ബംഗാളിൽ പ്രതിപക്ഷ നേതാവിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം: റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ആക്രമണത്തിന് പിന്നിൽ തൃണമൂല്‍ കോൺഗ്രസ് ഗുണ്ടകളെന്നാണ് ബിജെപി ആരോപിക്കുന്നത്

- Published:
11 Jan 2026 10:58 AM IST

പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി
കൊല്‍ക്കത്ത: ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.
പശ്ചിമ മേദിനിപൂർ ജില്ലയിൽ ഇന്നലെയാണ് ഇരുപതോളം പേർ അടങ്ങുന്ന സംഘം വാഹന വ്യൂഹം ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ തൃണമൂല്‍ കോൺഗ്രസ് ഗുണ്ടകളെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ സുവേന്ദു അധികാരി പ്രതിഷേധിച്ചിരുന്നു.
ചന്ദ്രകോണ പൊലീസ് സ്റ്റേഷനുള്ളിലിരുന്നായിരുന്നു പ്രതിഷേധം. അക്രമത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി 8.20 ഓടെ പുരുലിയയിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് അധികാരി പറഞ്ഞു. ചന്ദ്രകോണ റോഡിൽ തന്റെ വാഹനവ്യൂഹത്തിന് നേരെ ഒരു കൂട്ടം ടിഎംസി അനുയായികൾ വടികളും മുളയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് സുവേന്ദു അധികാരി പറയുന്നത്.
നീതിക്കുവേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. അക്രമികളുടെ പേരുകളുള്‍പ്പെടെ ഞാൻ നൽകിയിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യണം, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താൻ ഭരണകക്ഷി ശ്രമിക്കുന്നുവെന്നും ബിജെപി നേതാവ് ആരോപിച്ചു. 'തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണല്ലോ, അവർ തോൽക്കുമെന്ന് അവർക്ക് തന്നെ അറിയാം, അതുകൊണ്ടാണ് പശ്ചിമ ബംഗാളിൽ നിന്ന് ബിജെപിയെ ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നത്'- സുവേന്ദു അധികാരി പറഞ്ഞു.
അതേസമയം ബിജെപിയുടെ ആരോപണങ്ങൾ ടിഎംസി തള്ളിക്കളഞ്ഞു. സംഭവം ആസൂത്രിത ആക്രമണമല്ലെന്നും ബിജെപിക്കെതിരെയുള്ള പൊതുജന രോഷം പ്രതിഫലിപ്പിച്ചതാണെന്നും പ്രാദേശിക ടിഎംസി നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നാടകം കളിക്കാന്‍ ശ്രമിക്കുകയാണെന്നും ടിഎംസി നേതാക്കൾ ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ ചൊല്ലി തൃണമൂൽ കോൺഗ്രസ്-ബിജെപി പോര് കനക്കുന്നതിനിടെയാണ് സുവേന്ദു അധികാരിക്കെതികായ ആക്രമണവും ബംഗാളില്‍ ചര്‍ച്ചയാകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിൽ സംസ്ഥാന വ്യാപക പ്രചാരണത്തിന് തയ്യാറെടുക്കുകയാണ് തൃണമൂൽ കോൺഗ്രസ്.
Adjust Story Font
16
