Quantcast

'സോഫിയ ഖുറേഷിയെ വിമര്‍ശിച്ചത് മുസ്‍ലിമായതിനാൽ, വ്യോമിക സിങ്ങിനെ വിമര്‍ശിക്കാതിരുന്നത് രജപുത് ആണെന്ന് തെറ്റിദ്ധരിച്ച്'; എസ്‍പി നേതാവ്, വിവാദം

മൊറാദാബാദിൽ നടന്ന പരിപാടിക്കിടെയാണ് യാദവിന്‍റെ പരാമര്‍ശം

MediaOne Logo

Web Desk

  • Published:

    16 May 2025 1:25 PM IST

Ramgopal Yadav
X

ലഖ്നൗ: സോഫിയ ഖുറേഷിയെ ബിജെപി മന്ത്രി വിമർശിച്ചത് മുസ്‍ലിമായതുകൊണ്ടാണെന്നും വിങ് കമാൻഡര്‍ വ്യോമിക സിങ്ങിനെ വിമര്‍ശിക്കാതിരുന്നത് രജപുത് ആണെന്ന് തെറ്റിദ്ധരിച്ചാണെന്നും സമാജ്‍വാദി പാര്‍ട്ടി നേതാവ് രാംഗോപാൽ യാദവ്. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പത്രസമ്മേളനങ്ങളിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും സ്ഥിരസാന്നിധ്യമായിരുന്നു.

മൊറാദാബാദിൽ നടന്ന പരിപാടിക്കിടെയാണ് യാദവിന്‍റെ പരാമര്‍ശം. ''ബിജെപി മന്ത്രിമാരിൽ ഒരാൾ കേണൽ ഖുറേഷിയെ അധിക്ഷേപിച്ചു. അവർ മുസ്‍ലിമായതിനാലാണ് അങ്ങനെ ചെയ്തത്. എന്നാൽ, വ്യോമിക സിങ്ങിനേയോ, എയർ മാർഷൽ എ.കെ ഭാരതിയേയോ കുറിച്ച് മന്ത്രി അറിഞ്ഞിരുന്നുവെങ്കിൽ അവർക്കെതിരെയും വിമർശനം ഉന്നയിക്കുമായിരുന്നു.

വ്യോമിക സിങ് ഹരിയാനയിൽ നിന്നുള്ള ജാതവ് വിഭാഗക്കാരിയാണ്. ഭാരതി പൂർണിയയിൽ നിന്നുള്ള യാദവ് വിഭാഗക്കാരിയാണ്. മൂന്ന് പേരും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വ്യോമിക സിങ് രജ്പുത്ത് വിഭാഗത്തിൽ നിന്നുള്ളയാളാണെന്ന് വിചാരിച്ചാണ് ബിജെപി വിമർശനം ഉന്നയിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാമത്തെയാളെ കുറിച്ച് കൃത്യമായ വിവരം ഇല്ലാത്തതിനാലാണ് വിമർശനം ഒഴിവാക്കിയതെന്നും രാംഗോപാൽ ആരോപിച്ചു. മാനസികാവസ്ഥ മോശമാകുമ്പോൾ, സൈന്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് പറയുന്നതിന് പകരം ആളുകൾ സ്വന്തം നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുമെന്ന് എസ്‍പി എംപി പറഞ്ഞു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാദവിന്‍റെ പരാമര്‍ശത്തോട് രൂക്ഷമായാണ് പ്രതികരിച്ചത്. സായുധ സേനയുടെ യൂണിഫോം ജാതീയ കണ്ണടയിലൂടെ കാണരുതെന്നും ഓരോ സൈനികനും രാഷ്ട്രധർമം അനുഷ്ഠിക്കുന്നുവെന്നും അത് ഏതെങ്കിലും ജാതിയെയോ മതത്തെയോ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്പിയുടെ മാനസികാവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട്, പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി ദേശസ്‌നേഹത്തെ പോലും വിഭജിക്കാൻ ധൈര്യപ്പെടുന്ന അതേ ചിന്താഗതിയാണിതെന്ന് യോഗി പറഞ്ഞു. ഈ വികലമായ ജാതീയ ചിന്തക്കെതിരെ ആളുകൾ തീര്‍ച്ചയായും പ്രതികരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവര്‍ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിയെ 'ഭീകരവാദികളുടെ സഹോദരി' എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം. ''ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു'' എന്നാണ് വിജയ് ഷാ പറഞ്ഞത്.

TAGS :

Next Story