Quantcast

'30 വർഷം മുമ്പ് തന്നെ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു'; അറസ്റ്റിലായ വൈദികനെതിരെ കൂടുതൽ ആരോപണങ്ങൾ

മംഗളൂരു വലൻസിയയിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരിയായിരുന്ന 65-കാരനായ ഫാ. സിപ്രിയൻ പിന്റോയെ ഒക്ടോബർ 17-നാണ് പോക്‌സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2026-11-15 15:47:00

Published:

15 Nov 2026 8:31 PM IST

30 വർഷം മുമ്പ് തന്നെ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു; അറസ്റ്റിലായ വൈദികനെതിരെ കൂടുതൽ ആരോപണങ്ങൾ
X

മംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കത്തോലിക്കാ വൈദികൻ ഫാ. സിപ്രിയൻ പിന്റോയ്‌ക്കെതിരെ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ലൈംഗികാതിക്രമ ആരോപണങ്ങളുമായി കൂടുതൽപേർ രംഗത്ത്. ഏകദേശം മൂന്ന് പതിറ്റാണ്ട് മുമ്പ് കുട്ടികളായിരുന്നപ്പോൾ തങ്ങൾ വൈദികനിൽ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായിരുന്നതായാണ് രണ്ട് യുവാക്കൾ വെളിപ്പെടുത്തിയത്.

മംഗളൂരു വലൻസിയയിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരിയായിരുന്ന 65-കാരനായ ഫാ. സിപ്രിയൻ പിന്റോയെ ഒക്ടോബർ 17-നാണ് പോക്‌സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 18-ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇദ്ദേഹത്തിന് ഒക്ടോബർ 30-ന് ജാമ്യം ലഭിച്ചിരുന്നു.

1988-ൽ വൈദികപട്ടം സ്വീകരിച്ച ഫാ. സിപ്രിയൻ പിന്റോ മംഗളൂരു രൂപതയ്ക്ക് കീഴിലുള്ള എട്ട് പള്ളികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏകദേശം 30 വർഷം മുമ്പ് ഇദ്ദേഹം പുതിയ വികാരിയായി എത്തിയ സമയത്ത് ഇടവകാംഗങ്ങളുടെ വീടുകൾ സന്ദർശിച്ചപ്പോൾ തന്റെ വീട്ടിലെത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി സ്റ്റാനി എന്ന യുവാവ് ആരോപിച്ചു. അക്കാലത്ത് ഭയവും സാഹചര്യങ്ങളും കാരണം പരാതി നൽകിയിരുന്നില്ലെന്നും, അൾത്താര ബാലനായി സേവനമനുഷ്ഠിച്ചിരുന്ന തനിക്ക് പിന്നീടും പലതവണ ദുരനുഭവം ഉണ്ടായതായും സ്റ്റാനി വെളിപ്പെടുത്തിയതായി 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്യുന്നു.

സമാനമായ അനുഭവം ഡെൻസിൽ എന്ന മറ്റൊരാളും പങ്കുവെച്ചിട്ടുണ്ട്. അൾത്താര ബാലനായിരുന്ന തന്നെ ഫാ. സിപ്രിയൻ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് ഡെൻസിലിന്റെ ആരോപണം. ആദ്യം വളരെ സൗഹൃദപരമായി പെരുമാറിയ ശേഷമായിരുന്നു അതിക്രമമെന്നും ഇദ്ദേഹം ആരോപിക്കുന്നു.

പുതിയ കേസുകളും സഭയുടെ നടപടികളും

2026 മെയ് മാസത്തിലാണ് ഫാ. സിപ്രിയൻ പിന്റോ വലൻസിയയിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരിയായി ചുമതലയേറ്റത്. ഇവിടെവെച്ച് 14 വയസുകാരൻ ഉൾപ്പെടെ അഞ്ച് ആൺകുട്ടികളെ ഇദ്ദേഹം പീഡിപ്പിച്ചെന്ന പരാതിയിലാണ് ഒക്ടോബർ 15-ന് മംഗളൂരു സൗത്ത് പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പുറമെ, പെർമന്നൂർ സ്വദേശിയായ മറ്റൊരു ആൺകുട്ടിയുടെ പരാതിയിൽ നവംബർ ആദ്യവാരം മംഗളൂരു വനിതാ പൊലീസ് സ്റ്റേഷനിലും വൈദികനെതിരെ രണ്ടാമതൊരു പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊലീസ് കേസെടുക്കുന്നതിന് മുമ്പ്, 14-കാരനായ കുട്ടി മംഗളൂരു ബിഷപ്പിന് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രൂപത ആഭ്യന്തര അന്വേഷണം നടത്തുകയും ഓഗസ്റ്റ് 26-ന് വൈദികനെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവരം അറിഞ്ഞിട്ടും സഭാ അധികൃതർ ഉടൻ പൊലീസിൽ അറിയിക്കാതിരുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അതേസമയം, ഇരകളാക്കപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പള്ളി ഭാരവാഹികളിൽ ചിലർ ശ്രമിച്ചതായും ആരോപിച്ച് മൈസൂരു ആസ്ഥാനമായുള്ള 'ഒഡനാടി സേവാ സംസ്ഥ' എന്ന സന്നദ്ധ സംഘടന കർണാടക ഹൈക്കോടതിയുടെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story