Quantcast

അഭിഷേക് ബച്ചന്‍ പ്രയാഗ്‍രാജില്‍ മത്സരിക്കുമെന്ന അഭ്യൂഹം; പ്രതികരണവുമായി എസ്.പി

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രയാഗ്‍രാജില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി അഭിഷേക് മത്സരിക്കും എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്

MediaOne Logo

Web Desk

  • Published:

    16 July 2023 10:19 AM GMT

SP denies rumour of Abhishek Bachchan contesting from Prayagraj
X

Abhishek Bachchan

ലഖ്‌നൗ: അഭിഷേക് ബച്ചന്‍ രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രയാഗ്‍രാജില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി അഭിഷേക് മത്സരിക്കും എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് കേവലം കിംവദന്തി മാത്രമാണെന്ന് സമാജ്‌വാദി പാർട്ടിയുടെ പ്രയാഗ്‌രാജ് യൂണിറ്റ് വ്യക്തമാക്കി.

അഭിഷേകിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രയാഗ്‌രാജ് യൂണിറ്റ് പ്രതികരിച്ചു- "ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ സീറ്റില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവാണ് തീരുമാനമെടുക്കുക. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രയാഗ്‌രാജിൽ അഭിഷേകിനെ എസ്.പി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഞങ്ങൾ അങ്ങനെയൊരു നിർദേശം നൽകിയിട്ടില്ല. വാർത്ത തികച്ചും ഊഹാപോഹമാണ്"- എസ്.പി സിറ്റി പ്രസിഡന്‍റ് ഇഫ്തിക്കര്‍ ഹുസൈന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ എസ്.പി ആരംഭിച്ചിട്ടുണ്ട്. പക്ഷെ സ്ഥാനാര്‍ഥികള്‍ ആരെല്ലാമായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. സ്ഥാനാർഥി ആരായാലും എസ്.പി വിജയിക്കുമെന്ന് ഇഫ്തിക്കര്‍ ഹുസൈന്‍ അവകാശപ്പെട്ടു.

എസ്.പിയുടെ മുൻ ജില്ലാ പ്രസിഡന്റ് യോഗേഷ് ചന്ദ്ര യാദവും അഭിഷേക് ബച്ചനെ സ്ഥാനാർഥിയാക്കുമെന്ന വാർത്ത നിഷേധിച്ചു- "പ്രയാഗ്‌രാജില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജയ ബച്ചന്‍ എത്തുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ആരൊക്കെയോ പറഞ്ഞു. ഇപ്പോള്‍ അവരുടെ മകന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. പ്രതികരണം അര്‍ഹിക്കാത്ത വിഷയമാണിത്".

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് 2013ൽ ഒരു അഭിമുഖത്തിൽ അഭിഷേക് പറഞ്ഞതിങ്ങനെ- "എന്റെ മാതാപിതാക്കൾ രാഷ്ട്രീയത്തിലുണ്ട്. പക്ഷേ ഞാനില്ല. സ്‌ക്രീനിൽ രാഷ്ട്രീയക്കാരന്റെ വേഷം ഞാന്‍ ചെയ്തേക്കാം. പക്ഷേ യഥാർഥ ജീവിതത്തിൽ അതൊരു വലിയ കാര്യമാണ്. ഞാൻ ഒരിക്കലും അതിലേക്കില്ല".

1984ലാണ് അമിതാഭ് ബച്ചന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. എട്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അലഹബാദ് മണ്ഡലത്തില്‍ വിജയിച്ചു. ബോഫോഴ്സ് അഴിമതി ആരോപണങ്ങള്‍ക്കിടെ രാജിവെച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം വൈകാരികമായിരുന്നുവെന്നും അതിലെത്തിയപ്പോഴാണ് വികാരങ്ങള്‍ക്ക് അവിടെ സ്ഥാനമില്ലെന്ന് മനസ്സിലാക്കിയതെന്നും ബച്ചന്‍ പിന്നീട് പറയുകയുണ്ടായി. 2004ലാണ് ജയാ ബച്ചന്‍ എസ്.പി പ്രതിനിധിയായി ആദ്യമായി രാജ്യസഭാ എം.പിയായത്. 2012ലും 2018ലും അവര്‍ വീണ്ടും രാജ്യസഭയിലെത്തി.

Summary- The Prayagraj unit of the Samajwadi Party has described it as mere rumour, the reports that actor Abhishek Bachchan could contest the 2024 Lok Sabha polls as a Samajwadi Party (SP) candidate from Prayagraj.

TAGS :

Next Story