വഖഫ് ഭേദഗതി നിയമം: സുപ്രിംകോടതിയുടെ ഇടക്കാല വിധി നാളെ
ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിൽ സുപ്രിംകോടതി നാളെ ഇടക്കാല വിധി പറയും. മൂന്ന് ദിവസത്തെ തുടർച്ചയായ വാദത്തിന് ശേഷം മേയ് 22ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി, എഎപി എംഎൽഎ അമാനത്തുല്ല ഖാൻ, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി, അഞ്ജു കദാരി, ത്വയ്യിബ് ഖാൻ സൽമാനി, മുഹമ്മദ് ഷാഫി, ടിഎംസി എംപി മഹുവ മൊയ്ത്ര, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്, ആർജെഡി എംപി മനോജ് കുമാർ ഝാ, സമാജ്‌വാദി പാർട്ടി എംപി സിയാവുറഹ്മാൻ, സിപിഐ, ഡിഎംകെ തുടങ്ങിയവർ ഹരജിക്കാരിൽ ഉൾപ്പെടുന്നത്.
വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹരജിക്കാരന്റെ വാദം. നേരത്തെ വഖഫ് നിയമഭേദഗതിക്കെതിരായ ഹരജികൾ പരിഗണിച്ച സുപ്രിംകോടതി തൽസ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് നൽകിയിരുന്നു. കേന്ദ്രത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം അനുവദിച്ച കോടതി വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അഞ്ച് ഹരജികളിൽ വിശദമായ വാദം കേൾക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഉപയോഗം വഴി വഖഫ് ആയ വസ്തുക്കൾ ഡി നോട്ടിഫൈ ചെയ്യരുതെന്നും വിശദവാദത്തിന് നോഡൽ കൗൺസിലർമാരെ നിയോഗിക്കുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു.
Adjust Story Font
16

