Quantcast

'നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?', കുര്‍ക്കുറെയോടും മാ​ഗിയോടും സുപ്രിംകോടതി; പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിങ്ങില്‍ വിമര്‍ശനം

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താൻ കേന്ദ്രത്തിന് സുപ്രിംകോടതി മൂന്ന് മാസത്തെ കാലാവധി നല്‍കി

MediaOne Logo

Web Desk

  • Updated:

    2025-04-10 07:47:44.0

Published:

10 April 2025 12:20 PM IST

നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?, കുര്‍ക്കുറെയോടും മാ​ഗിയോടും സുപ്രിംകോടതി; പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിങ്ങില്‍ വിമര്‍ശനം
X

ന്യൂഡൽഹി: പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിങ്ങിൽ വിമർശനവുമായി സുപ്രിംകോടതി. ഭക്ഷണ പാക്കറ്റിന്റെ പുറത്ത് ഭക്ഷണത്തെ പറ്റിയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഭേദഗതി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്ന് മാസത്തെ സമയപരിധി നല്‍കി. പൊതുതാത്പര്യ ഹരജിയിലാണ് ജസ്റ്റിസ് ജെ.ബി പരാഡിവാല, ജസ്റ്റിസ് ആര്‍. മഹാദേവ് അടങ്ങുന്ന ബെഞ്ചിന്റെ പരാമർശം.

ഭക്ഷണ പാക്കറ്റിന്റെ പുറത്ത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, മറ്റ് ചേരുവകൾ എന്നിവയുടെ അളവ് പ്രദർശിപ്പിക്കണമെന്നും അതനുസരിച്ച് ഒരു ലേബൽ പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. അഭിഭാഷകനായ രാജീവ് എസ്. ദ്വിവേദിയാണ് ഹരജി സമർപ്പിച്ചത്.

കുർക്കുറെ പാക്കറ്റിൽ എന്താണുള്ളത് എന്നതിനേക്കാൾ അതിനുള്ളിൽ എന്താണെന്ന് അറിയാനാണ് കുട്ടികൾക്ക് കൂടുതൽ താൽപ്പര്യമെന്ന് കോടതി പറഞ്ഞു. 'നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ? ഹര്‍ജിയില്‍ ഉത്തരവ് വന്നാല്‍ കുര്‍കുറെയിലും മാ​ഗിയിലും എന്താണ് അടങ്ങിയിട്ടുള്ളതെന്നും പാക്കറ്റുകളുടെ പുറത്ത് എന്തെല്ലാം രേഖപ്പെടുത്തണമെന്നും നിങ്ങള്‍ക്ക് വ്യക്തമാകും. നിലവില്‍ ഒരു വിവരങ്ങളും ഇവയുടെ പാക്കറ്റുകളില്‍ അടയാളപ്പെടുത്താറില്ലെന്ന്' കോടതി വിമർശിച്ചു.

ഭക്ഷണ പാക്കറ്റിന്റെ പുറത്ത് അടയാളപ്പെടുത്തേണ്ട പോഷകാഹാരങ്ങളുടെ വിവരങ്ങള്‍ സംബന്ധിച്ച് 2024 ജൂണില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചില നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് മറ്റ് ചേരുവകൾ എന്നിവയുടെ അളവ് വലിയ അക്ഷരങ്ങളില്‍ പാക്കറ്റിന്റെ പുറത്ത് രേഖപ്പെടുത്തണമെന്ന നിര്‍ദേശമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അംഗീകരിച്ചതായി കോടതിയെ അറിയിച്ചത്.

വിവരങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള ലേബലിങ് സംബന്ധിച്ച് 14,000 അഭിപ്രായങ്ങള്‍ പൊതുജനത്തില്‍ നിന്ന് ലഭിച്ചതായി കേന്ദ്രം അറിയിച്ചു. മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ മൂന്ന് മാസം കാലാവധി നല്‍കി പൊതുതാത്പര്യ ഹരജി കോടതി തീർപ്പാക്കി. 2020ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രത്തിന് സുപ്രിംകോടതി മൂന്ന് മാസത്തെ കാലാവധി നല്‍കിയത്.

TAGS :

Next Story