'ഉത്തരേന്ത്യൻ സ്ത്രീയോട് ഭര്‍ത്താവ് എവിടെ ജോലി ചെയ്യുന്നുവെന്ന് ചോദിക്കും, തമിഴ്നാട്ടിലെ സ്ത്രീകളോട് നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നതെന്നും'; തമിഴ്നാട് മന്ത്രി, വിവാദം
തമിഴ്‌നാട്ടിലും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും സ്ത്രീ ആയിരിക്കുന്നതിൽ വ്യത്യാസമുണ്ട്

ചെന്നൈ: തമിഴ്നാട്ടിലെയും ഉത്തരേന്ത്യയിലെയും സ്ത്രീകളെ താരതമ്യം ചെയ്തുകൊണ്ടുള്ള തമിഴ്‌നാട് മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. ഉത്തരേന്ത്യൻ സ്ത്രീയോട് ഭര്‍ത്താവ് എവിടെ ജോലി ചെയ്യുന്നുവെന്നും തമിഴ്നാട്ടിലെ സ്ത്രീകളോട് എവിടെയാണ് ജോലി ചെയ്യുന്നതെന്നുമുള്ള വ്യവസായ മന്ത്രി ടിആർബി രാജയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. എത്തിരാജ് കോളേജ് ഫോർ വിമനിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
“തമിഴ്‌നാട്ടിലും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും സ്ത്രീ ആയിരിക്കുന്നതിൽ വ്യത്യാസമുണ്ട്. 100 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സ്ത്രീകളെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. ഉത്തരേന്ത്യയിൽ സ്ഥിതിക്ക് മാറ്റമില്ല. ഉത്തരേന്ത്യയിൽ, നമ്മൾ ഒരു സ്ത്രീയെ കാണുമ്പോൾ നിങ്ങളുടെ ഭർത്താവ് എവിടെയാണ് ജോലി ചെയ്യുന്നതെന്നായിരിക്കും ആദ്യത്തെ ചോദ്യം. എന്നാൽ നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നതെന്നാണ് തമിഴ്നാട്ടിലെ സ്ത്രീകളോട് ചോദിക്കുന്നത്. ഈ മാറ്റം ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. കുറഞ്ഞത് തമിഴ്‌നാട്ടിൽ ഒരു നൂറ്റാണ്ടിന്‍റെ പരിശ്രമം വേണ്ടിവന്നു” എന്നാണ് മന്ത്രി പറഞ്ഞത്.
മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ മന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. "മതപരമായ ആചാരങ്ങൾ കാരണം ഉത്തരേന്ത്യയിലെ സ്ത്രീകൾ പലപ്പോഴും വീട്ടമ്മമാരായി ഒതുങ്ങുന്നു. അവർ മനുസ്മൃതി പിന്തുടരുന്നു, നമ്മൾ അത് പിന്തുടരുന്നില്ല. ഡിഎംകെ സർക്കാർ എല്ലായ്പ്പോഴും സ്ത്രീകളെ ശാക്തീകരിക്കാൻ പ്രവർത്തിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ മന്ത്രിയുടെ പരാമര്‍ശം വ്യാപക വിമര്‍ശനത്തിനിടയാക്കി. “ഒരിക്കൽ കൂടി, ഡിഎംകെ അതിർത്തി ലംഘിച്ച് യുപി, ബിഹാർ, ഉത്തരേന്ത്യയെ അപമാനിച്ചു” ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല എക്‌സിൽ കുറിച്ചു.
"ഇത് ഡിഎംകെയുടെ ഇടുങ്ങിയ മനോഭാവത്തെ കാണിക്കുന്നു. മതത്തെ പുരോഗതിയുമായി എങ്ങനെ കൂട്ടിക്കലർത്താം? ഡിഎംകെ സ്ത്രീകളോട് വിവേചനം കാണിക്കുന്നു. തമിഴ്‌നാട്ടിലെ സ്ത്രീകൾ പോലും ഇത് അംഗീകരിക്കില്ല. ഇത് നിർഭാഗ്യകരമാണ്. ജനങ്ങൾ ഡിഎംകെയെ ശിക്ഷിക്കണം. വിലകുറഞ്ഞ രാഷ്ട്രീയം. നിങ്ങൾക്ക് എങ്ങനെ ഒരു അമ്മയോട് വിവേചനം കാണിക്കാൻ കഴിയും?" മുൻ ബിജെപി തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ വിമര്‍ശിച്ചു.
Adjust Story Font
16

