Quantcast

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരെ മതസ്പർധ വളർത്തിയതിന് കേസ്

കഴിഞ്ഞദിവസം, അണ്ണാമലൈ പാപ്പിറെഡ്ഡിപ്പട്ടിയിലെ സെന്റ് ലൂർദ് പള്ളിയിലെ കന്യാമറിയത്തിന്റെ പ്രതിമയിൽ ബലം പ്രയോ​ഗിച്ച് മാല ചാർത്താൻ ശ്രമിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-01-11 04:55:49.0

Published:

11 Jan 2024 4:51 AM GMT

Tamil Nadu BJP chief Annamalai booked for promoting religious enmity
X

ചെന്നൈ: തമിഴ്നാട്ടിൽ ക്രിസ്ത്യൻ പള്ളിയിൽ കന്യാമറിയത്തിന്റെ രൂപത്തിൽ മാലയിടാൻ ചെല്ലുകയും വിശ്വാസികളുമായി തർക്കിക്കുകയും ചെയ്ത സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈക്കെതിരെ കേസ്. മതസ്പർധ വളർത്തിയതിനാണ് പൊലീസ് കേസെടുത്തത്.

ഐപിസി 153 (എ), 504, 505 (2) എന്നീ വകുപ്പുകൾ ചുമത്തിയാണ് ധർമപുരി ജില്ലയിലെ ബൊമ്മിഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കാർത്തിക് എന്ന വിശ്വാസിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം, തന്റെ റാലിക്കിടെ അണ്ണാമലൈ പാപ്പിറെഡ്ഡിപ്പട്ടിയിലെ സെന്റ് ലൂർദ് പള്ളിയിലെ കന്യാമറിയത്തിന്റെ പ്രതിമയിൽ ബലം പ്രയോ​ഗിച്ച് മാല ചാർത്താൻ ശ്രമിച്ചിരുന്നു.

പാപ്പിറെഡ്ഡിപ്പട്ടി ഗ്രാമത്തിൽ അണ്ണാമലൈയുടെ എൻ മൻ, എൻ മക്കൾ യാത്ര എത്തിയപ്പോഴായിരുന്നു സംഭവം. മണിപ്പൂരിലെ വംശീയ അതിക്രമത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്ന് അവകാശപ്പെട്ടാണ് ബിജെപി നേതാവ് ചർച്ചിലെത്തിയത്. എന്നാൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മണിപ്പൂരിലെ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെ ചോദ്യം ചെയ്ത് പ്രതിഷേധക്കാർ അണ്ണാമലൈയെ തടഞ്ഞു.

ബിജെപി പുറത്തുപോവുക എന്ന മുദ്രാവാക്യവും അവർ ഉയർത്തി. മണിപ്പൂർ സംഘർഷത്തിലെ ബിജെപി നിലപാടും ചർച്ചുകൾക്കും ക്രൈസ്തവർക്കുമെതിരായ ആക്രമണവും ചൂണ്ടിക്കാട്ടിയാണ് വിശ്വാസികൾ അണ്ണാമലൈയ്ക്കും സംഘത്തിനുമെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

“ഞങ്ങളെപ്പോലുള്ള ക്രിസ്ത്യാനികൾ മണിപ്പൂരിൽ കൊല്ലപ്പെട്ടു. അവർ ഞങ്ങളുടെ ആളുകളെ കൊന്നു. അവർ ഞങ്ങളുടെ പള്ളികൾ നശിപ്പിച്ചു. ഇത് ഞങ്ങളുടെ പുണ്യഭൂമിയാണ്. നിങ്ങൾക്ക് ഈ രൂപത്തിൽ മാലയിടാൻ കഴിയില്ല“- പ്രതിഷേധക്കാർ പറഞ്ഞു. “നിങ്ങൾ എന്തിനാണ് ഞങ്ങളുടെ ക്രിസ്ത്യൻ ജനതയെ കൊന്നത്?”- എന്നും നിരവധി പ്രതിഷേധക്കാർ ചോദിച്ചു.

എന്നാൽ, മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ പ്രശ്‌നമല്ല ഇതെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. ഡിഎംകെക്കാരെപ്പോലെ സംസാരിക്കരുത് എന്നും വിശ്വാസികളോട് അണ്ണാമലൈ പറഞ്ഞു. തങ്ങൾ ഡിഎംകെയുടെ ഭാഗമല്ലെന്ന് അവർ മറുപടി നൽകുകയും തുടർന്ന് ബിജെപി നേതാവും വിശ്വാസികളും തമ്മിൽ വാക്കേറ്റം കടുക്കുകയും ചെയ്തിരുന്നു.

മണിപ്പൂരിൽ അധികാരത്തിലിരിക്കുന്നത് ബിജെപിയാണെന്നും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതും ചർച്ചുകൾ തകർക്കുന്നതും തടയാൻ അവർ ഒന്നും ചെയ്തില്ലെന്നും വിശ്വാസികൾ അണ്ണാമലൈയോട് പറഞ്ഞു. ഒടുവിൽ, രൂക്ഷമായ വാക്കേറ്റത്തിന് ശേഷം പിരിഞ്ഞുപോകാൻ പൊലീസ് സമരക്കാരെ നിർബന്ധിക്കുകയും അണ്ണാമലൈയ്ക്ക് മാല ചാർത്താൻ സൗകര്യമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിശ്വാസികൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.



TAGS :

Next Story