM IST

Small Mistake in SIR Form May Lead to Removal from Voter List Says MK Stalin
X

ചെന്നൈ: തമിഴ്നാട് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടിക്രമങ്ങൾ തുടരവെ ജാ​ഗ്രതാ നിർദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. എസ്ഐആർ ഫോമുകൾ പൂരിപ്പിക്കുമ്പോൾ അതീവ ജാ​ഗ്രത പാലിക്കണമെന്നും ചെറിയൊരു തെറ്റ് പോലും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കപ്പെടാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചെന്നൈയിൽ നടന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുജനങ്ങളിൽ പലർക്കും ഈ പ്രക്രിയയെക്കുറിച്ച് അറിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) പോലും ആശയക്കുഴപ്പത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഎംകെ എസ്‌ഐആർ പ്രക്രിയയെ എതിർക്കുന്നില്ലെന്ന് പറഞ്ഞ സ്റ്റാലിൻ, എന്നാൽ ധൃതിപിടിച്ച് അത് നടപ്പാക്കുന്നത് ആശയക്കുഴപ്പത്തിനും യഥാർഥ വോട്ടർമാരെ നീക്കം ചെയ്യാനും ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി.

സുതാര്യമായ തെരഞ്ഞെടുപ്പിന് സുതാര്യവും കൃത്യവുമായ വോട്ടർ പട്ടിക അത്യാവശ്യമാണ്. ഞങ്ങൾ എസ്ഐആറിനെതിരല്ല. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ അത് തിടുക്കപ്പെട്ട് നടപ്പാക്കരുത്- സ്റ്റാലിൻ പറഞ്ഞു. എസ്ഐആർ ഫോമിലെ വ്യക്തതയില്ലായ്മ ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, വിദ്യാസമ്പന്നരായ ആളുകൾക്ക് പോലും ആശയക്കുഴപ്പമുണ്ടാകാമെന്നും വ്യക്തമാക്കി.

'പ്രസ്തുത ഫോമിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധുക്കളുടെ പേര് ചോദിക്കുന്നുണ്ട്. ആരെയാണ് ബന്ധുക്കളായി കണക്കാക്കുന്നത്? അച്ഛനെയോ...? അതോ അമ്മയേയോ...? മക്കളെയോ...? ഭാര്യയെയോ...? ഭർത്താവിനേയോ... ആരെയാണ്...? ചെറിയൊരു പിശക് പോലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടാൻ കാരണമാകും. അതാണ് യഥാർഥത്തിൽ ഭയപ്പെടുത്തുന്ന കാര്യം'- സ്റ്റാലിൻ വിശദമാക്കി.

ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തുന്നത് തടയാൻ ബിജെപി നിരവധി കുതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു. 'ഇ‍ഡി, ആദായനികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെ തങ്ങൾക്കെതിരെ ​​ദുരുപയോ​ഗിക്കാൻ ബിജെപി ശ്രമിക്കുകയാണ്. അവർ വരട്ടെ. നമ്മൾ അവരെ നേരിടാൻ ഒരുക്കമാണ്. ഈ ഇടം നമ്മുടേതാണ്'- സ്റ്റാലിൻ കൂട്ടിച്ചേർത്തു.

അതേസമയം, വ്യാജ വോട്ടർമാരെ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ പളനിസ്വാമി എസ്‌ഐആർ പ്രക്രിയയെ പിന്തുണച്ചു.

'തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാജ വോട്ടുകളിലൂടെ വിജയിച്ചതിനാലാണ് ഡിഎംകെ എസ്‌ഐആറിനെ എതിർക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത്, മരിച്ചവർ പോലും വോട്ട് ചെയ്യാൻ ജീവനോടെ എത്തുന്നു. വ്യാജ വോട്ടർമാരെ നീക്കം ചെയ്യാനും യോഗ്യരായവരെ ഉൾപ്പെടുത്താനും എസ്‌ഐആർ നിർണായകമാണ്'- പളനിസ്വാമി അഭിപ്രായപ്പെട്ടു.

TAGS :

Next Story