Quantcast

യോഗിക്കെതിരേ പ്രകോപനം; യു.പിയില്‍ എസ്.പി എം.എൽ.എയുടെ പെട്രോൾ പമ്പ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്ന് എസ്.പി എം.എൽ.എ ശാസിൽ ഇസ്‌ലാം പ്രതികരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    7 April 2022 10:21 AM GMT

യോഗിക്കെതിരേ പ്രകോപനം; യു.പിയില്‍ എസ്.പി എം.എൽ.എയുടെ പെട്രോൾ പമ്പ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു
X

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പ്രകോപന പ്രസംഗത്തിനു പിന്നാലെ എസ്.പി എം.എൽ.എയുടെ പെട്രോൾ പമ്പ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുമാറ്റി. ഭോജിപുരയിൽനിന്നുള്ള നിയമസഭാ അംഗമായ ശാസിൽ ഇസ്‌ലാമിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പാണ് ബുൾഡോസർ ഉപയോച്ച് തകർത്തത്. അനധികൃതമായി കൈയേറിയ സ്ഥലത്താണ് പമ്പ് പ്രവർത്തിച്ചിരുന്നെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ബറേലിയിൽ നടന്ന എസ്.പി ജനപ്രതിനിധികൾക്കുള്ള സ്വീകരണ ചടങ്ങിലായിരുന്നു ശാസിൽ ഇസ്‌ലാമിന്റെ വിവാദ പ്രസംഗം. അയാളുടെ(യോഗി ആദിത്യനാഥിന്റെ) വായിൽനിന്ന് ഇനി ശബ്ദം പുറത്തേക്കു വന്നാൽ, നമ്മുടെ തോക്കിൽനിന്ന് പുകയായിരിക്കില്ല, വെടിയുണ്ടയായിരിക്കും പ്രവഹിക്കുകയെന്ന് ശാസിൽ ഇസ്‌ലാം പ്രസംഗിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. വിവാദ പ്രസംഗത്തിന്റെ പേരിൽ എം.എൽ.എയ്ക്കും എസ്.പി ബറേലി ജില്ലാ വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ സക്‌സേന അടക്കം മറ്റ് നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഹിന്ദു യുവവാഹിനി ജില്ലാ പ്രസിഡന്റ് അനുജ് വർമയുടെ പരാതിയിലാണ് ബറേലി പൊലീസ് കേസെടുത്തത്. സമാധാനാന്തരീക്ഷം തകർക്കൽ(സെക്ഷൻ 504), ഭീഷണിപ്പെടുത്തൽ(506), കലാപം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ പ്രകോപനപരമായ പ്രസ്താവന നടത്തൽ(153 എ) വകുപ്പുകളാണ് ശാസിൽ ഇസ്‌ലാമിനും മറ്റ് എസ്.പി നേതാക്കൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, വിവാദ പ്രസംഗമെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയുടെ ആധികാരികത ചോദ്യം ചെയ്ത് എം.എൽ.എ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പ്രസ്താവനയെന്ന പേരിൽ ഒരു ചാനൽ പുറത്തുവിട്ട വിഡിയോ വ്യാജമായുണ്ടാക്കിയതാണെന്ന് അദ്ദേഹം പ്രതികരിച്ചു. വിഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും ശക്തമായ പ്രതിപക്ഷമെന്ന നിലയ്ക്ക് യോഗിയുടെ എല്ലാ പ്രവൃത്തികൾക്കും ബുള്ളറ്റു കണക്കെ മറുപടിയുണ്ടാകുമെന്നാണ് താൻ പ്രസംഗിച്ചതെന്നും ശാസിൽ ഇസ്‌ലാം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

Summary: Threatened Yogi Adityanath; SP MLA Shazil Imam's Petrol Pump Bulldozed

TAGS :

Next Story