Quantcast

യോഗ്യത പത്തും പന്ത്രണ്ടും മാത്രം; 33 വർഷം ക്ലിനിക് നടത്തിയ 16 വ്യാജ ഡോക്ടർമാർ പിടിയിൽ

പിടിയിലായവരിൽ പലരും ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സ്വദേശികളാണ്

MediaOne Logo
യോഗ്യത പത്തും പന്ത്രണ്ടും മാത്രം; 33 വർഷം ക്ലിനിക് നടത്തിയ 16 വ്യാജ ഡോക്ടർമാർ പിടിയിൽ
X

സൂറത്ത്: മെഡിക്കൽ രം​ഗത്ത് യാതൊരുവിധ യോ​ഗ്യതയുമില്ലാത്ത 16 വ്യാജ ഡോക്ടർമാർ പിടിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വെറും പത്തും പന്ത്രണ്ടും ക്ലാസ് മാത്രം യോ​ഗ്യതയുള്ള ‌ഇവർ നടത്തിയ ക്ലിനിക്കുകൾ വഴി നിരവധി പേർക്കാണ് അലോപ്പതി മരുന്നുകൾ നൽകി ചികിത്സിച്ചത്.

ബോളിവുഡ് സിനിമയായ 'മുന്നാ ഭായ് എംബിബിഎസ്' എന്ന സിനിമയെ പോലും വെല്ലുന്ന രീതിയിലാണ് ഇവർ ഡോക്ടർമാരായി നടിച്ച് രോഗികൾക്ക് മരുന്നുകൾ കുറിച്ചു നൽകുകയും കുത്തിവെയ്പ്പുകൾ എടുക്കുകയും ഗ്ലൂക്കോസ് ഡ്രിപ്പുകൾ നൽകുകയും ചെയ്തെതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പാണ്ഡേസര ഇന്റസ്ട്രിയൽ ഏരിയയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ജില്ല ആരോ​ഗ്യ വകുപ്പും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ മൂന്ന് പേർ മുമ്പും സമാനമായ കുറ്റങ്ങൾക്ക് പിടിയിലായിട്ടുള്ളവരാണെന്നും പത്താം ക്ലാസ് പാസായ ഒരാൾ കഴിഞ്ഞ 33 വർഷമായി വിവിധ സ്ഥലങ്ങളിലായി ക്ലിനിക്കുകൾ നടത്തിവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ചീഫ് ഡിസ്ട്രിക്റ്റ് ഹെൽത്ത് ഓഫീസർ അനിൽ പട്ടേൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഉണ്ടാക്കി റെയ്ഡ് നടത്തുകയായിരുന്നു. ഈ പ്രദേശത്ത് 16 ക്ലിനിക്കുകളിലാണ് പരിശോധന നടത്തിയത്. പിടിയാലായവരിൽ പലരും ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സ്വദേശികളാണ്.

ഇവരിൽ ചിലർ സ്വന്തം സംസ്ഥാനങ്ങളിൽ ആശുപത്രികളിലോ ഡോക്ടർമാരുടെ കീഴിലോ സഹായികളായോ മറ്റോ ജോലി ചെയ്തുവരികയായിരുന്നു. തുടർന്ന് ഇവർ സൂറത്തിലേക്ക് മാറിയ ശേഷം, ഡോക്ടറാണെന്ന് നടിച്ച് പനി, മലേറിയ തുടങ്ങിയ സാധാരണ രോഗങ്ങൾക്ക് ചികിത്സ നൽകാൻ തുടങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ചാൻസി ക്ലിനിക്ക് നടത്തിയിരുന്ന വിനോദ് ബിശ്വാസ് പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂവെങ്കിലും 30 വർഷമായി പ്രാക്ടീസ് ചെയ്തുവരികയാണ്. സായ് ധാം ക്ലിനിക്ക് നടത്തിയിരുന്ന 54 കാരനായ സിയാറാം മൗര്യ കഴിഞ്ഞ 24 വർഷമായി പ്രാക്ടീസ് ചെയ്തു വരികയാണ്. മഹേന്ദ്ര സിംഗ് യാദവ്, അലോക് സിംഗ്, അജിത് കുമാർ സിംഗ്, ജിതേന്ദ്ര വർമ്മ, ഗൗതം പ്രസാദ് തുടങ്ങിയവരാണ് മറ്റുപ്രതികൾ.

TAGS :

Next Story