Quantcast

അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിന്റെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

ശിവസേന തലങ്കാന വിഭാഗം പ്രസിഡന്റ് തിരുപ്പതി നരഷിമ മുരാരിയാണ് ഹരജിക്കാരൻ

MediaOne Logo

Web Desk

  • Updated:

    2025-07-15 11:38:54.0

Published:

15 July 2025 5:05 PM IST

അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിന്റെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ (എഐഎംഐഎം)അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ ഇതെ ആവശ്യം ഉന്നയിച്ചുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ശിവസേനയുടെ തെലങ്കാന വിഭാഗം പ്രസിഡന്റ് തിരുപ്പതി നരഷിമ മുരാരി സുപ്രിംകോടതിയെ സമീപിച്ചത്. എഐഎംഐഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) നിർദ്ദേശം നൽകണമെന്നായിരുന്നു ആവശ്യം.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29A യിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ എഐഎംഐഎം പാലിക്കുന്നില്ലെന്നും പാര്‍ട്ടിയുടെ ഭരണഘടന മുസ്‌ലിം വിഭാഗത്തിന്റെ ഉന്നമനം മാത്രം ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണെന്നും അത് മതേതരത്വത്തിന്റെ തത്വങ്ങൾക്ക് എതിരാണെന്നും അതിനാൽ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ വകുപ്പ് പ്രകാരം പാർട്ടിക്ക് അംഗീകാരം നൽകാൻ കഴിയില്ലെന്നുമാണ് ഹരജിക്കാരന്റെ വാദം.

അതേസമയം ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് ചില അവകാശങ്ങൾ നൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് കാന്ത് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കായി പ്രവർത്തിക്കുമെന്ന് എഐഎംഐഎമ്മിന്റെ ഭരണഘടന പറയുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധിയില്‍ സുപ്രിംകോടതി ഇടപെട്ടില്ല. അതേസമയം ഒരു രാഷ്ട്രീയക്കാരന്‍ വര്‍ഗീയ നിലപാടുകളുമായി മുന്നോട്ടുപോയാല്‍ ഹരജിക്കാരന് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ വർഗീയ പ്രസ്താവനകൾ നടത്തുന്ന വിഷയത്തിൽ ഒരു ഹരജി ഫയൽ ചെയ്യാനും ബെഞ്ച് നിർദ്ദേശിച്ചു.

TAGS :

Next Story