Quantcast

മഹുവാ മൊയ്‌ത്രയെ പുറത്താക്കൽ; ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രിംകോടതി നോട്ടീസ്

എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചട്ടവിരുദ്ധമെന്ന ഹരജിയിലാണ് നോട്ടീസ്.

MediaOne Logo

Web Desk

  • Updated:

    2024-01-03 10:35:34.0

Published:

3 Jan 2024 10:33 AM GMT

Supreme Court Issues Notice To Lok Sabha Secretary General in Mahua Moitra Expulsion
X

ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരായ മുൻ തൃണമൂൽ എം.പി മഹുവാ മൊയ്‌ത്രയുടെ ഹരജിയിൽ ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രിംകോടതി നോട്ടീസ്. എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചട്ടവിരുദ്ധമെന്ന ഹരജിയിലാണ് നോട്ടീസ്.

രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വാദം കേൾക്കാനായി ഹരജി മാർച്ച് 11ലേക്ക് മാറ്റി. തന്നെ പുറത്താക്കാൻ എത്തിക്‌സ് പാനലിന് അധികാരമില്ലെന്ന് മഹുവ മൊയ്‌ത്ര ഹരജിയിൽ പറഞ്ഞിരുന്നു. ബിസിനസുകാരനിൽ നിന്ന് താൻ പണം സ്വീകരിച്ചതിന് തെളിവുകളില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

ബിജെപി എം.പി നിഷികാന്ത് ദുബെയുടെയും ജയ് അനന്ത് ദേഹാദ്രായിയുടേയും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് അതെന്നും അവർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യത്തിന് കോഴ ആരോപണത്തിൽ, ഡിസംബർ എട്ടിനാണ് തൃണമൂൽ എം.പി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻമേൽ ശബ്ദവോട്ടോടെയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.

എന്നാൽ, ഹിരാനന്ദാനിയെയും ദേഹാദ്രായിയെയും ക്രോസ് വിസ്താരം ചെയ്യാൻ അനുവദിച്ചില്ലെന്ന് മഹുവ പറഞ്ഞിരുന്നു. സ്വന്തം ഭാഗം വിശദീകരിക്കാൻ അനുമതി നൽകാതെയായിരുന്നു പുറത്താക്കൽ. ഇതു സംബന്ധിച്ച എത്തിക്‌സ് കമ്മിറ്റി പാനൽ റിപ്പോർട്ടിൽ മഹുവയ്ക്ക് സംസാരിക്കാൻ സമയം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർല വഴങ്ങിയില്ല.

എത്തിക്‌സ് പാനലിന്റെ തീരുമാനം തെളിവില്ലാതെയാണെന്ന് പാർലമെന്റിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കവെ മഹുവ പറഞ്ഞിരുന്നു. ചോദ്യത്തിന് കാശ് വാങ്ങി എന്ന് പാനലിന് കണ്ടെത്താനായിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇത് ബിജെപിയുടെ അവസാനമാണ്. അടുത്ത മുപ്പതു വർഷം പാർലമെന്റിന് അകത്തും പുറത്തും ബിജെപിയുമായി പൊരുതുമെന്നും അവർ കൂട്ടിച്ചേർത്തു.

നരേന്ദ്രമോദി സർക്കാറിനെ വിമർശിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടു കോടി രൂപയും വില കൂടിയ സമ്മാനങ്ങളും മഹുവ വാങ്ങിയെന്നാണ് ആരോപണം. ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാൻ ഇയാൾക്ക് പാർലമെന്റ് വെബ്‌സൈറ്റിലെ രഹസ്യ അക്കൗണ്ട് വിവരങ്ങൾ കൈമാറിയെന്നും ആരോപണമുണ്ട്.




TAGS :

Next Story