കുത്തക മണ്ഡലത്തിൽ കാലിടറി ആര്‍ജെഡി; തേജസ്വി യാദവ് പിന്നിൽ
വോട്ടെണ്ണൽ ആരംഭിച്ച് മൂന്നര മണിക്കൂർ പിന്നിടുമ്പോൾ തേജസ്വി 3,000 വോട്ടുകൾക്ക് പിന്നിലാണ്.

പറ്റ്ന: വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ മുന്നേറിക്കൊണ്ടിരുന്ന മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് ഇപ്പോൾ പിന്നിലാണ്. ബിജെപിയുടെ സതീഷ് കുമാറാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് മൂന്നര മണിക്കൂർ പിന്നിടുമ്പോൾ തേജസ്വി 3,000 വോട്ടുകൾക്ക് പിന്നിലാണ്.
യാദവ് കുടുംബത്തിന്‍റെ കുത്തക മണ്ഡലമായ രാഘവ്പൂരിൽ ആര്‍ജെഡിക്ക് കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. ബിഹാറിൽ എൻഡിക്ക് അനുകൂലമായ വീശിയ കാറ്റ് രാഘവ്പൂരിലേക്കുമെത്തിയെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
തേജസ്വി യാദവിന്റെ പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവും അമ്മ റാബ്‍റി ദേവിയും വിജയിച്ച സീറ്റാണിത്. 2015 മുതൽ തേജസ്വി ഈ സീറ്റിനെ പ്രതിനിധീകരിക്കുന്നു. 2020 ലെ തെരഞ്ഞെടുപ്പിൽ 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഇവിടെ നിന്നും ജയിച്ചത്. പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരജ് പാര്‍ട്ടിയും ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് യാദവിന്‍റെ പാര്‍ട്ടിയായ ജനശക്തി ജനതാദളും രാഘവ്പൂരിൽ മത്സരിക്കുന്നുണ്ട്. പ്രേംകുമാറാണ് ജെജെഡി സ്ഥാനാര്‍ഥി.
ആര്‍ജെഡിയുടെ സേഫ് സീറ്റായതുകൊണ്ടു തന്നെ എല്ലാ തെരഞ്ഞെടുപ്പുകളിലും രാഘവ്പൂര്‍ ഒരു ചർച്ചാവിഷയമാണ്. ഇത്തവണ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ രാഘവ്പൂരിൽ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.
Adjust Story Font
16

