മദ്യപിച്ചെത്തി വഴക്ക് പതിവ്; അച്ഛനെ കോടാലി കൊണ്ട് ആക്രമിച്ച് കൊന്ന് 15കാരി
സംഭവത്തിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്തതായി സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

റായ്പ്പൂർ: മദ്യപാനിയായ പിതാവിനെ കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി 15കാരിയായ മകൾ. ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിലെ ബഗ്ബഹർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം.
അച്ഛൻ മദ്യപിച്ചെത്തുകയും അമ്മയുമായി വഴക്കിടുകയും ചെയ്യുന്നത് പതിവായതോടെയാണ് പെൺകുട്ടി പിതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്തതായി ജാഷ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ശശിമോഹൻ സിങ് പറഞ്ഞു.
50 വയസുള്ള ഒരാൾ കൊല്ലപ്പെട്ടതായും മൃതദേഹം കട്ടിലിൽ കിടക്കുന്നതായും ഏപ്രിൽ 22നാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് എസ്എസ്പി പറഞ്ഞു. കൊലപാതകത്തിന്റെ പിറ്റേദിവസം രാവിലെ അയൽവീട്ടിലെത്തിയ പെൺകുട്ടി ആരോ തന്റെ പിതാവിനെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അയൽക്കാർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിനിടെ കുറ്റകൃത്യത്തിൽ പെൺകുട്ടിയുടെ പങ്ക് വ്യക്തമായതായും എസ്പി വ്യക്തമാക്കി.
അച്ഛൻ മദ്യപിച്ചെത്തി തന്നോടും അമ്മയോടും വഴക്കിടാറുണ്ടെന്നും തങ്ങൾ അതിൽ അസ്വസ്ഥരായിരുന്നെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന സമയം അമ്മ വീട്ടിലുണ്ടായിരുന്നില്ല. അച്ഛൻ മദ്യപിച്ചെത്തി മകളുമായി വഴക്കിടുകയും ഇതോടെ പെൺകുട്ടി കോടാലിയെടുത്ത് ആക്രമിക്കുകയുമായിരുന്നു.
അടിയേറ്റ അച്ചൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പെൺകുട്ടിയെ ജുവൈൽ ഹോമിലേക്ക് അയച്ചതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

