Quantcast

പാക് കലാകാരന്മാരെ ഇന്ത്യയിൽ വിലക്കണമെന്ന ഹരജി തള്ളി സുപ്രിംകോടതി; 'ഇത്ര ഇടുങ്ങിയ മാനസികാവസ്ഥ കാട്ടരുത്'

പാക് കലാകാരന്മാർ ഇന്ത്യയിലേക്ക് വരുന്നത് ഇന്ത്യൻ കലാകാരന്മാരുടെ അവസരം കുറയ്ക്കുമെന്നായിരുന്നു ഇയാളുടെ ഒരു വാദം.

MediaOne Logo

Web Desk

  • Published:

    28 Nov 2023 1:14 PM GMT

Supreme Court dismisses plea to ban Pakistani artists from working in India
X

ന്യൂഡൽഹി: പാകിസ്താനി കലാകാരന്മാരെ ഇന്ത്യയിൽ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. ഫായിസ് അൻവർ ഖുറേഷി എന്ന സിനിമാപ്രവർത്തകന്റെ ഹരജിയാണ് കോടതി തള്ളിയത്. ഇത്രയേറെ ഇടുങ്ങിയ മാനസികാവസ്ഥ കാട്ടരുതെന്ന് ഹരജിക്കാരനോട് കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

പാക് കലാകാരന്മാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് വിലക്കിയും അവർക്ക് യാത്രാ വിസ നിരോധിച്ചും വിജ്ഞാപനം പുറപ്പെടുവിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്- വിദേശകാര്യ- ആഭ്യന്തര മന്ത്രാലയങ്ങൾക്ക് നിർദേശം നൽകണമെന്ന് ഖുറേഷി ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ചൂണ്ടിക്കാട്ടിയുള്ള ഇയാളുടെ ഹരജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇയാൾ സുപ്രിംകോടതിയെ സമീപിച്ചത്.

അഭിനേതാക്കൾ, ഗായകർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ പാകിസ്താൻ കലാകാരന്മാർക്കൊപ്പം പ്രവർത്തിക്കുന്നതിൽ നിന്ന് എല്ലാ ഇന്ത്യൻ പൗരന്മാരെയും കമ്പനികളെയും അസോസിയേഷനുകളേയും വിലക്കണമെന്നും ഇയാൾ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ സിനിമ മേഖലയിൽ പാകിസ്താൻ കലാകാരന്മാർക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും എന്നാൽ, പാകിസ്താനിൽ ഇന്ത്യൻ കലാകാരന്മാർക്ക് പ്രവർത്തിക്കാൻ അവസരമില്ലാത്തതും വിവേചനപരമാണെന്നായിരുന്നു ഇയാളുടെ വാദം. പാക് കലാകാരന്മാർ ഇന്ത്യയിലേക്ക് വരുന്നത് ഇന്ത്യൻ കലാകാരന്മാരുടെ അവസരം കുറയ്ക്കുമെന്നും ഇയാൾ വാദിച്ചു.

ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്താൻ ടീമിന് അനുവാദം നൽകിയാൽ ഈ അവസരം ദുരുപയോഗം ചെയ്ത് പാകിസ്താനിൽ നിന്നുള്ള കലാകാരന്മാരും പാട്ടുകാരും ഇന്ത്യയിലെത്തുമെന്നും ഇത് ഇന്ത്യൻ കലാകാരന്മാരുടെ തൊഴിലവസരങ്ങളെ ബാധിക്കുമെന്നും ഇയാൾ ഹരജിയിൽ അവകാശപ്പെട്ടിരുന്നു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം നിരവധി ഇന്ത്യൻ സിനിമാ സംഘടനകൾ പാക് കലാകാരന്മാരെ വിലക്കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എം.എൻ.എസ്) സിനിമവിഭാഗം പാക് കലാകാരന്മാരെ പങ്കെടുപ്പിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.

എന്നാൽ, ഇത്തരമൊരു വാദമുന്നയിച്ച് വരരുതായിരുന്നെന്നും ഇത്ര ഇടുങ്ങിയ മാനസികാവസ്ഥ കാണിക്കരുതെന്നും കോടതി തുറന്നടിക്കുകയും ഹരജി തള്ളുകയുമായിരുന്നു. നേരത്തെ, ദേശഭക്തി കാണിക്കേണ്ടത് ഇങ്ങനെയല്ലെന്നാണ് ഹരജി തള്ളി ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്.

TAGS :

Next Story