വസ്തു ഇടപാടിന്റെ പേരിൽ കാഴ്ച പരിമിതിയുള്ള സ്ത്രീയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
ഏകദേശം രണ്ട് കോടിയോളം രൂപ ഇപ്രകാരം ഇയാൾ പലരിൽ നിന്നും സമാനമായ രീതിയിൽ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

- Published:
16 April 2026 4:43 PM IST

ന്യുഡൽഹി: സ്ഥലം പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് പറ്റിച്ച് റെയിൽവേ ഉദ്യോഗസ്ഥയായ കാഴ്ചപരിമിതിയുള്ള സ്ത്രീയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. ഉത്തർ പ്രദേശ് ഹാപ്പൂർ സ്വദേശിയായ രവീന്ദ്രഗാർഗ് ആണ് ഡൽഹിയിൽ വച്ച് പൊലീസിന്റെ പിടിയിലായത്. ഇയാൾ സമാനമായ രീതിയിൽ പലരിൽ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം രണ്ട് കോടിയോളം രൂപ ഇപ്രകാരം ഇയാൾ പലരിൽ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ ഡിസംബറിലാണ്. ഡൽഹി കരോൾബാഗിലുള്ള ഒരു സ്ഥലം ലീസിന് നൽകാനുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പരാതിക്കാരിയെ സമീപിച്ചത്. 14.5 ലക്ഷം രൂപക്ക് കരാർ ഉറപ്പിക്കുകയും ലീസ് എഗ്രിമെന്റ് ഒപ്പിടുകയും ചെയ്തു. പണം നൽകിയ ശേഷം വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കാൻ പോയപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം റെയിൽവേ ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞത്. വസ്തു ഈട് നൽകി എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് ജപ്തി ചെയ്ത സ്ഥവം കാണിച്ചാണ് ഇയാൾ കരാർ ഉണ്ടാക്കിയത്. 2017 ൽ ഇയാൾ ഈ വസ്തു ഈട് നൽകി 90 ലക്ഷം രൂപ വായ്പ എടുത്തതിരുന്നു. അത് തിരിച്ചടക്കാത്തതിനെ തുടർന്നാണ് സ്ഥലം ബാങ്ക് ജപ്തി ചെയ്തത്.
ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡൽഹിയിലെ നംഗൽ ദേവത് ഗ്രാമത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. അവിടെ ഒരു ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സമാനമായ രീതിയിൽ ഒരേ വസ്തു പലർക്കും നൽകി പണം തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. മറ്റൊരു വസ്തു തട്ടിപ്പ് കേസിൽ നേരത്തെ തന്നെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തട്ടിയെടുത്ത പണം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16
