Quantcast

ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ പാമ്പുകടി; വിദ്യാർഥിനി മരിച്ചു, സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ജാർഖണ്ഡിലെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലുണ്ടായ സംഭവത്തിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിന് എൻഎച്ച്ആർസി നിർദേശം

MediaOne Logo

Web Desk

  • Published:

    13 July 2026 7:58 PM IST

ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ പാമ്പുകടി; വിദ്യാർഥിനി മരിച്ചു, സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ
X

ജാർഖണ്ഡിലെ ലോഹാർഡാഗ ജില്ലയിൽ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർഥിനികൾക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഒരു വിദ്യാർഥിനി മരിക്കുകയും മൂന്ന് പേർ ചികിത്സയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടൽ.

ജൂലൈ 7-നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. രാത്രി ഭക്ഷണം കഴിച്ച ശേഷം ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർഥിനികൾക്കാണ് പാമ്പുകടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്ന് വിദ്യാർഥിനികളിൽ ഒരാളുടെ നില ഗുരുതരമായതിനാൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ ജാർഖണ്ഡ് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ നിലവിലെ ആരോഗ്യനിലയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. റിപ്പോർട്ടിലുള്ള വിവരങ്ങൾ ശരിയാണെങ്കിൽ വിദ്യാർഥികളുടെ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകൾ ഉയരുന്നതായി കമ്മീഷൻ നിരീക്ഷിച്ചു.

സംഭവത്തിന് പിന്നാലെ സ്കൂൾ ഹോസ്റ്റലിലെ സുരക്ഷാ സംവിധാനങ്ങൾ, കെട്ടിടപരിസരത്തെ ശുചിത്വം, പാമ്പുകൾ കയറാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്നിവയും അധികൃതർ പരിശോധിച്ചുവരികയാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും പ്രാദേശിക ഭരണകൂടവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story