മുസ്‌ലിംകൾക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎൽഎ ടി.രാജാ സിങ്
മുസ്‌ലിംകൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധനായ രാജാ സിങ് ഡൽഹിയിൽ വിളിച്ചുചേർത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്

ന്യൂഡൽഹി: മുസ്‌ലിംകൾക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎൽഎ ടി.രാജാ സിങ്. മുസ്‌ലിംകൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധനായ രാജാ സിങ് ഡൽഹിയിൽ വിളിച്ചുചേർത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്. രാജാ സിങ്ങിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്. സംഘടന പ്രശ്‌നങ്ങളെ തുടർന്ന് അടുത്തിടെ ബിജെപിയിൽ നിന്ന് രാജിവെച്ച രാജാ സിങ്ങിനെതിരെ വിദ്വേഷ പ്രസ്താവനകളുടെ പേരിൽ നിരവധി കേസുകളുണ്ട്. ഗോഷാമഹൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് രാജാ സിങ്.
''ജിഹാദികളെ ഒരു പാഠം പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗറില്ലാ മോഡലിൽ യുദ്ധത്തിന് തയ്യാറുള്ളവരുടെ പേരുകൾ എനിക്ക് വേണം. ഇതിൽ ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാത്ത രീതിയിലാണ് കാര്യങ്ങൾ നടപ്പാക്കുക. അതീവരഹസ്യമായി പ്രവർത്തിക്കാൻ കഴിവുള്ളവരെയാണ് ഞങ്ങൾക്ക് ആവശ്യമുള്ളത്. അങ്ങനെയുള്ളവർ എന്നെ ബന്ധപ്പെടണം. വിവേകമുള്ളവർക്ക് ഇതിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കാം''- രാജാ സിങ് പറഞ്ഞു.
അടുത്ത 15-20 വർഷത്തിനുള്ളിൽ ഒരു 'മഹായുദ്ധം' നടക്കുമെന്നും ഇവിടെ സമ്മേളിച്ച എല്ലാവരും അതിൽ പങ്കെടുക്കുമെന്നും യോഗത്തിൽ സംസാരിച്ച മറ്റൊരാൾ പറഞ്ഞു. വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് നേരത്തെ അറസ്റ്റിലായ ദക്ഷ് ചൗധരി ഉൾപ്പെടെയുള്ള നിരവധി ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ പേരും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ആക്രമണത്തിലൂടെ മാത്രമേ ഈ ആളുകളെ പരിഷ്‌കരിക്കാൻ കഴിയൂ എന്ന ഉപദേശം മാത്രമാണ് തനിക്ക് നൽകാനുള്ളതെന്നും ഇയാൾ പറഞ്ഞു.
അപകടകരമായ നീക്കം നടത്തുന്ന രാജാ സിങ്ങിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐഎംഐഎം ദേശീയ വക്താവ് അഡ്വ. ആദിൽ ഹുസൈൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ഡൽഹി പൊലീസിനോടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യത്തിന്റെ യഥാർഥ അർഥം വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്ന് ആദിൽ ഹുസൈൻ എക്‌സിൽ കുറിച്ചു.
ദേശസുരക്ഷക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ഗറില്ല യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മുൻ ഹരിയാന കോൺഗ്രസ് സെക്രട്ടറി രാജൻ റാവു പറഞ്ഞു. ഇത് കേവലം ക്രമസമാധാന പ്രശ്‌നമല്ല. ദേശസുരക്ഷയെ തന്നെ അപകടത്തിലാക്കുന്നതാണ്. വീഡിയോയുടെ ആധികാരികത പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണം. വിദ്വേഷത്തിനും അക്രമത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും രാജൻ റാവു ആവശ്യപ്പെട്ടു.
Adjust Story Font
16

