Quantcast

'താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും അധ്വാനം ആലോചിക്കൂ, സിനിമ നല്ലതാണോയെന്ന് പ്രേക്ഷകർ വിലയിരുത്തട്ടെ'; കേരള സ്‌റ്റോറിയിൽ സുപ്രിംകോടതി

ദി കേരള സ്റ്റോറിക്ക് സിബിഎഫ്‌സി സർട്ടിഫിക്കേഷൻ നൽകിയത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദിയുടെ ആവശ്യം തള്ളിയത്.

MediaOne Logo

Web Desk

  • Published:

    4 May 2023 11:39 AM GMT

the kerala story_supreme court
X

ഡൽഹി: വിവാദ ചിത്രമായ ദി കേരള സ്റ്റോറിക്ക് സിബിഎഫ്‌സി സർട്ടിഫിക്കേഷൻ നൽകിയത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു. കേരള ഹൈക്കോടതിയെ സമീപിക്കാൻ ഹരജിക്കാരോട് കോടതി നിർദേശിച്ചു. സെൻസർ ബോർഡ് ആണ് സിനിമ പുറത്തിറക്കാൻ അനുവാദം നൽകിയത്. കേരള ഹൈക്കോടതി റിലീസ് സ്റ്റേ ചെയ്യാൻ തയ്യാറായില്ല. ഹരജി പരിഗണിക്കില്ലെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദിയുടെ ആവശ്യം തള്ളിയത്.

റിലീസാകുന്ന തീയതിക്ക് മുൻപ് അടിയന്തര വാദം കേൾക്കണമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ഇന്ന് വാദം കേൾക്കാൻ ഒരു ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാൽ, ബെഞ്ച് രൂപീകരിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചതായി ഹുസേഫ അഹമ്മദി സുപ്രിംകോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി വേനൽക്കാല അവധിയിലാണെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും സുപ്രിംകോടതി ഇത് തള്ളുകയായിരുന്നു. സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കേഷൻ കണക്കിലെടുത്ത് സിനിമയുടെ ഇടക്കാല സ്റ്റേ നിരസിക്കാൻ ഹൈക്കോടതി മെയ് 2 ന് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

അഭിനേതാക്കളുടെയും നിർമാതാക്കളുടെയും അധ്വാനമുണ്ട് സിനിമയിൽ. ചിത്രം നിരോധിക്കണമെന്ന് പറയുമ്പോൾ അതിനെ കുറിച്ചൊക്കെ ചിന്തിക്കണം. വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സിനിമ എങ്ങനെയുള്ളതാണെന്ന് റിലീസിന് ശേഷം പ്രേക്ഷകർ വിലയിരുത്തുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

'ദി കേരള സ്റ്റോറി'ക്കെതിരായ ഹരജികൾ ഉടൻ തന്നെ പരിഗണിക്കണമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.തുടർന്ന് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്‌തെങ്കിലും അവധിക്കാല ജഡ്ജി ഹരജി പരിഗണിക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്.

ടീസർ കണ്ട് മാത്രം കേരള സ്‌റ്റോറി സിനിമയെ വിമർശിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ തന്നെ ചില ഭാഗങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സെൻസർബോർഡിനെതിരായ ആരോപണം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.സിനിമ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം.

TAGS :

Next Story