അസമിലെ വ്യാജ ഏറ്റുമുട്ടലുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോടാണ് പുനരന്വേഷണം നടത്താൻ നിർദേശം നൽകിയത്.

ന്യൂഡല്‍ഹി: അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി.
അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളിൽ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്. 2022മുതലുള്ള കേസിലാണ് പുനരന്വേഷണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോടാണ് പുനരന്വേഷണം നടത്താൻ നിർദേശം നൽകിയത്. ഫോറൻസിക് സഹായങ്ങൾ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് നിർദ്ദേശവും നൽകി.
ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്താൻ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ അഭിഭാഷകൻ ആരിഫ് യെസിൻ ജ്വാഡർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ഇരയുടെ മേൽ അമിതമായതോ നിയമവിരുദ്ധമായതോ ആയ ബലപ്രയോഗം അധികാരികൾ നടത്തുന്നത് നിയമവിധേയമാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് വർഷത്തിനിടെ, രക്ഷപ്പെട്ട കുറ്റവാളികളിൽ 10 ശതമാനം പേർക്ക് മാത്രമേ പൊലീസ് നടപടികളിൽ പരിക്കേറ്റിട്ടുള്ളൂവെന്നും ഇത് സ്വയം പ്രതിരോധം എന്ന നിലയ്ക്കായിരുന്നുവെന്നുമാണ് അസം സര്‍ക്കാറിന്റെ വാദം.
Adjust Story Font
16

