Quantcast

'വാര്‍ത്തകൾ നീക്കം ചെയ്യാൻ മാധ്യമങ്ങളോട് പറയേണ്ടത് കോടതിയുടെ ജോലിയല്ല'; എഎൻഐ കേസിലെ ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി

ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2025-05-09 08:45:31.0

Published:

9 May 2025 2:11 PM IST

Supreme Court
X

ഡൽഹി: വാര്‍ത്താ ഏജൻസിയായ എഎൻഐക്കെതിരെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാന കോശമായ വിക്കിപീഡിയ നൽകിയ അപകീർത്തികരമായ വിവരണം നീക്കം ചെയ്യണമെന്നുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് ഉത്തരവ്. മാധ്യമങ്ങളോട് എന്ത് പ്രസിദ്ധീകരിക്കണമെന്നും എന്ത് ഒഴിവാക്കണമെന്നും പറയേണ്ടത് കോടതിയുടെ ജോലിയല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.

എഎന്‍ഐ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രചാരകരാണെന്ന് പരാമര്‍ശിക്കുന്ന പേജ് 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ ഡൽഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഒരു വാര്‍ത്താ ഏജന്‍സിയെ ഒരു ഇന്‍റലിജന്‍സ് ഏജന്‍സിയുടെ കളിപ്പാവയെന്നോ സര്‍ക്കാരിന്‍റെ പിടിവള്ളിയെന്നോ വിളിക്കുന്നതിനേക്കാള്‍ മോശമായ മറ്റൊന്നുമില്ലെന്നും ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ വിക്കിമീഡിയ ഫൗണ്ടേഷൻ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിലാണ് കോടതി ഉത്തരവ്.

''പൊതുസ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ പൊതുജനങ്ങളുടെ നിരീക്ഷണത്തിനും സംവാദത്തിനും തുറന്നിരിക്കണം. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ പോലും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ചർച്ച ചെയ്യാമെന്നും'' ബെഞ്ച് വ്യക്തമാക്കി. "പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ നീക്കം ചെയ്യാൻ മാധ്യമങ്ങളോട് പറയേണ്ടത് കോടതിയുടെ ചുമതലയല്ല. ജനാധിപത്യത്തിന്‍റെ അടിസ്ഥാന തൂണുകളാണ് ജുഡീഷ്യറിയും മാധ്യമങ്ങളും. ഒരു ലിബറൽ ജനാധിപത്യം അഭിവൃദ്ധിപ്പെടണമെങ്കിൽ, രണ്ടും പരസ്പരം പൂരകമാകണം," ജസ്റ്റിസ് ഭൂയാൻ വിധിന്യായത്തിൽ നിന്ന് വ്യക്തമാക്കി. ജുഡീഷ്യൽ പ്രവർത്തനത്തിലെ സുതാര്യത എന്ന ജനാധിപത്യ തത്വത്തെ ഊന്നിപ്പറയുകയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തടയുന്നതിനെതിരെ ബെഞ്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷമാണ് അപകീർത്തികരമായ വിവരണം നൽകിയെന്നാരോപിച്ച് വിക്കിപീഡിയക്കെതിരെ എഎൻഐ ഡൽഹി ഹൈക്കോടതിയിൽ രണ്ടുകോടിയുടെ മാനനഷ്ടക്കേസ് നൽകിയത്. 'നിലവിലുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രചാരണ ഉപകരണമായി പ്രവർത്തിക്കുകയും വ്യാജവാർത്തകൾ നൽകിയതിനും സംഭവങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതിനും വാർത്താ ഏജൻസി നിരവധി തവണ വിമർശിക്കപ്പെട്ടു' എന്നായിരുന്നു എഎൻഐക്കക്കുറിച്ച് വിക്കിപീഡിയ വിവരണം നൽകിയത്.

2023 ജൂലൈ 20 ന്, 2023 മണിപ്പൂർ അക്രമത്തിനിടെ രണ്ട് കുക്കി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ എഎൻഐ മുസ്‍ലിംകളെയാണ് കുറ്റപ്പെടുത്തിയതെന്നും വിക്കിപീഡിയിൽ പറയുന്നുണ്ട്. ഇതെല്ലാം എഎൻഐയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതായും വാർത്താ ഏജൻസി നൽകിയ പരാതിയിൽ പറയുന്നു. വിക്കിപീഡിയയിൽ നൽകിയ ഉള്ളടക്കങ്ങൾ പിൻവലിക്കണമെന്നും നഷ്ടപരിഹാരമായി രണ്ടു കോടി നൽകണമെന്നും എഎൻഐ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് വിക്കിപീഡിയക്കെതിരെ ഡൽഹി ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. രാജ്യത്ത് വിക്കിപീഡിയ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നു മുന്നറിയിപ്പ് നൽകിയ കോടതി, ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ നിൽക്കരുതെന്ന കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. ഈ കേസിൽ, പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിന് ഒരു കാരണവും കണ്ടെത്തിയിട്ടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

TAGS :

Next Story