'ഞങ്ങളും മനുഷ്യരല്ലേ?': 12 മണിക്കൂർ ജോലിക്കുശേഷം ആഴ്ചയിലൊരിക്കൽ അവധി ചോദിച്ചതിന് ഗുജറാത്തിൽ 200 തൊഴിലാളികളെ പിരിച്ചുവിട്ടു
സമരത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളിൽ പലരും ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്

ജയ്പൂര്‍: ഗുജറാത്തിൽ ദിനംപ്രതി 12 മണിക്കൂർ ജോലി ചെയ്തതിന് ശേഷം ആഴ്ചയിലൊരിക്കൽ അവധി ആവശ്യപ്പെട്ട 200-ഓളം തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.ഗുജറാത്തിലെ ടെക്സ്റ്റൈൽസ് കേന്ദ്രമായ സൂറത്തിൽ ആഴ്ചയിൽ ഒരു ദിവസത്തെ അവധി, എട്ട് മണിക്കൂർ ഷിഫ്റ്റ്, ഓവർടൈം വേതനം എന്നിവ ആവശ്യപ്പെട്ട് മാസങ്ങൾ നീണ്ട സമരത്തിൽ പങ്കെടുത്ത എംബ്രോയ്ഡറി തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്.
ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ ക്ലസ്റ്ററുകളിലൊന്നിൽ കുടിയേറ്റ തൊഴിലാളികളും ഫാക്ടറി ഉടമകളും തമ്മിലുള്ള തൊഴിൽ തർക്കം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ആഴ്ചയിൽ ഒരു അവധി പോലുമില്ലാതെ ദിവസവും 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളിൽ പലരും ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. സൂറത്തിലെ എംബ്രോയ്ഡറി യൂണിറ്റുകളിൽ ജോലി ചെയ്യുന്നവരാണ് ഇവര്‍.
''ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തിന് ഞങ്ങൾക്ക് അവധിയായിരുന്നില്ല. മറ്റുള്ളവര്‍ രാജ്യത്തിന്റെ പതാക ഉയർത്തിയും വീശിയും ആഘോഷിക്കുമ്പോൾ, ആ ദിവസം അവധിയെടുത്ത് ആഘോഷിക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ? പക്ഷേ, പകരം, ഞങ്ങൾ പതിവുപോലെ 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്തു. ഞങ്ങൾ മനുഷ്യരല്ലേ?" ഉധ്നയിലെ ഫാക്ടറി തൊഴിലാളിയായ രോഹിത് ഫ്രണ്ട്ലൈനിനോട് പറഞ്ഞു .
ആഗസ്തിൽ അമ്രോലിയിലെ എംബ്രോയ്ഡറി തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചതോടെയാണ് ഈ മേഖലയിൽ സമരം വ്യാപകമാകുന്നത്. പിന്നീട് ഇത് അഞ്ജന ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കടർഗാം, സച്ചിൻ ജിഐഡിസി, പിപോദര, കഡോദര എന്നിവയുൾപ്പെടെയുള്ള വ്യാവസായിക ക്ലസ്റ്ററുകളിലേക്ക് വ്യാപിച്ചു. നിരവധി യൂണിറ്റുകളിൽ തൊഴിലാളികൾ ജോലി നിർത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഇത് തുണി വ്യവസായത്തിന്റെ ചില വിഭാഗങ്ങളെ സ്തംഭിപ്പിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ശേഷം 200നും 400നും ഇടയിൽ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ചവരെയാണ് തൊഴിലുടമകൾ ലക്ഷ്യമിട്ടത്. ധര്‍ണയിൽ പങ്കെടുത്ത ദിവസം തന്നെ തന്നെ പിരിച്ചുവിട്ടതായി ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നുള്ള വിശാൽ ബാഗി പറയുന്നു.
ശമ്പളത്തോടെയുള്ള ആഴ്ചതോറുമുള്ള അവധി, എട്ട് മണിക്കൂർ ഷിഫ്റ്റുകൾ നടപ്പിലാക്കൽ, ഓവർടൈം വേതനം, സമയബന്ധിതമായ ശമ്പളം എന്നിവയാണ് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ. നിലവിൽ ജീവനക്കാർക്ക് പ്രതിമാസം 25,000-30,000 രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും പരമ്പരാഗത ഫാക്ടറി സമയത്തിനപ്പുറം ഓവര്‍ടൈം ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണെന്ന് യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇത് പ്രായോഗികല്ലെന്നാണ് ഫാക്ടറി ഉടമകൾ വാദിക്കുന്നത്. എംബ്രോയ്ഡറി യൂണിറ്റുകളിൽ എട്ട് മണിക്കൂർ ഷിഫ്റ്റുകൾ നടപ്പിലാക്കുന്നതിന് ഏകദേശം അഞ്ച് ലക്ഷം അധിക തൊഴിലാളികൾ ആവശ്യമായി വരുമെന്ന് സതേൺ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കുന്നു. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ നടന്നെങ്കിലും സമരം തുടരുകയാണ്.
Adjust Story Font
16

