Quantcast

'ഇന്ത്യയിൽ നിയമവാഴ്ചയാണുള്ളത്, ബുൾഡോസർ നീതിയല്ല'; ചീഫ് ജസ്റ്റിസ് ഗവായ്

''എല്ലാ സാഹചര്യത്തിലും യോജിക്കുന്ന ഒരൊറ്റ ഫോർമുലയായി നിയമവാഴ്ചയെ പരിഗണിക്കാനാവില്ല. ഓരോ സമൂഹത്തിനും അതിന്റേതായ പാരമ്പര്യവും കാഴ്ചപ്പാടുകളുമുണ്ട്''

MediaOne Logo

Web Desk

  • Published:

    4 Oct 2025 2:13 PM IST

ഇന്ത്യയിൽ നിയമവാഴ്ചയാണുള്ളത്, ബുൾഡോസർ നീതിയല്ല; ചീഫ് ജസ്റ്റിസ് ഗവായ്
X

ന്യൂഡല്‍ഹി: ഇന്ത്യൻ നിയമവ്യവസ്ഥ ബുൾഡോസർ നീതിയില്ല, നിയമ വാഴ്ചയിൽ അധിഷ്ഠിതമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. മൗറീഷ്യസ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘‘ഒരു കാര്യം നിയമവിധേയമാക്കിയതുകൊണ്ടുമാത്രം നീതികിട്ടിയെന്ന് പറയാനാകില്ലെന്നതിന് ചരിത്രത്തിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അടിമത്തം മുതൽ ആദിവാസികളെ ലക്ഷ്യമിട്ടുള്ള കൊളോണിയൽ നിയമങ്ങൾവരെ അതിന് ഉദാഹരണമാണ്.

നിയമവാഴ്ചയെന്നത് ഒരുകൂട്ടം നിയമങ്ങൾ മാത്രമല്ല, തുല്യതയും അന്തസ്സും ഉയർത്തിപ്പിടിക്കാനും വ്യത്യസ്തവും സങ്കീർണവുമായ സമൂഹത്തിൽ ഭരണത്തിന് മാർഗനിർദേശമേകാനുമുള്ള ധാർമികമായ ചട്ടക്കൂടാണതെന്നും’’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടെ വീടുകൾ തകർത്തുകളയുന്ന ‘ബുൾഡോസർ നീതി’ക്കെതിരേ 2024ൽ താനിറക്കിയ വിധിയതിന് ഉദാ​ഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

'ഭരണകൂടത്തിന് ജഡ്ജിയുടെ ജോലി നിർവഹിക്കാനാവില്ല. ഇന്ത്യൻ നിയമവ്യവസ്ഥ ബുൾഡോസർ നീതിയിലല്ല, നിയമവാഴ്ചയിൽ അധിഷ്ഠിതമാണ്. എല്ലാ സാഹചര്യത്തിലും യോജിക്കുന്ന ഒരൊറ്റ ഫോർമുലയായി നിയമവാഴ്ചയെ പരിഗണിക്കാനാവില്ല. ഓരോ സമൂഹത്തിനും അതിന്റേതായ പാരമ്പര്യവും കാഴ്ചപ്പാടുകളുമുണ്ട്' -ഗവായ് പറഞ്ഞു.

TAGS :

Next Story