വിസ്മയമായി താലിബാൻ സന്ദർശനം: ഇന്ത്യയുമായി കൂടുതൽ അടുത്ത് അഫ്ഗാൻ ഭരണകൂടം; പ്രതിരോധത്തിലായി പാകിസ്താൻ
മുത്തഖിയുമായുള്ള ചർച്ചകൾക്ക് ശേഷം കാബൂളിലെ ഇന്ത്യൻ എംബസി വീണ്ടും തുറക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കിയിരുന്നു

Muttaqi and S Jayashankar | Photo | X
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ താലിബാൻ വിദേശകാര്യ മന്ത്രി ആമിർഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശനം അന്താരാഷ്ട്രരംഗത്ത് പുതിയ വഴിത്തിരിവാകുന്നു. നേരത്തെ അസംഭവ്യമെന്ന് വിലയിരുത്തപ്പെട്ടിരുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എട്ട് ദിവസത്തെ സന്ദർശനത്തിൽ നയതന്ത്ര, വ്യാപാര, സാമ്പത്തികരംഗത്തെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും താലിബാൻ ഭരണകൂടവും ധാരണയിലെത്തിയിട്ടുണ്ട്. 2021ൽ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് താലിബാൻ ഭരണകൂടത്തിലെ ഒരു ഉന്നതൻ ഇന്ത്യ സന്ദർശിക്കുന്നത്.
മുത്തഖിയുമായുള്ള ചർച്ചകൾക്ക് ശേഷം കാബൂളിലെ ഇന്ത്യൻ എംബസി വീണ്ടും തുറക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കിയിരുന്നു. നാല് വർഷം മുമ്പ് താലിബാൻ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യ എംബസി അടച്ചുപൂട്ടിയിരുന്നു. എംബസി വീണ്ടും തുറന്ന് അഫ്ഗാനുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാനാണ് ഇന്ത്യൻ നീക്കണം. ഇന്ത്യ- അഫ്ഗാൻ ബന്ധം ശക്തിപ്പെടുന്നതിനെ പാകിസ്താൻ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.
നിലവിൽ താലിബാൻ- പാകിസ്താൻ ബന്ധം വഷളായിരിക്കുകയാണ്. അധികാരത്തിലെത്തിയ ഉടൻ തന്നെ പാകിസ്താനും താലിബാനും തമ്മിലുള്ള ബന്ധം ഇത്രയധികം വഷളാകുമെന്നും ഇന്ത്യയുമായി താലിബാൻ ബന്ധം സ്ഥാപിക്കുമെന്നോ മൂന്ന് രാഷ്ട്രങ്ങളും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യുഎസ് പിന്തുണയുള്ള അഫ്ഗാൻ ഭരണകൂടത്തെ നേരത്തെ ഇന്ത്യ പിന്തുണച്ചിരുന്നു. താലിബാൻ മന്ത്രിയുടെ ഇപ്പോഴത്തെ ഇന്ത്യ സന്ദർശനം നയതന്ത്ര, വ്യാപാര, രാഷ്ട്രീയ ബന്ധങ്ങൾ വർധിപ്പിക്കാൻ ഗൗരവമായ നീക്കങ്ങൾ നടക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
അഫ്ഗാൻ വിദേശകാര്യ, വ്യാപാര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്കൊപ്പമാണ് എസ്.ജയശങ്കറുമായുള്ള ചർച്ചക്ക് മുത്തഖി എത്തിയത്. ''നമ്മൾ തമ്മിലുള്ള അടുത്ത സഹകരണം നിങ്ങളുടെ ദേശീയ വികസനത്തിനും പ്രാദേശിക സ്ഥിരതക്കും പ്രതിരോധശേഷിക്കും സംഭാവന നൽകും''- ജയശങ്കർ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവയോടുള്ള ഇന്ത്യയുടെ പൂർണ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ 'അടുത്ത സുഹൃത്ത്' എന്നാണ് മുത്തഖി വിശേഷിപ്പിച്ചത്. ഇന്ത്യയിലെ വിവിധ ബിസിനസുകാരുമായും അഫ്ഗാൻ പ്രതിനിധിസംഘം ചർച്ച നടത്തി.
താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും താലിബാനുമായി ഏതെങ്കിലും തരത്തിലുള്ള നയതന്ത്രപരമോ അനൗപചാരികമോ ആയ ബന്ധം നിലനിർത്തുന്ന നിരവധി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ നേരത്തെയും മാനുഷിക സഹായങ്ങൾ നൽകിയിരുന്നു. ഇന്ത്യ- പാക് ബന്ധവും പാക്- അഫ്ഗാൻ ബന്ധവും വഷളായ പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങൾ എന്നതും ശ്രദ്ധേയമാണ്.
പാകിസ്താനുമായുള്ള ബന്ധം മോശമായ പശ്ചാത്തലത്തിൽ ഭാവിയിൽ പാകിസ്താനെ കൂടുതൽ ആശ്രയിക്കുന്നത് ഒഴിവാക്കി പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള നീക്കമാണ് താലിബാൻ നടത്തുന്നതെന്ന് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനിലെ വിദഗ്ധരായ ഹർഷ് വി പന്ത്, ശിവം ശെഖാവത് എന്നിവർ എൻഡിടിവിയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നത് തങ്ങളുടെ പൊതുസ്വീകാര്യത വർധിപ്പിക്കാൻ സഹായിക്കുമെന്ന വിലയിരുത്തലും താലിബാനുണ്ട്.
മുത്തഖിയുടെ സന്ദർശനം പാകിസ്താന് ഒരു തിരിച്ചടിയാണെന്നും താലിബാൻ ഭരണകൂടത്തിന് അംഗീകാരം ലഭിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്നും എക്‌സിലെ നയതന്ത്രകാര്യ വിശകലന വിദഗ്ധനായ ബ്രഹ്മ ചെല്ലാനി പറഞ്ഞു. ഇന്ത്യ- താലിബാൻ ബന്ധങ്ങളിൽ ജാഗ്രതയോടെയുള്ള പുനഃസ്ഥാപനമാണ് ഇത് സൂചിപ്പിക്കുന്നത്. ഇരുപക്ഷവും തന്ത്രപരമായ താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോുന്നതിന് പ്രായോഗിക ഇടപെടലിന് മുൻഗണന നൽകുന്നു. മേഖലയിലെ ശാക്തിക ചേരിയിൽ തന്ത്രപരമായ മാറ്റങ്ങൾക്കും മുത്തഖിയുടെ സന്ദർശനം വഴിയൊരുക്കുമെന്ന് ചെല്ലാനി വിലയിരുത്തുന്നു.
2021 ആഗസ്റ്റ് 15ന് താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ ഇന്ത്യ അഫ്ഗാനിസ്ഥാനിലെ എംബസിയും നാല് കോൺസുലേറ്റുകളും അടച്ചുപൂട്ടിയിരുന്നു. വിദ്യാർഥികൾ, രോഗികൾ, വ്യാപാരികൾ, മുൻ സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരുൾപ്പെടെ എല്ലാ മേഖലകളിലെയും അഫ്ഗാനിസ്ഥാന്മാർക്ക് വിസ നൽകുന്നത് നിർത്തിവച്ചു. സുരക്ഷാ കാരണങ്ങളാൽ ആയിരക്കണക്കിന് അഫ്ഗാനികൾക്ക് ഇതിനകം നൽകിയിരുന്ന മിക്കവാറും എല്ലാ വിസകളും ഒറ്റ ക്ലിക്കിലൂടെ റദ്ദാക്കി. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇന്ത്യ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിച്ചു. 2022 ജൂണിൽ മാനുഷിക സഹായ വിതരണത്തിന് മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ ഒരു സംഘത്തെ ഇന്ത്യ അഫ്ഗാനിലേക്ക് അയച്ചു.
സ്വാധീനമുള്ള താലിബാൻ നേതാക്കൾക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഇന്ത്യ വിസ നൽകാൻ തുടങ്ങി. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അത്തരം സന്ദർശനങ്ങൾ വിശ്വാസവും ധാരണയും വളർത്തിയെടുക്കാൻ സഹായിച്ചു. കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ ഒരു പ്രതിനിധിയെ നിയമിക്കാനും ആദ്യം മുംബൈയിലും പിന്നീട് ഏതാനും മാസങ്ങൾക്ക് ശേഷം ഹൈദരാബാദിലും കോൺസുലേറ്റുകൾ തുറക്കാനും ഇന്ത്യ താലിബാനെ അനുവദിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി, ഇരു രാജ്യങ്ങളും ഘട്ടം ഘട്ടമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും വിദേശത്ത് നിരവധി ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ മുത്തഖിയും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ദുബൈയിൽ നടത്തിയ കൂടിക്കാഴ്ച ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു.
തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനിൽ വളരെക്കാലമായി ഇടപെടൽ നടത്തിവരുന്നുണ്ട്. 1994ൽ രൂപീകൃതമായത് മുതൽ പാകിസ്താനുമായ നല്ല ബന്ധമാണ് താലിബാൻ കാത്തുസൂക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ അന്ന് പാകിസ്താന്റെ ഒരു പ്രതിരൂപമായാണ് ഇന്ത്യ താലിബാനെ കണ്ടിരുന്നത്. 2011ലെ യുഎസ് അധിനിവേശത്തിന് ശേഷം റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും അഫ്ഗാനിൽ താലിബാനെതിരെ പോരാടുന്ന വിഭാഗങ്ങളെ പിന്തുണച്ചിരുന്നു. പിന്നീട് അവിടെ അധികാരത്തിലെത്തിയ യുഎസ് പിന്തുണയുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്.
1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണകാലത്ത് പാകിസ്താനുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാൽ 2021ൽ അധികാരത്തിലെത്തിയ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശം നിലയിലാണ്. പാക് പ്രതിരോധ മന്ത്രിയടക്കം അഫ്ഗാനിസ്താനെ ശത്രുരാജ്യം എന്നാണ് വിശേഷിപ്പിച്ചത്. പാക് താലിബാന് പാകിസ്താനിൽ ആക്രമണം നടത്താൻ താലിബാൻ ഭരണകൂടം സഹായം ൽകുന്നുവെന്നും പാകിസ്താൻ ആരോപിക്കുന്നുണ്ട്. ഇതെല്ലാം താലിബാൻ തള്ളുകയും ചെയ്തിരുന്നു.
താലിബാനുമായി നല്ല ബന്ധം നിലനിർത്താൻ ഇന്ത്യ ശ്രമിക്കാനുള്ള പ്രഥമവും പ്രധാനവുമായ കാരണം ദേശസുരക്ഷയാണ്. അൽ ഖാഇദ, ഇസ്‌ലാമിക് സ്റ്റേറ്റ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ഭീഷണി മറികടക്കാൻ താലിബാൻ ബന്ധം സഹായിക്കുമെന്ന് ഇന്ത്യ കരുതുന്നു. ഇന്ത്യക്ക് എതിരായ തീവ്രവാദ പ്രവർത്തനത്തിന് അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മുത്തഖി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
മധ്യേഷ്യയിൽ ചൈനയുടെയും പാകിസ്താന്റെ സ്വാധീനം മറികടക്കാൻ അഫ്ഗാനിസ്താൻ വഴി ഇറാനുമായുള്ള ബന്ധം സഹായിക്കുമെന്നും ഇന്ത്യ കരുതുന്നു. അതേസമയം വളരെ ജാഗ്രതയോടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിൽ അടുക്കുന്നത്. മുൻകാലങ്ങളിൽ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചുള്ള സംശയങ്ങളും ആഭ്യന്തര പരിഗണനകളും വിദേശ പ്രത്യാഘാതങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നത്.
Adjust Story Font
16

