പാലം കടക്കുന്നതിനിടെ തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനിന്‍റെ കോച്ചുകൾ വേര്‍പെട്ടു; ആളപായമില്ല
ബാക്കിയുള്ളവ മല്ലേശ്വര റെയിൽവേ ക്രോസിംഗിന് സമീപം നിർത്തി

മംഗളൂരു: തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനിന്‍റെ നിരവധി കോച്ചുകൾ ബുധനാഴ്ച ഹോൾ ബസ് സ്റ്റോപ്പിന് സമീപം പാലം കടക്കുന്നതിനിടെ വേർപെട്ടു. വേഗം കുറഞ്ഞതിനാൽ ആളപായമോ പരിക്കോ ഇല്ലെന്നാണ് പ്രാഥമിക വിവരം.
ചില കോച്ചുകൾ തമ്മിലുള്ള കപ്ലിംഗ് അയഞ്ഞതിനാൽ പാലത്തിന് മുകളിൽ നിർത്തി. ബാക്കിയുള്ളവ മല്ലേശ്വര റെയിൽവേ ക്രോസിംഗിന് സമീപം നിർത്തി. പെട്ടെന്നുള്ള വേർപിരിയൽ യാത്രക്കാരിലും പ്രദേശവാസികളിലും പരിഭ്രാന്തി സൃഷ്ടിച്ചു.
വേർപിരിയൽ ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോച്ചുകൾ വീണ്ടും ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവം അറിഞ്ഞ് ജനക്കൂട്ടം എത്തി. സുരക്ഷാ കാരണങ്ങളാൽ പൊലീസ് ഇടപെട്ട് അവരെ പിരിച്ചുവിട്ടു.
ഒരു മണിക്കൂർ നീണ്ട പ്രവർത്തനത്തിന് ശേഷമാണ് വേർപെട്ട കോച്ചുകൾ റെയിൽവെ ജീവനക്കാർ വീണ്ടും ബന്ധിപ്പിച്ചത്. തുടർന്ന് ട്രെയിൻ മൈസൂരുവിലേക്കുള്ള യാത്ര പുനരാരംഭിക്കുകയും ചെയ്തു.
Adjust Story Font
16

