Quantcast

ടെലഗ്രാം നിരോധനം മോദി സര്‍ക്കാരിന്റെ പുതിയ തന്ത്രം; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കള്ളനെ പിടിക്കുന്നതിനുപകരം ഇരയുടെ വാതിലില്‍ പൂട്ട് തൂക്കിയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി

MediaOne Logo

രാഗേന്ദു​ പി.ആർ

  • Updated:

    2026-06-17 14:10:58

Published:

17 Jun 2026 2:43 PM IST

ടെലഗ്രാം നിരോധനം മോദി സര്‍ക്കാരിന്റെ പുതിയ തന്ത്രം; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
X

ന്യൂഡൽഹി: ടെലഗ്രാം നിരോധനം മോദി സര്‍ക്കാരിന്റെ പുതിയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കള്ളനെ പിടിക്കുന്നതിനുപകരം ഇരയുടെ വാതിലില്‍ പൂട്ട് തൂക്കിയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ടെലിഗ്രാമിലൂടെ പഠിക്കുന്നു. ഈ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എങ്ങനെ പരിഹാരം കാണും? അടുത്ത നിരോധനം ആര്‍ക്കായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

നാടകങ്ങള്‍ക്ക് ഒരു കുറവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നാടകങ്ങളെല്ലാം ഉപേക്ഷിക്കണം. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന മാഫിയകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ തഴച്ചു വളരുകയാണ്. അവര്‍ യുവാക്കളുടെ കണ്ണുകളില്‍ നിന്നും ദിനംപ്രതി രക്തക്കണ്ണീര്‍ വീഴ്ത്തുന്നു. വിദ്യാര്‍ത്ഥികളുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കേണ്ടതുണ്ട്. അവര്‍ക്ക് അവരുടെ അവകാശം നേടിയെടുക്കാന്‍ അറിയാമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ രാജസ്ഥാനിലെ കോട്ടയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ദസറ മൈതാനിയിലെ ശ്രീറാം രംഗമഞ്ചിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കണ്‍വെന്‍ഷനില്‍ രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, യുവാക്കളുടെ തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാകും. രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

'ഉത്തരവാദിത്തവും സത്യസന്ധതയും മോദി സര്‍ക്കാരിന്റെ ചിന്താഗതികള്‍ക്ക് അപ്പുറത്താണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷ സംവിധാനങ്ങളിലെ കെടുകാര്യസ്ഥതയും റദ്ദാക്കിയ നിയമനങ്ങളും കുതിച്ചുയരുന്ന ഫീസും സൗകര്യവത്കരണവും അഴിമതിയും ദിനപ്രതി ദശലക്ഷക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളാണ് തകര്‍ക്കുന്നത്. ഒന്നോർക്കുക യുവാക്കളുടെ ഭാവിയാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുക. ഇന്ത്യയിലെ യുവാക്കളോട് ഇക്കാര്യമാണ് ഞാൻ പറയാന്‍ ആഗ്രഹിക്കുന്നത്,' രാഹുല്‍ ഗാന്ധി പറഞ്ഞു.

കോട്ടയിലെ വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ ഒരു യുദ്ധകാഹളമാക്കി മാറ്റാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറെ വർഷങ്ങളിലായി ഒന്നിലധികം വിദ്യാര്‍ത്ഥികളെയാണ് കോട്ടയിലെ നീറ്റ് സെന്ററില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുപ്രീം കോടതി ഉള്‍പ്പെടെ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി പറയാനോ പരിഹാരം കാണാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോട്ടയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story