ചിരാഗ് എത്രയും വേഗം വിവാഹം കഴിക്കണമെന്ന് തേജസ്വി; 'എനിക്കും ബാധകം' ചിരിപടര്‍ത്തി രാഹുലിന്‍റെ കൗണ്ടര്‍
ബിഹാറിൽ ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രാഹുൽ പറഞ്ഞു

പറ്റ്ന: രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാളെ മുതൽ രണ്ട് ദിവസം പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകും. അഖിലേഷ് യാദവ്, മുഖ്യമന്ത്രിമാരായ എം.കെ സ്റ്റാലിൻ, സിദ്ധരാമയ്യ, ഹേമന്ദ് സോറൻ, രേവന്ദ് റെഡി, സുഖ്‍വിന്ദര്‍ സിങ് സുഖു എന്നിവരും അടുത്ത ദിവസങ്ങളിൽ യാത്രക്ക് എത്തും. ഇന്ന് യാത്രക്ക് അവധിയാണ്. നാളെ സുപോളിൽ നിന്നാണ് യാത്ര പുനരാരംഭിക്കുക. സെപ്റ്റംബർ ഒന്നിന് പറ്റ്നയിലാണ് യാത്രയുടെ സമാപനം.
ഇതിനിടയിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും പങ്കെടുത്ത അരാരിയിലെ വാര്‍ത്താ സമ്മേളനത്തിൽ രാഹുലിന്‍റെ കല്യാണക്കാര്യവും ചര്‍ച്ചയായിരുന്നു. എൽജെപി നേതാവ് ചിരാഗ് പാസ്വാന്‍റെ വിവാഹക്കാര്യവുമായി ബന്ധപ്പെട്ട പ്രസ്താവന രാഹുൽ ഏറ്റുപിടിച്ചതോടെയാണ് രസകരമായ മുഹൂര്‍ത്തങ്ങൾക്ക് വേദി സാക്ഷ്യം വഹിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ചിരാഗ് പാസ്വാനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുള്ള തേജസ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു, ''ചിരാഗ് പാസ്വാനെക്കുറിച്ചല്ല ഇന്നത്തെ നമ്മുടെ ചര്‍ച്ച. വേറെ ഒരുപാട് വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ എന്താണ് പറയേണ്ടത്, അദ്ദേഹം എനിക്ക് ജ്യേഷ്ഠ സഹോദരനാണ്. അങ്ങനെവരുമ്പോള്‍ അദ്ദേഹത്തിന് ഒരു ഉപദേശം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ട്. അത്, എത്രയും പെട്ടെന്ന് വിവാഹം കഴിക്കണം, എന്നതാണ്'' എന്നാണ് തേജസ്വി പറഞ്ഞത്.
'ഇത് എനിക്കും ബാധകമാണ്' ഇതെല്ലാം കേട്ട് അടുത്തിരിക്കുകയായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി പെട്ടെന്നായിരുന്നു. ഇതോടെ വേദിയിലും സദസ്സിലും ചിരി പടര്‍ന്നു. 'എന്‍റെ പിതാവ് ലാലു പ്രസാദ് യാദവ് കുറേക്കാലമായി ഇതേക്കുറിച്ച് പറയുന്നുണ്ട്,' എന്ന് തേജസ്വി വീണ്ടും പറഞ്ഞപ്പോൾ ചര്‍ച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. ഇതോടെ കൂട്ടച്ചിരിയായി.
ബിഹാറിൽ ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രാഹുൽ പറഞ്ഞു. "ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരു പൊതു പ്രകടന പത്രിക ഇൻഡ്യാ ബ്ലോക്ക് ഉടൻ പുറത്തിറക്കും. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ ഘടകകക്ഷികളും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. മികച്ച ഫലമുണ്ടാകും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

