Quantcast

ഉന്നാവോ ബലാത്സംഗക്കേസ്: ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പച്ചതിനെതിരെ അതിജീവിതയുടെ പ്രതിഷേധം, വലിച്ചിഴച്ച് ഡൽഹി പൊലീസ്‌

ഡൽഹിയിൽ ഇന്ത്യ ഗേറ്റിന് സമീപമാണ് അതിജീവിതയും കുടുംബവും പ്രതിഷേധിച്ചത്

MediaOne Logo

Web Desk

  • Published:

    24 Dec 2025 12:12 PM IST

ഉന്നാവോ ബലാത്സംഗക്കേസ്:  ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പച്ചതിനെതിരെ അതിജീവിതയുടെ പ്രതിഷേധം, വലിച്ചിഴച്ച് ഡൽഹി പൊലീസ്‌
X

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ഡൽഹി ഹൈകോടതി വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയെ വലിച്ചിഴച്ച് ഡൽഹി പൊലീസ്.

ഡൽഹിയിൽ ഇന്ത്യ ഗേറ്റിന് സമീപമാണ് അതിജീവിതയും കുടുംബവും പ്രതിഷേധിച്ചത്. എന്നാൽ, പ്രതി​ഷേധം തുടങ്ങി മിനിറ്റുകൾക്കകം തന്നെ അതിജീവിതയേയും അവരുടെ അമ്മയേയും അവിടെ നിന്ന് ഡൽഹി പൊലീസ് മാറ്റി. വലിച്ചിഴച്ചായിരുന്നു ഇരുവരേയും അവിടെ നിന്ന് മാറ്റിയത്.

ഉ​ന്നാ​വോ ബലാത്സംഗക്കേസില്‍ ബി​ജെപി നേ​താ​വാ​യ കു​ൽ​ദീ​പ് സി​ങ് സെ​ൻ​ഗാ​റിന്റെ ജീവപര്യന്തം തടവ് ശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. നേരത്തെ വിചാരണക്കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

2017 ജൂൺ നാലിനാണ് കേസിന്റെ തുടക്കം. കുൽദീപ് സെൻഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. സെൻഗാറിനെതിരെ തുടക്കത്തിൽ കേസ് രജിസ്റ്റർ ചെയ്യാതിരുന്ന പൊലീസ്, പെൺകുട്ടിയെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്.

കേസുമായി ബന്ധപ്പെട്ട നടപടികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയുടെ പിതാവിനെ എംഎൽഎയുടെ സഹോദരൻ അടക്കമുള്ളവർ സംഘം ചേർന്ന് മർദിച്ചിരുന്നു. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു.

മൂന്നു വട്ടം എംഎൽഎയായ സെൻഗറിനെതിരെ പീഡനക്കേസിനു പിന്നാലെ ഇരയെയും കുടുംബത്തെയും വധിക്കാൻ ശ്രമിച്ച കേസ് കൂടി വന്നതോടെ ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

TAGS :

Next Story