Quantcast

പ്രവാചക നിന്ദ: നുപൂർ ശർമക്കെതിരെ നടപടിയെടുത്തതിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷം

നുപൂർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെ നടപടിയെടുത്തത് വേഗത്തിലായിപ്പോയെന്നും പ്രശ്‌നം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നുമാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന വിമർശനം.

MediaOne Logo

Web Desk

  • Published:

    7 Jun 2022 1:19 PM GMT

പ്രവാചക നിന്ദ: നുപൂർ ശർമക്കെതിരെ നടപടിയെടുത്തതിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷം
X

ന്യൂഡൽഹി: പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ പാർട്ടി വക്താവ് നുപൂർ ശർമ, ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ എന്നിവർക്കെതിരെ നടപടിയെടുത്തതിൽ ബിജെപിക്കുള്ളിൽ പ്രതിഷേധം ശക്തമാവുന്നു. ഗൾഫ് രാജ്യങ്ങളിൽ വൻ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ ബിജെപി നിർബന്ധിതമായത്. എന്നാൽ ഇരുവർക്കുമെതിരായ നടപടി തിടുക്കത്തിലായിപ്പോയെന്നും പ്രശ്‌നം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നുമാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന അഭിപ്രായം.

നുപൂർ ശർമയെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ 'ഷെയിം ഓൺ ബിജെപി' എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. ബിജെപി നേതാക്കൾക്ക് പുറമെ പാർട്ടിയെ പിന്തുണക്കുന്ന നിരവധി വ്യക്തികൾ ഈ ഹാഷ് ടാഗിൽ ട്വീറ്റ് ചെയ്തു. നുപൂർ ശർമക്ക് വധഭീഷണിയടക്കം ഉണ്ടായ സമയത്ത് പാർട്ടി അവരെ കൈവിട്ടുകളഞ്ഞെന്നാണ് ഉയരുന്ന പ്രധാനപ്പെട്ട വിമർശനം.

ഔദ്യോഗിക വക്താവിനെ പാർട്ടി തന്നെ തീവ്രനിലപാടുകാരിയെന്ന് വിശേഷിപ്പിക്കുമ്പോൾ ഇത്തരമൊരു പാർട്ടിയെ പിന്തുണക്കണോ എന്ന് തങ്ങളുടെ ആഭ്യന്തര ഗ്രൂപ്പുകളിൽ ചർച്ചയുണ്ടെന്ന് ബിജെപി അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്ന വ്യക്തിയെ ഉദ്ദരിച്ച് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തു. ഇത്തരം ഗ്രൂപ്പുകളിൽ ഇതുവരെ പാർട്ടി ഉന്നത നേതൃത്വത്തിന് അഭിനന്ദനങ്ങൾ മാത്രമാണ് കിട്ടിയിരുന്നതെന്നും എന്നാൽ ഇപ്പോൾ ആദ്യമായി അവർ വിമർശിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എട്ട് വർഷമായി അധികാരത്തിലിരുന്നിട്ടും ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാൻ പ്രക്ഷോഭം നടത്തേണ്ടിവരുന്നതിനെക്കുറിച്ച് സംഘ്പരിവാർ സംഘടനകൾക്കുള്ളിൽ നേരത്തെ തന്നെ വിമർശനമുണ്ട്. ഏപ്രിൽ ആദ്യവാരം ഹരിദ്വാറിൽ നടന്ന ആർഎസ്എസ് 'ചിന്തൻ ബൈഠക്കിൽ' ഇത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു. ഗ്യാൻവാപി വിഷയത്തിൽ പരസ്പര ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവന ഇതിന്റെ തുടർച്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്തിടെ ധർമശാലയിൽ നടന്ന യുവമോർച്ച നേതാക്കൾക്കായി നടന്ന ഒരു പഠനക്യാമ്പിൽ അംഗങ്ങൾ സാധാരണയായി ചെയ്തുവരുന്ന പ്രവർത്തനങ്ങൾക്ക് പുറമെ പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വായിക്കുകയും പഠനം, എഴുത്ത് എന്നിവയിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്ന് നിർദേശിച്ചിരുന്നു.

ഈ യോഗത്തിൽ ഒരു പ്രവർത്തകൻ ഉന്നയിച്ച ചോദ്യം ഏറെ രസകരമായിരുന്നു. ''ഡൽഹി ബിജെപി നേതാക്കളായ കപിൽ മിശ്രക്കും തേജീന്ദർ ബഗ്ഗക്കും വിദ്വേഷ പ്രസ്താവനകൾക്ക് നടത്തിയതിന്റെ പേരിൽ നിയമസഭാ സീറ്റ് നൽകിയില്ലേ? മോട്ടോർ സൈക്കിളിൽ പാർട്ടി കൊടി കെട്ടി ഓടിച്ചാൽ ഞങ്ങൾക്കും തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമോ?'' പാർട്ടി ദേശീയ നേതൃത്വം സാവധാനത്തിൽ മാറാൻ ശ്രമിക്കുമ്പോൾ പാർട്ടിക്കുള്ളിൽ തങ്ങൾ ഇത്രയും കാലം നടത്തിപ്പോന്ന വിദ്വേഷ രാഷ്ട്രീയം അണികൾ എത്രത്തോളം ആഴ്ന്നിറങ്ങിയെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ ചോദ്യം. തങ്ങളുടെ പഴയ പ്രവർത്തനരീതി പെട്ടെന്ന് ഇല്ലാതാക്കാനാവില്ലെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതാണ് പുതിയ പ്രതിസന്ധി.

TAGS :

Next Story