''മഹാത്മാ ഗാന്ധി ഉപ്പ് സത്യഗ്രഹം തുടങ്ങിയത് എവിടെ നിന്ന്?''; വ്യക്തതയില്ലാത്ത ഉത്തരങ്ങൾ നൽകിയതിന് യുപി എസ്എസ്എസ്‌സിക്ക് സുപ്രിംകോടതി വിമർശനം
മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഓപ്ഷനുകളാണ് പൂർണമായും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് എന്ന് ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് കണ്ടെത്തിയത്.

ന്യൂഡൽഹി: 2021-2022ലെ റവന്യൂ ലേഖ്പാൽ പരീക്ഷയുടെ ഉത്തരക്കടലാസുകൾ റീവാല്വേഷൻ നടത്താൻ ഉത്തർപ്രദേശ് സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷന് സുപ്രിംകോടതി നിർദേശം. ഉത്തര സൂചികയിലെ ഓപ്ഷനുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഓപ്ഷനുകളാണ് പൂർണമായും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് എന്ന് ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് കണ്ടെത്തിയത്.
മഹാത്മാ ഗാന്ധി ഉപ്പ് സത്യഗ്രഹം ആരംഭിച്ചത് എവിടെ നിന്ന് എന്നതാണ് ഒരു ചോദ്യം. ദണ്ഡി, സൂറത്ത്, സബർമതി, പവ്‌നാർ എന്നിവയാണ് ഇതിന് നൽകിയിരിക്കുന്ന ഓപ്ഷനുകൾ. ദണ്ഡി മാർച്ച് ആരംഭിച്ചത് സബർമതിയിൽ നിന്നാണെങ്കിലും ഉപ്പ് നിയമം ലംഘിച്ചത് ദണ്ഡിയിൽവച്ചാണ്. ഔദ്യോഗികമായി ഉപ്പ് സത്യഗ്രഹം നടന്നത് ദണ്ഡിയിലാണ്. എന്നാൽ ദണ്ഡി യാത്ര തുടങ്ങിയത് സബർമതിയിൽ നിന്നാണ്. രണ്ട് ഉത്തരങ്ങളും ശരിയായി പരിഗണിക്കണമെന്നും രണ്ടിൽ ഏതെങ്കിലും ഒന്ന് എഴുതിയവർക്ക് മുഴുവൻ മാർക്കും നൽകണമെന്നുമാണ് കോടതി നിർദേശം.
യുപിയിലെ ഏറ്റവും വലിയ നാഷണൽ ഹൈവേ ഏത് എന്ന ചോദ്യത്തിന് എൻച്ച് 2, ഇതൊന്നുമല്ല എന്നീ ഓപ്ഷനുകൾ ശരിയായി പരിഗണിക്കണം എന്നാണ് കോടതി നിർദേശം. എൻഎച്ച് 2 ഇപ്പോൾ എൻഎച്ച് 19 ആണ്. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി നിർദേശം.
സോളാർ ഫോട്ടോവോൾട്ടെയ്ക് ഇറിഗേഷൻ പമ്പ് സ്‌കീമിന് കീഴിൽ, ചെറുകിട കർഷകർക്ക് കേന്ദ്ര സർക്കാർ സബ്സിഡിക്ക് പുറമേ 1800 വാട്ട് (2 എച്ച്പി) ഉപരിതല സോളാർ പമ്പിന് എത്ര ഗ്രാന്റിന് അർഹതയുണ്ട്? എന്നതാണ് മൂന്നാമത്തെ ചോദ്യം. ഓപ്ഷനുകൾ 15 ശതമാനം, 30 ശതമാനം, 45 ശതമാനം എന്നിവയായിരുന്നു. 30 ശതമാനം, 45 ശതമാനം എന്നിവ സാധുവായ ഉത്തരങ്ങളാണെന്ന് കോടതി കണ്ടെത്തി. സർക്കാരിന്റെ നയപരമായ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം.
Adjust Story Font
16

