20 ജീവനക്കാർക്കും ഒരു ലക്ഷം രൂപ വീതം പണമായി നൽകി; ടെക്സ്റ്റൈൽ സ്ഥാപന ഉടമയുടെ ദീപാവലി സമ്മാനം വൈറൽ
പണം കൈപ്പറ്റുന്നതിനിടെ ഒരു ജീവനക്കാരി പൊട്ടിക്കരയുന്നതും രാംസ്വരൂപ് മുണ്ടെ അവരെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്ക് ഒരു ലക്ഷത്തിലധികം രൂപ വീതം പണമായി സമ്മാനിച്ച് വ്യവസായി. രാംസ്വരൂപ് മുണ്ടെ എന്ന ടെക്സ്റ്റൈൽ ഉടമയാണ് മധുരപലഹാരങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകുന്നതിന് പകരം പണം സമ്മാനമായി നൽകിയിരിക്കുന്നത്. തന്റെ സ്ഥാപനത്തിലെ 20 ജീവനക്കാർക്കും അദ്ദേഹം ഒരു ലക്ഷം രൂപ വീതം നൽകിയെന്നാണ് റിപ്പോർട്ട്.
10 രൂപ മുതൽ 500 രൂപ വരെയുള്ള നോട്ടുകൾ വെള്ളിത്തളികയിൽ അടുക്കിവെച്ച് ജീവനക്കാർക്ക് എടുത്തുനൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. രാംസ്വരൂപ് മുണ്ടെയുടെ ഭാര്യയാണ് പണം വിതരണം ചെയ്യുന്നത്. ജീവനക്കാർ വലിയ സന്തോഷത്തോടെയും വികാരാധീനരായും പണം സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പണം കൈപ്പറ്റുന്നതിനിടെ ഒരു ജീവനക്കാരി പൊട്ടിക്കരയുന്നതും രാംസ്വരൂപ് മുണ്ടെ അവരെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ജീവനക്കാരുടെ കഠിനാധ്വാനത്തെയും ആത്മാർഥതയെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് സമ്മാനം നൽകുന്നതെന്ന് രാംസ്വരൂപ് മുണ്ടെ പറഞ്ഞു. തന്റെ സ്ഥാപനത്തിലെ ജീവനക്കാരെ വെറും തൊഴിലാളികളായല്ല, കുടുംബാംഗങ്ങളായാണ് കാണുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കപ്പെടാതെ ജീവനക്കാർക്ക് സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാൻ കഴിയണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് രാംസ്വരൂപ് മുണ്ടെയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വെറും ബോണസായിട്ടല്ല, കുടുംബാംഗങ്ങളോടുള്ള സ്നേഹപ്രകടനമായതുകൊണ്ടാണ് പണം പൂജാത്തളികയിൽ വെച്ച് കൈമാറിയത് എന്നൊക്കെയാണ് ചിലർ അഭിപ്രായപ്പെടുന്നത്. ജീവനക്കാർക്ക് 100 ഗ്രാം കശുവണ്ടിയും ബദാമും നൽകി ബോണസ് അവസാനിപ്പിക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇത്തരം കാര്യങ്ങൾ കണ്ട് പഠിക്കണമെന്ന് മറ്റ് ചിലരും പറയുന്നു.
Adjust Story Font
16

