Quantcast

'ആർ.എസ്.എസ് ആട്ടിൻതോൽ അണിയാൻ ശ്രമിക്കുന്നു, മണിപ്പൂർ പ്രസ്താവന കാപട്യം'; കെ.സുധാകരൻ

''വർഗീയത പ്രചരിപ്പിക്കുന്നതിൽ ബി.ജെ.പിയും ആര്‍.എസ്.എസും തമ്മില്‍ ആരാണ് കേമനെന്ന മത്സരമാണ് ഇപ്പോൾ നടക്കുന്നത്''

MediaOne Logo

Web Desk

  • Published:

    13 Jun 2024 2:29 AM GMT

K Sudhakaran
X

കണ്ണൂർ: മണിപ്പൂർ കലാപത്തിൽ മോദിക്കെതിരെയുള്ള വിമർശനമെന്ന മട്ടിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന കാപട്യമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ.

തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കും മോദിക്കും വേണ്ടി രാജ്യത്ത് വര്‍ഗീയ മതിലുകള്‍ പണിയാന്‍ കൈമെയ്യ് മറന്ന് വേല ചെയ്തശേഷം ഇപ്പോൾ നാടിന് നേര്‍വഴി കാട്ടുന്ന രീതിയിൽ പ്രസംഗം നടത്തുന്ന ആർ.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെത് കാപട്യം മാത്രമാണ്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും അതേപടി രാജ്യത്ത് പ്രാവര്‍ത്തികമാക്കുകയാണ് നരേന്ദ്രമോദി കഴിഞ്ഞ പത്തുവർഷവും ഭരണത്തില്‍ ഇരുന്ന് കൊണ്ട് ചെയ്തത്- സുധാകരന്‍ പറഞ്ഞു.

ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെ ആരും ആടായി കാണില്ല. അത് മോഹന്‍ ഭാഗവത് തിരിച്ചറിയുന്നത് നല്ലതാണ്. വർഗീയത പ്രചരിപ്പിക്കുന്നതിൽ ബി.ജെ.പിയും ആര്‍.എസ്.എസും തമ്മില്‍ ആരാണ് കേമനെന്ന മത്സരമാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗം മാത്രമാണ് ഇപ്പോഴത്തെ ആര്‍.എസ് എസിന്റെ വിമര്‍ശനം- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സുധാകരന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കും മോദിക്കും വേണ്ടി രാജ്യത്ത് വര്‍ഗീയ മതിലുകള്‍ പണിയാന്‍ കൈമെയ്യ് മറന്ന് വേല ചെയ്തശേഷം ഇപ്പോൾ നാടിന് നേര്‍വഴി കാട്ടുന്ന രീതിയിൽ പ്രസംഗം നടത്തുന്ന ആർ.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെത് കാപട്യം മാത്രമാണ്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും അതേപടി രാജ്യത്ത് പ്രാവര്‍ത്തികമാക്കുകയാണ് നരേന്ദ്രമോദി കഴിഞ്ഞ പത്തുവർഷവും ഭരണത്തില്‍ ഇരുന്ന് കൊണ്ട് ചെയ്തത്.

തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മുസ്ലീം മതവിഭാഗങ്ങളെ മാത്രം ഉന്നം വെച്ചുള്ള പ്രധാനമന്ത്രിയുടെ വര്‍ഗീയ പ്രസംഗം ഉണ്ടായപ്പോഴും സിഎഎ നിയമം നടപ്പാക്കിയപ്പോഴും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ തീറെഴുതിയപ്പോഴും കര്‍ഷകരും പിന്നോക്ക വിഭാഗങ്ങളും നീതിക്കായി തെരുവിലിറങ്ങിയപ്പോഴും എല്ലാം കടുത്ത മൗനത്തിലായിരുന്ന ആര്‍എസ്എസ് മേധാവി ഇപ്പോള്‍ തിരുത്തല്‍ശക്തിയെന്ന വ്യാജേന നടത്തുന്ന ജല്പനങ്ങൾ ബിജെപിയോടുള്ള വിഭാഗീയതയുടെ ഭാഗം മാത്രമാണ്.

കഴിഞ്ഞ പത്തുകൊല്ലവും എന്‍ ഡി എ യുടെ ഭരണം സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ നിലപാടുകളില്‍ ഊന്നിയായിരുന്നു. വർഗീയത പ്രചരിപ്പിക്കുന്നതിൽ ബി ജെ പി യും ആര്‍ എസ് എസും തമ്മില്‍ ആരാണ് കേമനെന്ന മത്സരമാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗം മാത്രമാണ് ഇപ്പോഴത്തെ ആര്‍ എസ് എസിന്റെ വിമര്‍ശനം. അത് താല്‍ക്കാലിക പ്രതിഭാസം മാത്രം. ആര്‍ എസ് എസിന്റെ തണല്‍ ആവശ്യമില്ലെന്ന ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ നിലപാടിനെതിരായ പ്രത്യാക്രമണമാണിതെല്ലാം. അതുകൊണ്ട് തന്നെ ആര്‍ എസ് എസ് നിലപാടില്‍ തെല്ലും ആത്മാര്‍ത്ഥത പ്രതീക്ഷിക്കേണ്ടതില്ല.

ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെ ആരും ആടായി കാണില്ല. അത് മോഹന്‍ ഭാഗവത് തിരിച്ചറിയുന്നത് നല്ലതാണ്. 2023 മേയ് മാസത്തിൽ മണിപ്പൂരിൽ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അവിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ കാര്യമായ ഇടപെടല്‍ നടത്താത്ത ആര്‍ എസ് എസാണ് ഇപ്പോള്‍ മണിപ്പൂരിനെ ഓർത്ത് വിലപിക്കുന്നത്.

ഇരുവിഭാഗങ്ങളുടെ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും 200 ലധികം പേരാണ് കൊല്ലപ്പെട്ടത്. വീടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അഗ്നിക്കിരയായി. ഇതോടെ നിരവധി പേര്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്‌തു. ഇതിന്റെയൊന്നും കൃത്യമായ കണക്ക് പോലും സർക്കാരിന്റെ പക്കലില്ല. ഇപ്പോൾ ചാരിത്ര്യ പ്രസംഗം നടത്തുന്ന ആർഎസ്എസ് മേധാവി ക്രിസ്ത്യൻ വിഭാഗങ്ങളെ കൂട്ടക്കുരുതി നടത്തിയപ്പോൾ എവിടെയായിരുന്നു? തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടു നിൽക്കുമ്പോൾ, ഇപ്പോഴുണ്ടായ മനംമാറ്റം ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ഗിമ്മിക്കുകള്‍ മാത്രമാണ്.

അടിസ്ഥാനപരമായ വര്‍ഗീയ ആശയങ്ങളും നിലപാടുകളും ഉപേക്ഷിക്കാതെ ഇപ്പോള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് തുടങ്ങിയെന്ന ഭയപ്പാടില്‍ നിന്നുകൂടി ഉരിത്തിരിഞ്ഞതാണ്. ദേശീയബോധമുള്ള ജനതയെ എല്ലാക്കാലവും പറ്റിക്കാനാവില്ലെന്ന് ബിജെപിയും ആര്‍എസ്എസും ജനവിധിയുടെ പശ്ചാത്തലത്തില്‍ തിരിച്ചറിയുന്നതായിരിക്കും ഉചിതം''

TAGS :

Next Story