Quantcast

ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് ബഹിഷ്‌കരണവും ആലോചിക്കേണ്ടിവരുമെന്ന് തേജസ്വി യാദവ്

ബിജെപി നൽകുന്ന വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കിൽ പിന്നെ അതിന് എന്ത് അർഥമാണുള്ളതെന്ന് തേജസ്വി യാദവ് ചോദിച്ചു.

MediaOne Logo

Web Desk

  • Published:

    23 July 2025 7:46 PM IST

Tejashwi Yadav to skip CBI summons in land-for-jobs scam
X

Tejashwi Yadav

പട്‌ന: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് വരെ ആലോചിക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ബിജെപി നൽകുന്ന വോട്ടർ പട്ടികക്ക് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കിൽ പിന്നെ എന്തിനാണ് മത്സരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ തേജസ്വി യാദവ് ചോദിച്ചു.

''ബിജെപി നൽകുന്ന വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടത്താൻ പോകുന്നതെങ്കിൽ, സത്യസന്ധമായി തെരഞ്ഞെടുപ്പ് നടത്തുന്നില്ലെങ്കിൽ, പിന്നെ തെരഞ്ഞെടുപ്പിന്റെ അർഥമെന്താണ്? തുടക്കം മുതൽ തന്നെ സത്യസന്ധതയില്ലായ്മ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്? തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് നടത്തുന്നതിന് പകരം ഒരു കാലാവധി നീട്ടിക്കൊടുക്കുന്നതാണ് നല്ലത്...''- തേജസ്വി യാദവ് പറഞ്ഞു.

വോട്ടർ പട്ടികയിൽ നിന്ന് 52 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിൽ 18 ലക്ഷം പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 26 ലക്ഷം വോട്ടർമാർ വ്യത്യസ്ത നിയോജക മണ്ഡലങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഏഴുലക്ഷം പേർ രണ്ട് സ്ഥലങ്ങളിൽ പേരുള്ളവരായിരുന്നു. ആഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ സെപ്റ്റംബർ ഒന്ന് വരെ സമയം അനുവദിക്കുമെന്നും കമ്മീഷൻ പറഞ്ഞു. സെപ്റ്റംബർ 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും അവസരമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.

TAGS :

Next Story