സോഫ്റ്റ്‌വെയർ എൻജിനീയറാണ്, പക്ഷേ...; 57 മില്യൺ ഫോളോവേഴ്സുള്ള സോഷ്യൽമീഡിയ ഇൻഫ്ലുവൻസറിന് ഡിജിറ്റൽ തട്ടിപ്പിലൂടെ നഷ്ടമായത് 50 ലക്ഷം രൂപ
അക്കൗണ്ടുകൾ 'സ്ട്രൈക്ക്' ചെയ്യുമെന്നും 'വിലക്കേർപ്പെടുത്തുമെന്നും' ഭീഷണിപ്പെടുത്തിയാണ് 28കാരനിൽ നിന്ന് സൈബർ തട്ടിപ്പുകാർ പണം തട്ടിയെടുത്തത്.

Photo| Special Arrangement
ഭോപ്പാൽ: ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമാവുന്നത് പുതിയ കാര്യമല്ല. പല രീതികളിലാണ് തട്ടിപ്പുകാർ പണം കൈക്കലാക്കുന്നത്. എന്നാൽ സൈബർ ലോകത്ത് വലിയ സ്വാധീനമുള്ള വ്യക്തികൾ തന്നെ അത്തരം തട്ടിപ്പുകൾക്ക് ഇരയായാലോ? ഇൻസ്റ്റഗ്രാമിൽ 57 മില്യൺ (5.7 കോടി) ഫോളോവർമാരുള്ള ഇൻഫ്ലുവൻസറിന് ഡിജിറ്റൽ തട്ടിപ്പിലൂടെ നഷ്ടമായത് 50 ലക്ഷത്തോളം രൂപയാണ്. മധ്യപ്രദേശിലെ ജബൽപുർ സ്വദേശി അസിം അഹമ്മദിനാണ് അരക്കോടി രൂപ പോയത്.
അക്കൗണ്ടുകൾ 'സ്ട്രൈക്ക്' ചെയ്യുമെന്നും 'വിലക്കേർപ്പെടുത്തുമെന്നും' ഭീഷണിപ്പെടുത്തിയാണ് 28കാരനായ അസിം അഹമ്മദിൽനിന്ന് സൈബർ തട്ടിപ്പുകാർ പണം തട്ടിയെടുത്തത്. സംഭവത്തിൽ ജബൽപുർ പൊലീസ് സൈബർ സെല്ലിൽ അസിം അഹമ്മദ് പരാതി നൽകി.
സോഫ്റ്റ്‌വെയർ എൻജിനീയറിൽ നിന്ന് ഡിജിറ്റൽ സംരംഭകനായി മാറിയ അസിം പിന്നീട് തന്റെ ഓൺലൈൻ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. 2017ൽ സൃഷ്ടിച്ച ആദ്യ ഇൻസ്റ്റാഗ്രാം പേജ് 2021ലെ കോവിഡ് ലോക്ക്ഡൗൺ സമയത്ത് വൻ പ്രചാരം നേടി. പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് വൂപ്പി ഡിജിറ്റൽ എന്ന പേരിൽ ഒരു ഡിജിറ്റൽ മാർക്കറ്റിങ് സ്റ്റാർട്ടപ്പ് ആരംഭിച്ചു.
എന്നാൽ ഈ നേട്ടങ്ങളൊക്കെ ഇപ്പോൾ അസിമിനെ ഉറക്കമില്ലാത്ത രാത്രികളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒരു വർഷമായി തനിക്ക് കോപിറൈറ്റ് സ്ട്രൈക്കുകളും ഭീഷണികളും വന്നുകൊണ്ടിരിക്കുകയാണെന്ന് അസിം പറയുന്നു. അസിമിന്റെ പോസ്റ്റുകൾ തങ്ങളുടെ കണ്ടന്റുകളാണെന്നും പണം നൽകിയില്ലെങ്കിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നഷ്ടമാവുന്ന അവസ്ഥയെത്തുമെന്നും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഉപജീവനമാർഗം തടസപ്പെടുമെന്ന പേടിയെ തുടർന്ന് തട്ടിപ്പുകാർക്ക് അസിം തുടർച്ചയായി പണം നൽകാൻ നിർബന്ധിതനായി. പല തവണയായി ആകെ 50 ലക്ഷത്തോളം രൂപയാണ് യുവാവിന് നഷ്ടമായത്. ഭീഷണികൾ പിന്നീട് ഫോൺ കോളിലൂടെയും ഇൻസ്റ്റഗ്രാം സ്ട്രൈക്ക് ചൂണ്ടിക്കാട്ടിയുള്ള വ്യാജ ഇ- മെയിലുകളിലേക്കും മാറിയെന്നും അസിം വ്യക്തമാക്കുന്നു. മധ്യസ്ഥർ എന്ന് അവകാശപ്പെട്ട് വിളിച്ച ചിലർ, സ്ട്രൈക്ക് ഒഴിവാക്കുന്നതിന് ആവശ്യപ്പെട്ടത് 25,000 മുതൽ 30,000 രൂപ വരെയാണെന്നും അസിം പറയുന്നു.
അതേസമയം, അസീമിന് ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായത് സ്ഥിരീകരിച്ച ജബൽപുർ സൈബർ സെൽ ഇൻ-ചാർജ് നീരജ് നേഗി, വ്യാജ കണ്ടന്റ് സ്ട്രൈക്ക് ഭീഷണിയാൽ തട്ടിപ്പുകാർ പണം തട്ടുന്ന സംഭവം ഈ സിറ്റിയിൽ ആദ്യത്തേതാണെന്നും വ്യക്തമാക്കി.
'ഇത് പുതിയ കാലത്തെ സൈബർ കുറ്റകൃത്യ പ്രവണതയാണ്. തട്ടിപ്പുകാർ ഇൻസ്റ്റഗ്രാമിന്റെ ഓട്ടോമേറ്റഡ് കണ്ടന്റ് സിസ്റ്റങ്ങളെ ചൂഷണം ചെയ്യുന്നു. ഒരു ഉപയോക്താവിന് ഒന്നിലധികം വ്യാജ സ്ട്രൈക്കുകൾ ലഭിച്ചുകഴിഞ്ഞാൽ, അവരുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടും. ഈ വ്യാജ വിലക്കുകൾ എങ്ങനെയാണ് ആരംഭിക്കുന്നതെന്നും അവയ്ക്ക് പിന്നിൽ ആരാണെന്നും കണ്ടെത്താൻ ഞങ്ങൾ ഇൻസ്റ്റാഗ്രാം ടീമുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്'- നേഗി കൂട്ടിച്ചേർത്തു.
Adjust Story Font
16

