'എസ്പിക്കും കോൺഗ്രസിനും ബിജെപിയെ തോൽപിക്കുന്നതിൽ ആത്മാർത്ഥതയില്ല, സഖ്യത്തിന് വാതിലുകൾ ഇപ്പോഴും തുറന്നിരിക്കുന്നു': നിലപാട് വ്യക്തമാക്കി ചന്ദ്രശേഖർ ആസാദ്
''പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനായി ഞങ്ങൾ എല്ലാ പാർട്ടികളെയും സമീപിച്ചിരുന്നു, എന്നാല്‍ അവര്‍ തള്ളുകയായിരുന്നു''

- Updated:
2026-11-22 10:58:10

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്ന കാര്യത്തിൽ സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിന് യാതൊരു ആത്മാർത്ഥതയുമില്ലെന്ന് ചന്ദ്രശേഖർ ആസാദ്. എങ്കിലും, ഭരണകക്ഷിയെ ഒറ്റക്കെട്ടായി നേരിടാൻ ഉവൈസിയോടൊപ്പം ചേര്‍ന്ന് രൂപീകരിച്ച 'സമാജിക് പരിവർത്തൻ മോർച്ച'യിലേക്ക് ഇരുപാർട്ടികൾക്കും ഇപ്പോഴും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നാഗിന എംപി കൂടിയായ ചന്ദ്രശേഖർ ആസാദ് ഇക്കാര്യങ്ങൾ പറഞ്ഞത്. മായാവതി നയിക്കുന്ന ബിഎസ്പിയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ആസാദ് സമാജ് പാർട്ടിക്കുള്ള ജനപിന്തുണ അനുദിനം വർധിച്ചുവരികയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉവൈസിയുടെ എഐഎംഐഎമ്മുമായുള്ള സഖ്യം ബിജെപിയുടെ 'ബി-ടീം' ആണെന്ന ആരോപണങ്ങളെ ആസാദ് തള്ളിക്കളഞ്ഞു. എല്ലാവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശം നൽകുന്ന ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇത്തരം പ്രസ്താവനകളെന്നും ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമാജിക് പരിവർത്തൻ മോർച്ചയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചന്ദ്രശേഖർ ആസാദിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
"പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനായി ഞങ്ങൾ എല്ലാ പാർട്ടികളെയും സമീപിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട നേതാക്കൾക്ക് ഔദ്യോഗികമായി സന്ദേശങ്ങൾ അയച്ചു. ബിജെപിയെ തടയാൻ ഒരുമിച്ച് പോരാടണമെന്ന് ഞങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ അവർക്ക് അതിന് താല്പര്യമില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പ്രത്യേക സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്. 2017ലെയും 2022ലെയും തെരഞ്ഞെടുപ്പുകൾ നമ്മൾ കണ്ടതാണ്. ബിജെപിയുടെ വോട്ട് വിഹിതം മറികടന്ന് അവരെ തോൽപ്പിക്കാൻ വലിയൊരു സഖ്യം അനിവാര്യമാണ്. അതായിരുന്നു ഞങ്ങളുടെ ആഗ്രഹവും ജനങ്ങളുടെ ആവശ്യവും. എന്നാൽ ബിജെപിയെ തടയാൻ ഈ പ്രതിപക്ഷ പാർട്ടികൾക്ക് ആഗ്രഹമില്ലാത്തതിനാൽ അതിന് സാധിച്ചില്ല''- ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
അതേസമയം പുതിയ സഖ്യത്തിന്റെ വിജയസാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയത്തിൽ ഒന്നും മുൻകൂട്ടി നിശ്ചയിക്കാന്‍ പറ്റില്ലെന്നും തങ്ങൾ കഠിനാധ്വാനം ചെയ്യുകയാണെന്നുമായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ മറുപടി.
Adjust Story Font
16
