Quantcast

വീട്ടുമുറ്റത്ത് നിന്ന് തുടങ്ങി ഇന്ത്യൻ വിപണി കീഴടക്കിയ സോപ്പ് പൊടി; നിര്‍മ എന്ന ജനപ്രിയ ബ്രാന്‍ഡിനെ തകര്‍ത്തതാര്?

സാധാരണക്കാര്‍ക്ക് താങ്ങാൻ പറ്റുന്ന വിലയിൽ സോപ്പ് പൊടി അതായിരുന്നു പട്ടേലിന്‍റെ ലക്ഷ്യം

MediaOne Logo

Web Desk

  • Updated:

    2025-08-18 08:48:34.0

Published:

18 Aug 2025 2:07 PM IST

nirma washing powder
X

അഹമ്മദാബാദ്: ''നിര്‍മ...നിര്‍മ..വാഷിംഗ് പൗഡര്‍ നിര്‍മ, പാല് പോലെ വെൺമ, നിര്‍മ തൻ നൻമ, ആര്‍ക്കും പ്രിയമാകും നിര്‍മ'' ഒരു കാലത്ത് റേഡിയോയിലൂടെയും ടിവിയിലൂടെയും നമ്മളിൽ പലരും കേട്ട പരസ്യഗാനം. 80-90 കാലഘട്ടങ്ങളിൽ ഇന്ത്യൻ ഡിറ്റര്‍ജന്‍റ് വിപണിയുടെ മുഖമായിരുന്നു നിര്‍മ എന്ന ബ്രാന്‍ഡ്. അക്കാലത്ത് നിര്‍മ ഉപയോഗിക്കാത്ത വീടുകൾ പോലും ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. 'വാഷിംഗ് പൗഡര്‍ നിര്‍മ' എന്ന ജിംഗിളും താങ്ങാനാവുന്ന വിലയും ആയിരുന്നു കമ്പനിയുടെ മുഖമുദ്രയും വിജയ ഫോര്‍മുലയും.

മകളുടെ ഓര്‍മക്കായി ഗുജറാത്ത് ഗവണ്‍മെന്‍റിന്‍റെ മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി നോക്കിയിരുന്ന ഡോ. കര്‍സന്‍ഭായ് പട്ടേല്‍ തുടങ്ങിയ ബിസിനസാണ് പിന്നീട് രാജ്യാന്തര ബ്രാന്‍ഡായി മാറിയത്. സാധാരണക്കാര്‍ക്ക് താങ്ങാൻ പറ്റുന്ന വിലയിൽ സോപ്പ് പൊടി അതായിരുന്നു പട്ടേലിന്‍റെ ലക്ഷ്യം. മകളുടെ പേരായ നിരുപമയിൽ നിന്നും കണ്ടെത്തിയ നിര്‍മയുടെ പേരിൽ സ്വന്തം വീട്ടുമുറ്റത്ത് നിന്ന് അദ്ദേഹം സോപ്പ് പൊടി നിര്‍മാണം ആരംഭിക്കുകയായിരുന്നു. കുറഞ്ഞ വിലയും കൂടുതൽ ഗുണമേൻമയും ....വീട്ടമ്മമാരുടെ ഇഷ്ടങ്ങളിലേക്ക് ചേക്കേറാൻ നിര്‍മക്ക് അധികം താമസമുണ്ടായിരുന്നില്ല. ഡിറ്റര്‍ജന്‍റ് വിപണിയുടെ 60 ശതമാനവും നിര്‍മയുടെ കൈവശമായിരുന്നുവെന്ന് പറയാം. ബോളിവുഡ് നടിമാരായ ഹേമ മാലിനി, റീന റോയ്, ശ്രീദേവി, സൊണാലി ബിന്ദ്രെ എന്നിവരടക്കമുള്ള താരങ്ങളെ അണിനിരത്തിയുള്ള വിൽപന തന്ത്രങ്ങൾ നിര്‍മയെ കൂടുതൽ ജനപ്രിയമാക്കി.

തുടക്കം വീടുകൾ കയറിയിറങ്ങി കച്ചവടം

അഹമ്മദാബാദിലെ വീടിന് പുറകിലുള്ള ചെറിയ മുറിയിൽ ആയിരുന്നു ആദ്യ കാലത്ത് ഡിറ്റര്‍ജന്‍റ് പൗഡര്‍ നിർമ്മിച്ചിരുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന സോപ്പുപൊടി ഓഫീസിൽ പോകുന്നതിന് മുമ്പും പോയി വന്നതിന് ശേഷവും വീടുകൾ തോറും കയറി ഇറങ്ങി വിൽക്കും. മൂന്ന് വർഷത്തോളം ഇങ്ങനെയായിരുന്നു കച്ചവടം.

വളരെ ചെറിയ അളവിൽ മാത്രമാണ് തുടക്കത്തിൽ സോപ്പുപൊടിയുടെ ഉല്‍പാദനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് അക്കാലത്ത് ഡിറ്റര്‍ജന്‍റ് വിപണിയിലെ രാജാവായി വിലസിയിരുന്ന സര്‍ഫിനോട് ഏറ്റുമുട്ടി വിജയം നേടി. 1969ൽ ​ഹിന്ദുസ്ഥാൻ യുണിലിവറിന്റെ സർഫിന് 13 രൂപയായിരുന്നു വില. എന്നാൽ നിർമയുടെ വില വെറും 3.50 രൂപ മാത്രമായിരുന്നു. ഇത് സാധാരണക്കാർക്കിടയിൽ നിർമയുടെ ഡിമാൻഡ് കൂട്ടി.

1972 കര്‍സന്‍ഭായ് പട്ടേല്‍ മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്‍റിലെ തന്റെ ജോലി രാജി വച്ചു. അഹമ്മദാബാദിൽ ഒരു ചെറിയ കട ആരംഭിച്ച് ബിസിനസിലേക്ക് പൂർണമായും ഇറങ്ങി. അങ്ങനെ ​ഗുജറാത്തിൽ പട്ടേലിന്റെ സോപ്പുപൊടി സൂപ്പർ ഹിറ്റായി. കച്ചവടം മെച്ചപ്പെട്ടപ്പോൾ സോപ്പുപൊടിയുടെ നിർമണത്തിനും വിൽപ്പനയ്ക്കുമായി കൂടുതൽ ജോലിക്കാരെ നിയമിച്ചു. പിന്നീട് സംസ്ഥാനത്തിന് പുറത്തേയ്ക്ക് കച്ചവടം വ്യാപിപ്പിച്ചെങ്കിലും അത് ലാഭകരമായിരുന്നില്ല.എന്നാൽ ടിവി വ്യാപകമായതോടെ നിര്‍മയുടെ നല്ല കാലം ആരംഭിക്കുകയായിരുന്നു. പരസ്യത്തിന് കൂടുതൽ പണമിറക്കിയ കര്‍സന്‍ഭായ് നിർമയെ ഇന്ത്യൻ വിപണിയിൽ സുപരിചിതമാക്കി. ഇപ്പോഴും നിര്‍മ എന്ന പേര് കേൾക്കുമ്പോൾ ആ പഴയ പരസ്യ ജിംഗിൾ ആയിരിക്കും പലര്‍ക്കും ഓര്‍മ വരിക

നിര്‍മയുടെ തകര്‍ച്ച

കൊടുക്കുന്ന പണത്തിനുള്ള മൂല്യം കിട്ടുമെന്ന ഉറപ്പ്, പരസ്യം, ബോളിവുഡ് താരങ്ങൾ...തുടങ്ങിയ ബിസിനസ് തന്ത്രങ്ങളിലൂടെയായിരുന്നു നിര്‍മ എന്ന ബ്രാൻഡിനെ വിജയത്തിലേക്ക് നയിച്ചത്. എന്നാൽ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി സര്‍ഫ്, ഏരിയൽ ടൈഡ് എന്നീ ബ്രാന്‍ഡുകൾ 90 കളുടെ അവസാനത്തിലും 2000ത്തിന്‍റെ തുടക്കത്തിലുമായി വിപണയിൽ പ്രവേശിച്ചതോടെയാണ് നിര്‍മയുടെ പതനം ആരംഭിച്ചത്.

നി‌ർമയിൽ 65 ശതമാനവും വാഷിംഗ് സോഡയായിരുന്നു. ഇത് ഗുജറാത്തിലെ ലോക്കൽ മാർക്കറ്റുകളിൽ യഥേഷ്ടം ലഭ്യവുമായിരുന്നു. എന്നാൽ പൗഡറിന് കൂടുതൽ വെൺമ കിട്ടുന്നതിന് വൈറ്റ്‌നിംഗ് ഏജന്‍റോ സുഗന്ധത്തിന് മറ്റു ദ്രവ്യങ്ങളോ ചേർത്തിരുന്നുമില്ല. ഇതാണ് ശരിക്കും എതിരാളികൾക്ക് തുറുപ്പ് ചീട്ടായത്. പുതിയ ബ്രാൻഡുകൾ നൂതനമായ കറ നീക്കൽ ഫോര്‍മുലകളുമായി ഉയര്‍ന്ന നിലവാരത്തോടെയുള്ള ഉൽപന്നങ്ങൾ പുറത്തിറക്കിയപ്പോൾ പരമ്പരാഗത രീതി പിന്തുടര്‍ന്നതും നിര്‍മയുടെ പോരായ്മയായി. കാലത്തിനൊത്ത മാറ്റങ്ങൾ വരുത്താൻ നിര്‍മ തീരുമാനിച്ചപ്പോഴേക്കും എതിരാളികൾ ബഹുദൂരം പോയ്ക്കഴിഞ്ഞിരുന്നു.

TAGS :

Next Story