Quantcast

കോൺഗ്രസ് വിട്ട സുഷ്മിത ദേവ് തൃണമൂലിൽ

മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സുഷ്മിത ദേവ് ഇന്നു രാവിലെയാണ് രാജി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-08-16 14:16:22.0

Published:

16 Aug 2021 12:17 PM GMT

കോൺഗ്രസ് വിട്ട സുഷ്മിത ദേവ് തൃണമൂലിൽ
X

കോൺഗ്രസ് വിട്ട മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് തൃണമൂലിൽ ചേർന്നു. ഇന്നു രാവിലെ രാജി പ്രഖ്യാപിച്ച സുഷ്മിത ഉച്ചയ്ക്കുശേഷമാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളെ കണ്ട് അംഗത്വം സ്വീകരിച്ചത്. ഇക്കാര്യം തൃണമൂൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, രാജ്യസഭാ എംപി ഡെറെക് ഒബ്രിയൻ എന്നിവർക്കൊപ്പമുള്ള സുഷ്മിതയുടെ ചിത്രം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

രാവിലെ കോൺഗ്രസ് വിടുന്ന വിവരം പ്രഖ്യാപിച്ച സുഷ്മിത ദേവ് പുതിയ അധ്യായത്തിനു തുടക്കം കുറിക്കുകയാണെന്നും അറിയിച്ചിരുന്നു. കോൺഗ്രസുമായുള്ള മൂന്നു പതിറ്റാണ്ട് നീണ്ട ഉറ്റബന്ധം മനസിൽ താലോലിക്കുന്നുവെന്നും ഈ അവസരം പാർട്ടിക്കും നേതാക്കൾക്കും അംഗങ്ങൾക്കും പ്രവർത്തകർക്കുമെല്ലാം നന്ദി പറയാനുള്ള അവസരമായെടുക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ സുഷ്മിത പറഞ്ഞു. പാർട്ടിയിൽ നൽകിയ അവസരങ്ങൾക്ക് സോണിയയ്ക്ക് പ്രത്യേകമായി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

നേരത്തെ ട്വിറ്ററിൽ ബയോ തിരുത്തിയതോടെയാണ് സുഷ്മിത കോൺഗ്രസ് വിടുന്നതായുള്ള അഭ്യൂഹങ്ങൾ പരന്നത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ്, മഹിളാ കോൺഗ്രസ് മുൻ അംഗം എന്നാക്കി ട്വിറ്റർ ബയോ തിരുത്തുകയായിരുന്നു. എന്നാൽ, തൃണമൂലിലേക്കാകും കൂടുമാറ്റമെന്ന സൂചന നേരത്തെയുണ്ടായിരുന്നില്ല. സുഷ്മിത പാർട്ടി വിട്ടത് നിർഭാഗ്യകരമാണെന്ന് കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സുഷ്മിതയുടെ രാജിക്കത്ത് സോണിയയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചത്.

TAGS :

Next Story