വീണ്ടും ദുരഭിമാനക്കൊല: താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് 17കാരിയെ വെടിവച്ച് കൊന്ന് നദിയിൽ തള്ളി
ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പരസ്പരവിരുദ്ധ മറുപടികളാണ് നൽകിയത്.

Photo| Special Arrangement
ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് 17കാരിയെ വെടിവച്ച് കൊന്ന് മൃതദേഹം നദിയിൽതള്ളി കുടുംബം. മൊറേന ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥിനിയായ ദിവ്യ സികർവാറാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, പിതാവ് ഭരത് സികർവാർ പെൺകുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് കല്ലുകെട്ടി വീട്ടിൽ നിന്ന് 30 കി.മീ അകലെയുള്ള കുൻവാരി പുഴയിൽ തള്ളുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
മേൽജാതിയിൽപ്പെട്ട ക്ഷത്രിയ കുടുംബത്തിൽ നിന്നുള്ള ദിവ്യയ്ക്ക് പിന്നാക്ക ജാതിയിൽപ്പെട്ട ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധമാണ് കുടുംബത്തെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു, ഇത് ദുരഭിമാനക്കൊലയ്ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.
ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പരസ്പരവിരുദ്ധ മറുപടികളാണ് നൽകിയത്. ഫാനിൽനിന്ന് ഷോക്കേറ്റാണ് പെൺകുട്ടി മരിച്ചതെന്നാണ് ഇവർ ആദ്യം പറഞ്ഞത്. എന്നാൽ, ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പിന്നീട് പറഞ്ഞു. എന്നാൽ ഭാഗികമായി അഴുകിയ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധർ, തലയിൽ വെടിയേറ്റ മുറിവുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ദിവ്യയുടെ പ്രായപൂർത്തിയാകാത്ത ഇളയ സഹോദരനെയും സഹോദരിയെയും സംഭവം നടന്ന രാത്രി മുതൽ കാണാതായിട്ടുണ്ട്. ഈ തിരോധാനവും മാതാപിതാക്കളുടെ മൊഴിമാറ്റലും മൃതദേഹം ഉപേക്ഷിച്ചതും കൊലപാതകക്കേസിനെ ശക്തിപ്പെടുത്തുന്നുവെന്ന് പൊലീസ് പറയുന്നു.
'ദിവ്യയുടെ മൃതദേഹം കുൻവാരി നദിക്കരയിൽ നിന്ന് കണ്ടെത്തി പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ'- എഎസ്പി സുരേന്ദ്ര പാൽ സിങ് ദബർ പറഞ്ഞു. ദിവ്യ വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതായും, അമ്മാവന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു പിസ്റ്റൾ അവളുടെ കൈവശം ഉണ്ടായിരുന്നതായും കുടുംബം പറയുന്നു. കൊലപാതകത്തിന് ഉപയോഗിച്ചത് ഇതേ ആയുധമാണോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
'ഞാൻ നോക്കുമ്പോൾ അവൾ പരിക്കേറ്റ് കിടക്കുകയായിരുന്നു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. പേടിച്ചുപോയ ഞാൻ മൃതദേഹം സംസ്കരിക്കുകയായിരുന്നു'- എന്നാണ് പിതാവിന്റെ വാദം.
ചംബൽ- ഗ്വാളിയോർ മേഖലയിൽ ഇതാദ്യമായല്ല ഇത്തരം സംഭവം. കഴിഞ്ഞ ജൂണിൽ മൊറേനയിലെ ഒരാൾ തന്റെ പേരക്കുട്ടിയായ മലിഷ്കയെ കൊലപ്പെടുത്തിയിരുന്നു. മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായതായിരുന്നു കാരണം. ജനുവരിയിൽ 20കാരനായ താനു ഗുർജാർ എന്ന യുവാവിനെ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് അച്ഛനും ബന്ധുവും ചേർന്ന് കൊലപ്പെടുത്തിയിരുന്നു. 2023 ജൂണിൽ ഒരാൾ തന്റെ മകളെയും ആൺസുഹൃത്തിനേയും കൊലപ്പെടുത്തി ചംബൽ നദിയിൽ തള്ളിയിരുന്നു.
കഴിഞ്ഞദിവസം യുപിയിലെ അസംഗഢിലും സമാനരീതിയിൽ ദുരഭിമാനക്കൊല അരങ്ങേറിയിരുന്നു. റസ്റ്റോറന്റിലിരുന്ന് ബന്ധുവായ ആൺസുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ മകളെ പിതാവ് വെടിവച്ച് കൊല്ലുകയായിരുന്നു. വെടിവെപ്പിൽ ആൺസുഹൃത്തിനും പരിക്കേറ്റു. അസംഗഢ് ജില്ലയിൽ ദേവ്ഗാവിലെ ഒരു ഭക്ഷണശാലയിലായിരുന്നു സംഭവം. മകളെയും സുഹൃത്തിനെയും ഒരുമിച്ച് കണ്ടതിൽ പ്രകോപിതനായ പിതാവ് വെടിയുതിർക്കുകയായിരുന്നു.
വെള്ളിയാഴ്ച സ്കൂൾ കഴിഞ്ഞ് ഭക്ഷണശാലയിൽ എത്തിയ 16കാരിയും അകന്ന ബന്ധുവായ 20കാരനെയും ഒരുമിച്ചുകണ്ട അമ്മ ബഹളം വച്ചു. പിന്നാലെയെത്തിയ പിതാവ് ഭക്ഷണശാലയിൽ കയറി ഇരുവരെയും മർദിച്ചു. പെൺകുട്ടിയുടെ അമ്മയും ഭക്ഷണശാല ജീവനക്കാരും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി തന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിയുതിർത്തതെന്നും പൊലീസ് പറയുന്നു.
Adjust Story Font
16

