Quantcast

നാഗ്പൂർ അക്രമം: പൊലീസിനു നേരെയുള്ള ആക്രമണം ആസൂത്രിത ഗൂഢാലോചനയെന്ന് ഏക്‌നാഥ് ഷിൻഡെ, ആഞ്ഞടിച്ച് പ്രതിപക്ഷം

കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഷിൻഡെ

MediaOne Logo

Web Desk

  • Published:

    18 March 2025 9:08 AM IST

Nagpur clash
X

നാഗ്പൂര്‍: നാഗ്പൂരിൽ പൊലീസിനു നേരെയുണ്ടായ ആക്രമണം ആസൂത്രിത ഗൂഢാലോചനയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ നാഗ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂർ സെന്‍ററിലെ മഹല്‍ നപ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുലുണ്ടായത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 30ഓളം പേർക്ക് പരിക്കേറ്റു.

നാഗ്പൂരിൽ തിങ്കളാഴ്ച നടന്ന അക്രമസംഭവങ്ങളെത്തുടർന്ന് ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.ഫഡ്നാവിസ് ഭരണകൂടത്തിന്‍റെ തകര്‍ച്ചയെന്നാണ് ശിവസേന(താക്കറെ വിഭാഗം) നേതാവ് ആദിത്യ താക്കറെ വിശേഷിപ്പിച്ചത്. "സംസ്ഥാനത്തിന്‍റെ ക്രമസമാധാനം മുമ്പൊരിക്കലുമില്ലാത്തവിധം തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ജന്മനഗരമായ നാഗ്പൂരിലാണിത്," എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

"മഹാരാഷ്ട്ര സംസ്ഥാന സർക്കാർ അവരുടെ രാഷ്ട്രീയ അവസരവാദത്തിനായി സംസ്ഥാനത്തെ നശിപ്പിക്കുകയും അക്രമാസക്തമായ ഒരു സ്ഫോടനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മണ്ഡലമായ നാഗ്പൂരിൽ നിന്നാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്," എന്ന് ശിവസേനയുടെ (ഉദ്ധവ് താക്കറെ വിഭാഗം) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ജന്മനാടായ നാഗ്പൂരിലെ മഹൽ പ്രദേശത്താണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും പറഞ്ഞു. '' നാഗ്പൂർ 300 വർഷം പഴക്കമുള്ള ഒരു നഗരമാണ്. ആ 300 വർഷത്തെ ചരിത്രത്തിൽ, നാഗ്പൂരിൽ ഒരു കലാപവും നടന്നിട്ടില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് നാമെല്ലാവരും ചോദിക്കണം. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലാണ്. ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ബജ്‍റംഗ്ദളും പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ, ക്രമസമാധാനം നിലനിർത്താൻ സർക്കാർ ഒരു ക്രമീകരണവും ചെയ്തില്ലേ?'' അദ്ദേഹം ചോദിച്ചു.

"കോൺഗ്രസ് പാർട്ടിയും നമ്മളെല്ലാവരും നാഗ്പൂരിലെ ജനങ്ങളോട് സമാധാനം നിലനിർത്താൻ അഭ്യർഥിക്കുന്നു. ഒരു കളി നടക്കുകയാണ്, 300 വർഷം പഴക്കമുള്ള ചരിത്രം ഒരു വിഷയമാക്കി മാറ്റുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു. ''ഈ കളിയുടെ ഇരകളാകരുത്, സമാധാനം നിലനിർത്തുക, കാരണം അത് നമ്മുടെ താൽപ്പര്യമാണ്. ചില രാഷ്ട്രീയ പാർട്ടികൾ ആളുകളെ പ്രകോപിപ്പിക്കുകയും അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾ ഇതിൽ ഉണ്ടെന്ന് കരുതുകയും ചെയ്യുന്നു. അത്തരം രാഷ്ട്രീയം നമ്മൾ ഒഴിവാക്കണം. സമാധാനമാണ് നമുക്ക് പ്രധാനം'' അദ്ദേഹം പറഞ്ഞു.

TAGS :

Next Story