'സുന്ദർ പിച്ചൈ തമിഴ്നാട്ടുകാരന്‍, പക്ഷേ ഗൂഗിൾ എഐ ഹബ് ആന്ധ്രാപ്രദേശിലേക്ക്': സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐഡിഎംകെ
സംസ്ഥാനത്തിന് സാധ്യതയുള്ള നിക്ഷേപങ്ങൾ നഷ്ടപ്പെടുത്തുക മാത്രമല്ല, മേഖലയിലെ തൊഴിൽ സാധ്യതകളെയും സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും വിമര്‍ശനം

സുന്ദര്‍ പിച്ചൈ,തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ photo| special arrangement
ചെന്നൈ:എഐ ഇൻഫ്രാസ്ട്രക്ചർ ഹബ് തമിഴ്നാടിന് നഷ്ടപ്പെടുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എഐഎഡിഎംകെ.ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തമിഴ്നാട്ടുകാരനാണെങ്കിലും എഐ ഇൻഫ്രാസ്ട്രക്ചർ ഹബ് സ്ഥാപിക്കാൻ ഗൂഗിളിനെ ക്ഷണിക്കുന്നതിൽ ഡിഎംകെ പരാജയപ്പെട്ടുവെന്ന് എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ വിമര്‍ശിച്ചു.
ഡിഎംകെ സർക്കാരിന്റെ നിഷ്ക്രിയത്വം കാരണം എഐ ഇൻഫ്രാസ്ട്രക്ചർ ഹബ് പദ്ധതി ആന്ധ്രാപ്രദേശിലേക്ക് പോയെന്നും ഉദയകുമാർ പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കേണ്ട നിക്ഷേപവും സാങ്കേതിക പുരോഗതിക്കുമുള്ള അവസരവും ഇതുവഴി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"സുന്ദർ പിച്ചൈ ഒരു തമിഴനായിരുന്നിട്ടും, തമിഴ്‌നാട്ടിൽ തങ്ങളുടെ എഐ ഇൻഫ്രാസ്ട്രക്ചർ ഹബ് സ്ഥാപിക്കാൻ ഗൂഗിളിനെ ക്ഷണിക്കുന്നതിൽ ഡിഎംകെ പരാജയപ്പെട്ടു," ഉദയകുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വം കാരണം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി ആന്ധ്രാപ്രദേശിന് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെടുന്നത് സംസ്ഥാനത്തിന് സാധ്യതയുള്ള നിക്ഷേപങ്ങൾ നഷ്ടപ്പെടുത്തുക മാത്രമല്ല, മേഖലയിലെ തൊഴിൽ സാധ്യതകളെയും സാങ്കേതിക പുരോഗതിയെയും ബാധിക്കുമെന്ന് എഐഎഡിഎംകെ നേതാവ് പറഞ്ഞു.
വിശാഖപട്ടണത്തെ എഐ ഹബ്ബിൽ ഗൂഗിൾ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഗൂഗിൾ ക്ലൗഡ് ഗ്ലോബൽ സിഇഒ തോമസ് കുര്യൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കമ്പനിയുടെ ഏറ്റവും വലിയ എഐ, ഡാറ്റാ സെന്റർ ഹബ് സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്.
AI ഹബ്ബിന് പുറമേ, ഗൂഗിൾ ക്ലൗഡ് വിശാഖപട്ടണത്തെ ഒരു പ്രധാന ആഗോള കണക്റ്റിവിറ്റി ഹബ്ബാക്കി മാറ്റാനും പദ്ധതിയുണ്ട്. പദ്ധതി വരുന്നതോടെ വിശാഖപട്ടണം ഇന്ത്യയുടെ നിർണായക ഡിജിറ്റൽ ഹബായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. മെഗാ ഡാറ്റാ സെന്ററിനായി ഗൂഗിൾ-ആന്ധ്രപ്രദേശ് സർക്കാർ ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.
പദ്ധതി സാധ്യമാക്കാന്‍ സഹായിച്ച പ്രധാനമന്ത്രി, ധനകാര്യ മന്ത്രി,കേന്ദ്ര ഐടി മന്ത്രി എന്നിവര്‍ക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നന്ദി പറഞ്ഞു. ഞാൻ ഗൂഗിളിന്റെ വലിയ ആരാധകനാണ്.ഞാൻ മൈക്രോസോഫ്റ്റിനെ ഹൈദരാബാദിലേക്ക് കൊണ്ടുവന്നു, ഇന്ന്, ഗൂഗിൾ വിശാഖപട്ടണത്തേക്ക് വന്നു, ഞങ്ങൾ വളരെ സന്തുഷ്ടരാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
Adjust Story Font
16

