ഷാഹി മസ്ജിദിനെതിരായ നീക്കം; ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി, ഉജ്ജയിനില്‍ സംഭവിക്കുന്നത്...
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള നഗരസഭയുടെ നീക്കത്തെച്ചൊല്ലി പ്രതിഷേധവും സംഘർഷവും. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. കല്ലേറുണ്ടായതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.
2028ൽ നടക്കുന്ന സിംഹസത കുംഭമേളയ്ക്ക് മുന്നോടിയായി നടപ്പിലാക്കുന്ന റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് പള്ളിയുടെ ഒരു ഭാഗം പൊളിക്കാൻ അധികൃതർ നോട്ടീസ് നൽകിയത്. മസ്ജിദ് പൊളിക്കുന്നതിനെതിരെ പ്രദേശവാസികളായ നൂറുകണക്കിന് വിശ്വാസികള്‍ പള്ളിക്കുള്ളിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്നു.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകള്‍ പ്രചരിപ്പിച്ചവരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പള്ളിയുടെ 500 മീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ ഉയർത്തി ആളുകളുടെ സഞ്ചാരം ഭരണകൂടം നിയന്ത്രിച്ചു. അതേസമയം നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെ ക്രമസമാധാന നില പുനസ്ഥപിക്കുന്നതിന് പ്രാദേശിക സമുദായ നേതാക്കളുടെ സഹകരണം ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം മസ്ജിദ് പൊളിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. റോഡ് വികസനത്തിന്റെ പേരിൽ ഉജ്ജയിൻ ഷാഹി മസ്ജിദ് കോംപ്ലക്സ് പൊളിച്ചുനീക്കാനുള്ള നീക്കം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത അനീതിയാണെന്ന് കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ്ഡി വ്യക്തമാക്കി. ജനവികാരം മാനിക്കാനും വിഷയത്തിൽ കുറച്ചുകൂടി പക്വമായി പ്രവർത്തിക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉജ്ജയിൻ മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ പൊളിക്കൽ നോട്ടീസുകൾ ചോദ്യം ചെയ്തുകൊണ്ട് നൽകിയ രണ്ട് ഹരജികൾ മധ്യപ്രദേശ് ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു. സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾ പാലിച്ചാണ് അധികൃതർ നടപടി സ്വീകരിച്ചതെന്നും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സന്ദീപ് എൻ ഭട്ട് ഹർജികൾ തള്ളിയത്. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആര്‍) അഭിഭാഷകനായ സെയ്ദ് പഠാൻ അറിയിച്ചു. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
Adjust Story Font
16

