'ഏക സിവിൽ കോഡാണ് പരിഹാരം': മുസ്‌ലിം പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രിംകോടതി
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്

- Updated:
2026-03-10 11:58:22.0

ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവിൽ കോഡിനായി രംഗത്ത് എത്തി സുപ്രിംകോടതി. മുസ്‌ലിം സ്ത്രീകൾക്ക് അനന്തരാവകാശത്തിൽ തുല്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന നിര്‍ദേശം സുപ്രിംകോടതി മുന്നോട്ടുവെച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വ്യക്തിനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന് വാദത്തിനിടെ ബെഞ്ച് ചോദിച്ചു.
വ്യക്തിനിയമങ്ങൾ അസാധുവാക്കി ഒരു ശൂന്യത സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്, അത് നിയമനിർമ്മാണ സഭയുടെ വിവേകത്തിന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും ഏക സിവിൽ കോഡിനായി സഭയ്ക്ക് ഒരു നിയമം കൊണ്ടുവരാൻ സാധിക്കുമെന്നും ജസ്റ്റിസ് ബാഗ്ച്ചി പറഞ്ഞു. ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ഈ കോടതി ഇതിനകം ശിപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ബാഗ്ചിയുടെ അഭിപ്രായത്തെ പിന്തുണച്ച ചീഫ് ജസ്റ്റിസ്, ഏക സിവിൽ കോഡാണ് ഇതിനുള്ള ഉത്തരമെന്നും വ്യക്തമാക്കി.
വ്യക്തിനിയമങ്ങളെ ഭരണഘടനാപരമായ പരിശോധനകൾക്ക് വിധേയമാക്കാൻ കഴിയില്ലെന്ന ബോംബെ ഹൈക്കോടതിയുടെ 'നരസു അപ്പ മാലി' വിധിന്യായത്തെയും ജസ്റ്റിസ് ബാഗ്ചി പരാമർശിച്ചു.
ശരീഅത്ത് പിന്തുടർച്ചാവകാശ നിയമം കോടതി റദ്ദാക്കിയാൽ, മുസ്‌ലിം പിന്തുടർച്ചാവകാശം നിയന്ത്രിക്കുന്നതിനാവശ്യമായ നിയമപരമായ ചട്ടങ്ങൾ ഇല്ലാത്തത് പ്രശ്നമാകില്ലേ എന്ന് ബെഞ്ച് ചോദിച്ചു. എന്നാല്‍ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുമെന്നാണ് ഹരജിക്കാര്‍ക്ക് വേണ്ടി വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ മറുപടി നൽകിയത്. മുസ്‌ലിം സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ സ്വത്തവകാശത്തിന് അർഹതയുണ്ടെന്ന് കോടതിക്ക് പ്രഖ്യാപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച 2017ലെ സൈറ ബാനു കേസിലെ സുപ്രിംകോടതി വിധി ഭൂഷൺ ചൂണ്ടിക്കാട്ടി. സൈറ ബാനു കേസിലെ വിധിക്ക് ശേഷവും മുസ്‌ലിം സ്ത്രീകൾക്ക് മുസ്‌ലിം പുരുഷന്മാരുടേതിന് തുല്യമായ അവകാശങ്ങൾ ലഭിക്കാത്ത ഒരു സാഹചര്യം ഇനി രാജ്യത്ത് നിലനിൽക്കാൻ പാടില്ലെന്നും കോടതിക്ക് ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25ന്റെ സംരക്ഷണം പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങൾക്ക് ലഭിക്കില്ലെന്ന് ഭൂഷൺ വാദിച്ചു. പിന്തുടർച്ചാവകാശം സിവിൽ അവകാശമാണെന്നും, അതിന് മതപരമായ ഒഴിച്ചുകൂടാനാവാത്ത ആചാരമായി അവകാശപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.
ശരീഅത്ത് പിന്തുടർച്ചാവകാശ നിയമങ്ങൾ റദ്ദാക്കപ്പെട്ടാൽ പകരം എന്ത് പരിഹാരങ്ങളാണ് വേണ്ടതെന്ന നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഹർജി ഭേദഗതി ചെയ്യാൻ കോടതി ഭൂഷനോട് ആവശ്യപ്പെട്ടു. കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.
Adjust Story Font
16
