Quantcast

ഹണിമൂൺ മോഡൽ കൊലപാതകം തെലങ്കാനയിലും; നവവരനെ കൊന്നുതള്ളി, യുവതിയും കാമുകനും അറസ്റ്റിൽ

ഗഡ്‌വാൾ പട്ടണത്തിലെ രാജവീഥിനഗറിൽ നിന്നുള്ള ലാൻഡ് സർവേയറും നൃത്താധ്യാപകനുമായിരുന്നു 32 കാരനായ ഗന്ത തേജേശ്വർ

MediaOne Logo

Web Desk

  • Published:

    27 Jun 2025 8:47 AM IST

ഹണിമൂൺ മോഡൽ കൊലപാതകം തെലങ്കാനയിലും; നവവരനെ കൊന്നുതള്ളി, യുവതിയും കാമുകനും അറസ്റ്റിൽ
X

ഹൈദരാബാദ്: മേഘാലയയിലെ ഇൻഡോറിൽ ഹണിമൂൺ ആഘോഷത്തിനിടെ ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയത് നാടിനെയാകെ ഞെട്ടിച്ചിരുന്നു. ഇതേ മോഡൽ കൊലപാതകം ഇപ്പോൾ തെലങ്കാനയിലും സംഭവിച്ചിരിക്കുകയാണ്. തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിൽ വിവാഹം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം നവവരനെ കൊന്നുതള്ളിയിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച തേജേശ്വറിന്‍റെ ഭാര്യ ഐശ്വര്യയെയും(23) ആൺസുഹൃത്ത് തിരുമല റാവുവിനെയും (35) പൊലീസ് അറസ്റ്റ് ചെയ്തു.

ഗഡ്‌വാൾ പട്ടണത്തിലെ രാജവീഥിനഗറിൽ നിന്നുള്ള ലാൻഡ് സർവേയറും നൃത്താധ്യാപകനുമായിരുന്നു 32 കാരനായ ഗന്ത തേജേശ്വർ. കര്‍ണൂല്‍ സ്വദേശിനിയായ 23-കാരി ഐശ്വര്യയും തേജേശ്വറും കഴിഞ്ഞ മേയ് 18-നാണ് വിവാഹിതരാകുന്നത്. ഒരു മാസത്തിന് ശേഷം ജൂൺ 17ന് തേജേശ്വറിനെ കാണാതായി. ഇതിന് പിന്നാലെ സഹോദരൻ പൊലീസിൽ പരാതി കൊടുത്തു. അന്വേഷണത്തിനിടെ, തേജേശ്വർ തനിക്ക് പരിചയമുള്ള ആളുകളുമായി കാറിൽ പോകുന്നത് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി.നാല് ദിവസങ്ങൾക്ക് ശേഷം, ജൂൺ 21 ന്, ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ പന്യം പട്ടണത്തിന് സമീപം അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തി.

കയ്യില്‍ തെലുങ്കില്‍ അമ്മ എന്ന് പച്ചകുത്തിയിരുന്നതാണ് മൃതദേഹം തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത്. കൊലപാതകത്തില്‍ ഐശ്വര്യക്ക് പങ്കുണ്ടെന്ന് തേജേശ്വറിന്റെ കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.

2024 ഡിസംബറിൽ തേജേശ്വറുമായി വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ഐശ്വര്യ ബാങ്ക് മാനേജറായ തിരുമലയുമായുള്ള ബന്ധം തുടർന്നിരുന്നു. ഇതു മറച്ചുവെച്ചാണ് തേജേശ്വറിനെ വിവാഹം കഴിക്കുന്നത്. ഇതിനു പിന്നാലെ മേഘാലയയില്‍ നടന്ന രാജ രഘുവംശി ഹണിമൂണ്‍ കൊലപാതകത്തിന്റെ മാതൃകയില്‍ തേജേശ്വറിനെ വകവരുത്താന്‍ ഐശ്വര്യയും തിരുമല്‍ റാവുവും പ്ലാന്‍ ചെയ്തു. കൊലപാതകം നടത്താനായി വാടകക്കൊലയാളികളെയും ഏര്‍പ്പാടാക്കി. ബൈക്കില്‍ പോകുമ്പോള്‍ തേജേശ്വറിനെ ആക്രമിച്ച് കൊലപ്പെടുത്തുക. ഇതിനിടെ ഐശ്വര്യ കാമുകനൊപ്പം പോകാനുമായിരുന്നു പദ്ധതി. കൊലപാതകം-തട്ടിക്കൊണ്ടുപോകല്‍ എന്ന ആംഗിളില്‍ പൊലീസ് അന്വേഷണം നടക്കുമെന്നായിരുന്നു വിലയിരുത്തല്‍.

പ്ലാൻ നടപ്പിലാക്കുന്നതിനായി, റാവു കമ്മീഷൻ ഏജന്‍റായ കുമ്മാരി നാഗേഷിനെ സമീപിക്കുകയും തേജേശ്വറിന്‍റെ ഫോൺ നമ്പർ നൽകുകയും ചെയ്തു. തേജേശ്വറുമായി സൗഹൃദത്തിലാകാനും സാവധാനം കൊലപ്പെടുത്താനുമായിരുന്നു നിര്‍ദേശം. നാഗേഷിനും കൂട്ടാളിക്കും ഒരു ജിപിഎസ് ട്രാക്കർ നൽകി. തേജേശ്വറിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാൻ അവർ അത് രഹസ്യമായി ബൈക്കിൽ ഘടിപ്പിച്ചു.

പിന്നീട് ഈ പദ്ധതി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചു തവണ തേജേശ്വറിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ആറാമത്തെ ശ്രമത്തിലാണ് തേജേശ്വറിനെ കൊലപ്പെടുത്തുന്നത്. തേജേശ്വറിനെ ഇല്ലാതാക്കാന്‍ വായ്പ ആവശ്യപ്പെട്ട് സമീപിച്ച മൂന്നുപേര്‍ക്ക് ഐശ്വര്യയുടെ കാമുകനായ തിരുമല്‍റാവു രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. കൊലപാതകം തെളിയുകയാണെങ്കില്‍ രക്ഷപ്പെടാനുള്ള പദ്ധതിയും റാവു തയ്യാറാക്കിയിരുന്നു. ഇയാള്‍ ബാങ്കില്‍നിന്ന് 20 ലക്ഷം രൂപ വായ്പയെടുക്കുകയും തനിക്കും ഐശ്വര്യക്കും ലഡാക്കിലേക്ക് പോകാന്‍ ടിക്കറ്റ് എടുക്കുകയും ചെയ്തു.

ജൂൺ 17 ന്, ഭൂമി സർവേ എന്ന വ്യാജേന നാഗേഷും രണ്ട് സഹായികളും തേജേശ്വരനെ കുർണൂലിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടുപോയി. മടക്കയാത്രയിൽ, എറവള്ളിക്കും ഗഡ്‌വാളിനും ഇടയിൽ, വാഹനത്തിനുള്ളിൽ വെച്ച് തേജേശ്വറിനെ തലയ്ക്കടിച്ചും കഴുത്തറുത്തും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. "പിന്നീട്, അവിടെ എത്തിയ തിരുമല റാവു, കർണൂലിലേക്ക് ഒരു വഴിമാറി ഹൈവേയിലൂടെ പോയി മൃതദേഹം ആളൊഴിഞ്ഞ സ്ഥലമായ എച്ച്എൻഎസ്എസ് കനാലിന് സമീപം സംസ്കരിക്കാൻ നിർദ്ദേശിച്ചു," എസ്പി പറഞ്ഞു. വഴിമധ്യേ കൊലയാളികൾ വസ്ത്രങ്ങൾ മാറ്റി തേജേശ്വറിന്‍റെ മൊബൈൽ ഫോണും സാധനങ്ങളും ഒരു കനാലിലേക്ക് എറിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ എട്ട് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

തിരുമല റാവുവാണ് കേസിലെ മുഖ്യപ്രതിയെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ടി.ശ്രീനിവാസ റാവു പറഞ്ഞു. കർണൂലിലെ ഒരു ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന തിരുമല തന്‍റെ ഓഫീസിലെ തൂപ്പുകാരിയായ ഐശ്വര്യയുടെ അമ്മ സുജാതയുമായി പ്രണയത്തിലായിരുന്നു.സുജാതയ്ക്കു പകരം ഐശ്വര്യ ഈ ജോലിക്ക് എത്തിയതോടെയാണ് ഇരുവരും തമ്മില്‍ അടുത്തത്. ഈ ബന്ധത്തില്‍നിന്ന് മകളോട് പിന്തിരിയാന്‍ ആവശ്യപ്പെട്ട സുജാത, തേജേശ്വറിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ആദ്യം ഐശ്വര്യ ഇതിന് കൂട്ടാക്കിയില്ല. ഫെബ്രുവരി 13-ന് തേജേശ്വറുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് വിവാഹം റദ്ദാക്കി. 2019 ല്‍ വിവാഹം കഴിച്ചിരുന്ന തിരുമല്‍റാവു, ഭാര്യയെ വകവരുത്താനും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു.

അമ്മയ്ക്ക് സ്ത്രീധനം നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ ഒളിവില്‍ പോയതെന്നാണ് ഐശ്വര്യ തേജേശ്വറിനോട് പറഞ്ഞത്. വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും പിന്നീട് തേജേശ്വറിനെ അറിയിച്ചു. മെയ് 18-ന് അവര്‍ വിവാഹിതരായി. ഫെബ്രുവരിക്കും ജൂണിനും ഇടയില്‍ ഐശ്വര്യയും റാവുവും 2000 ഫോണ്‍ കോളുകള്‍ സംസാരിച്ചതായി പൊലീസ് പറയുന്നു. വിവാഹ സമയത്തും അവര്‍ നിരന്തരം ഫോണിലായിരുന്നു. താന്‍ അമ്മയുമായി സംസാരിക്കുകയാണെന്നാണ് ഐശ്വര്യ ഭര്‍തൃവീട്ടുകാരോട് പറഞ്ഞത്.

TAGS :

Next Story