Quantcast

'ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിംഗ്‌സ് അവസാനിപ്പിക്കുന്നതിൽ സന്തോഷം'; വിരമിക്കൽ സൂചന നൽകി സോണിയ ഗാന്ധി

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സോണിയ

MediaOne Logo

Web Desk

  • Updated:

    2023-02-25 12:57:49.0

Published:

25 Feb 2023 12:51 PM GMT

Sonia Gandhi, Congress,
X

Sonia Gandhi 

റായ്പൂർ: രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുന്നതായി സൂചന നൽകി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭാരത് ജോഡോ യാത്ര പാർട്ടിയുടെ സുപ്രധാന പരിവർത്തന ഘട്ടമാണെന്നും ഈ സാഹചര്യത്തിൽ തന്റെ ഇന്നിംഗ്‌സ് അവസാനിപ്പിക്കുന്നതിൽ തനിക്കേറെ സന്തോഷമുണ്ടെന്നും റായ്പൂരിൽ നടന്ന 85ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവേ അവർ വ്യക്തമാക്കി.

യാത്രയ്ക്ക് നേതൃത്വം നൽകിയ രാഹുൽ ഗാന്ധിയെയും പാർട്ടി പ്രവർത്തകരെയും താൻ അനുമോദിക്കുന്നതായും സോണിയ പറഞ്ഞു. കോൺഗ്രസ് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നീതിക്കും വേണ്ടി ജനങ്ങൾ പോരാടുന്ന സംവിധാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ 15,000 പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിദിന പരിപാടിയാണ് കോൺഗ്രസ് നടത്തുന്നത്. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായാണ് ചടങ്ങ്.

'എന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുന്നത് ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്നതാണ്. ജോഡോ യാത്ര ഒരു വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് ഇത് തെളിയിച്ചു' സോണിയ പറഞ്ഞു.

'ജനസമ്പർക്ക പരിപാടികളിലൂടെ ഞങ്ങളുടെ പാർട്ടിയും ജനങ്ങളും തമ്മിലുള്ള സംവാദത്തിന്റെ സമ്പന്നമായ പാരമ്പര്യം യാത്രയിലൂടെ പുതുക്കി. കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അവർക്കുവേണ്ടി പോരാടാൻ തയ്യാറാണെന്നും ഇത് ഞങ്ങൾക്ക് കാണിച്ചുതന്നു' സോണിയ വ്യക്തമാക്കി.

'യാത്രക്കായി കഠിനമായി പ്രവർത്തിച്ച എല്ലാ അണികളെയും ഞാൻ അഭിനന്ദിക്കുന്നു. യാത്രയുടെ വിജയത്തിൽ നിർണായകമായ രാഹുൽജിയുടെ നേതൃത്വത്തിനും സമർപ്പണത്തിനും ഞാൻ നന്ദി പറയുന്നു.

വിരമിക്കൽ സൂചന നൽകുന്ന 76 കാരിയായ മുൻ കോൺഗ്രസ് അധ്യക്ഷ, ഉത്തർപ്രദേശിലെ റായ്ബറേലിയിൽനിന്ന് വീണ്ടും പാർലമെന്റിലേക്ക് മത്സരിക്കുമോയെന്നതിൽ വ്യക്തതയില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മകൾ പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് സീറ്റ് വിട്ടുകൊടുത്തേക്കുമെന്ന് വാർത്തകളുണ്ട്.

വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ആർഎസ്എസും എല്ലാ ഭരണകൂട സ്ഥാപനങ്ങളെയും പിടിച്ചെടുക്കുകയും അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് സോണിയ പ്രസംഗത്തിൽ വിമർശിച്ചു.

'എതിർപ്പിന്റെ ഏത് ശബ്ദത്തെയും അവർ നിഷ്‌കരുണം നിശ്ശബ്ദമാക്കി. മറ്റുള്ളവരുടെ പണം ചെലവിട്ട് ചില വ്യവസായികളെ അനുകൂലിച്ചത് സാമ്പത്തിക നാശത്തിന് കാരണമായി. സങ്കടകരമെന്ന് പറയട്ടെ, ഇന്ത്യക്കാരായ പലർക്കുമെതിരെ ഭയത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിച്ചു' സോണിയ പ്രസംഗത്തിൽ കുറ്റപ്പെടുത്തി.

'അവർ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുകയും അവർക്കെതിരായ കുറ്റകൃത്യങ്ങളും വിവേചനങ്ങളും അവഗണിക്കുകയും ചെയ്തു. സ്ത്രീകൾ, ദലിതർ, ആദിവാസികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങളെയും കണ്ട ഭാവം നടിച്ചില്ല. ഇത് ഗാന്ധിജിയെ പരിഹസിക്കലാണ്. വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും നമ്മുടെ മൂല്യങ്ങളോടും ഭരണഘടനയോടുമുള്ള അവഹേളനമാണ്' സോണിയ ഗാന്ധി പറഞ്ഞു.

ഇന്നത്തെ സാഹചര്യം താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ച കാലത്തെ ഓർമിപ്പിക്കുന്നുവെന്നും അന്ന്, ഇപ്പോഴത്തേതുപോലെ, ഞങ്ങൾ ഒരു പ്രയാസകരമായ പോരാട്ടത്തെ അഭിമുഖീകരിച്ചിരുന്നുവെന്നും സോണിയ പാർട്ടി പ്രവർത്തകരെ ഓർമിപ്പിച്ചു. ഈ നിർണായക സമയത്ത്, നമ്മൾ ഓരോരുത്തരും നമ്മുടെ പാർട്ടിയോടും രാജ്യത്തോടും പ്രത്യേക ഉത്തരവാദിത്തം നിർവഹിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

'കോൺഗ്രസ് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല. എല്ലാവരുടെയും സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നീതിക്കും വേണ്ടി ഇന്ത്യയിലെ ജനങ്ങൾ പോരാടുന്ന സംവിധാനമാണ് ഞങ്ങൾ... മുന്നോട്ടുള്ള പാത എളുപ്പമല്ല, പക്ഷേ വിജയം നമ്മുടേതായിരിക്കുമെന്ന് എന്റെ അനുഭവം പറയുന്നു' സോണിയ അണികളോട് ഉണർത്തി.

കോൺഗ്രസ് പ്ലീനറി സമ്മേളനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. മറ്റ് പ്രതിപക്ഷ പാർട്ടികളുമായുള്ള സഖ്യം ഉൾപ്പെടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സുപ്രധാന തീരുമാനങ്ങൾ സമ്മേളനത്തിൽ എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര വമ്പൻ ജനപിന്തുണയോടെ സമാപിച്ച സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ ദിവസം, പാർട്ടിയുടെ ഉന്നത കൗൺസിലായ വർക്കിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുകയും പുതിയ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അതിലെ അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.

ശശി തരൂരിന്റെ സ്ഥാനാർഥിത്വം അടക്കമുള്ള ആഭ്യന്തര കലഹങ്ങൾക്ക് ശേഷം, സോണിയ ഗാന്ധി ഒക്ടോബറിലാണ് തന്റെ വിശ്വസ്തനായ ഖാർഗെയ്ക്ക് സംഘടനയുടെ നിയന്ത്രണം കൈമാറിയത്. ഇതോടെ 137 വർഷം പഴക്കമുള്ള പാർട്ടിയുടെ സുപ്രധാന പദവിയിൽ സമീപകാലത്ത് ഗാന്ധിയേതര കുടുംബാംഗം വന്നിരിക്കുകയാണ്.

Former Congress President Sonia Gandhi hinted at her retirement from politics at the 85th Congress Plenary Session in Raipur.

TAGS :

Next Story