തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനം അതീവ ദുഷ്കരം
തൊഴിലാളികളെ ജീവനോടെ കണ്ടെത്താൻ വിദൂര സാധ്യത മാത്രമേയുള്ളൂവെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയിലെ തകർന്ന തുരങ്കത്തിൽ കുടുങ്ങിയ എട്ട് തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം ദുഷ്കരം. ഇവരുടെ 50 മീറ്റർ സമീപത്ത് രക്ഷാപ്രവർത്തകർ എത്തിയിട്ടുണ്ട്. എന്നാൽ, മുന്നോട്ടുപോവുക ദുഷ്കരമാണെന്ന് വിദഗ്ധർ പറയുന്നു.
തുരങ്കത്തിനകത്ത് ചളി നിറഞ്ഞിരിക്കുകയാണ്. ഇവ മാറ്റിയാൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കൂടുതൽ അപകടത്തിലാക്കുക മാത്രമല്ല, അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവരുടെ ജീവൻ പോലും അപകടത്തിലാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇതുവരെ അഞ്ച് സംഘങ്ങളാണ് തുരങ്കത്തിലേക്ക് പോയിട്ടുള്ളത്. ജിയോളജിസ്റ്റുകളും ഡ്രോൺ വിദഗ്ധരും ഉൾപ്പെടുന്ന അവസാനത്തെ സംഘം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് പോയത്.
നേരത്തെ ഏഴ് മീറ്റർ ഉയരമുണ്ടായിരുന്ന ചെളിഭിത്തി ഇപ്പോൾ കുറഞ്ഞത് ഒരു മീറ്ററെങ്കിലും ഉയർന്നതായി നാലാമത്തെ സംഘം പറയുന്നു. ഇത് ആശങ്ക വർധിപ്പിച്ചു.
ചെളിയുടെ അളവ് വർധിച്ചിട്ടുണ്ടെന്നും ഇത് മറ്റൊരു ചോർച്ച കാരണമാകാമെന്നും നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. തുരങ്ക ഭിത്തിയിലെ പൊട്ടലിൽനിന്ന് വെള്ളം ഒഴുകുന്നുണ്ട്. ഓരോ മിനിറ്റിലും 3200 ലിറ്റർ വെള്ളം തുരങ്കത്തിലേക്ക് ഒഴുകിയെത്തുന്നുവെന്നാണ് വിവരം. ഇത് വലിയ അളവിൽ മണൽ, പാറ, മറ്റു അവശിഷ്ടങ്ങൾ എന്നിവയുമായി കൂടിച്ചേർന്ന് കൂടുതൽ ചെളി സൃഷ്ടിക്കുകയാണ്. സ്ഥിതി വളരെ അപകടകരമാണെന്നും ഈ സമയത്ത് തീവ്രമായ രക്ഷാപ്രവർത്തനങ്ങൾ നടത്താതിരിക്കുന്നതാണ് സുരക്ഷിതമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
തൊഴിലാളികളെ ജീവനോടെ കണ്ടെത്താനുള്ള വിദൂര സാധ്യത മാത്രമേയുള്ളൂവെന്ന് തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു വ്യക്തമാക്കി. അതിജീവിക്കാനുള്ള സാധ്യത വളരെ വിദൂരമാണ്. പക്ഷേ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ശ്രീശൈലം അണക്കെട്ടിന്റെ പിന്നിലെ തുരങ്കത്തിന്റെ ചോർച്ച പരിഹരിക്കുന്നതിനിടെയാണ് അപകടം. ഇവിടെ കുടുങ്ങിയ മറ്റു തൊഴിലാളികൾ രക്ഷപ്പെട്ടിരുന്നു.
Adjust Story Font
16

