Quantcast

എല്ലാവര്‍ക്കും കൈകോര്‍ക്കാമെന്ന് മോദി, അതൊന്നും പറ്റില്ലെന്ന് ആള്‍ട്ട്മാനും അമോദെയിയും; എഐ ഉച്ചകോടിയില്‍ തമ്മില്‍ തൊടാതെ ടെക് സിഇഒമാര്‍

തൊട്ടടുത്ത് നിന്നിട്ടും ആള്‍ട്ട്മാനും അമോദെയിയും കൈകള്‍ കോര്‍ത്തുപിടിക്കാന്‍ തയാറായില്ല. പകരം ഇരുവരും തമ്മില്‍ തൊടാതെ മുഷ്ടി ചുരുട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നു

MediaOne Logo
That awkward moment at AI Summit
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിക്കിടെ ലോകത്തെ മുന്‍നിര ടെക് കമ്പനികളുടെ തലവന്‍മാര്‍ തമ്മിലുള്ള വിയോജിപ്പുകള്‍ മറനീക്കി പുറത്തുവന്നത് കൗതുകക്കാഴ്ചയായി. ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനും ആന്ത്രോപിക് സിഇഒ ദാരിയോ അമോദെയിയുമാണ് വേദിയില്‍ പരസ്പരം കൈതൊടാന്‍ മടിച്ചത്. നിര്‍മിതി ബുദ്ധി മേഖലയില്‍ പരസ്പരം മത്സരിക്കുന്ന രണ്ട് കമ്പനികളും വേദിയിലും മത്സരത്തിലാണോയെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയര്‍ന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമായിരുന്നു ലോകത്തെ മുന്‍നിര ടെക് കമ്പനികളുടെ മേധാവികള്‍ വേദിയില്‍ അണിനിരന്നത്. മോദിയുടെ വലതുവശത്ത് ഗൂഗ്ള്‍ സിഇഒ സുന്ദര്‍ പിച്ചൈയും ഇടതുവശത്ത് ആദ്യം ആള്‍ട്ട്മാനും രണ്ടാമതായി അമോദെയിയുമാണ് ഉണ്ടായിരുന്നത്. സാങ്കേതികവിദ്യാ ലോകത്തെ ഐക്യം കാണിക്കുന്നതിന്റെ ഭാഗമായി മോദി സിഇഒമാരോടൊപ്പം ചേര്‍ന്ന് കൈയുയര്‍ത്തുകയായിരുന്നു. എന്നാല്‍, തൊട്ടടുത്ത് നിന്നിട്ടും ആള്‍ട്ട്മാനും അമോദെയിയും കൈകള്‍ കോര്‍ത്തുപിടിക്കാന്‍ തയാറായില്ല. പകരം ഇരുവരും തമ്മില്‍ തൊടാതെ മുഷ്ടി ചുരുട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ വൈറലായി.

ഇതോടെ പലരും ഇരുവരും തമ്മിലുള്ള പിണക്കത്തിനു പിന്നിലെ കഥ തേടിപ്പോയി. സാം ആള്‍ട്ട്മാന്‍ സ്ഥാപകനായ ഓപ്പണ്‍എഐയില്‍ റിസര്‍ച്ച് വിഭാഗം വൈസ് പ്രസിഡന്റായിരുന്നു അമോദെയ്. എന്നാല്‍, 2021ല്‍ അമോദെയി ഓപ്പണ്‍എഐ വിട്ട് ആന്ത്രോപിക് എന്ന പുതിയ എഐ സ്റ്റാര്‍ട്ടപ്പ് തുടങ്ങി. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയെക്കാള്‍ സുരക്ഷിതമായ എഐ മോഡല്‍ നിര്‍മിക്കുമെന്നാണ് ആന്ത്രോപിക് അവകാശപ്പെട്ടത്. ഇരു സ്ഥാപനങ്ങളും പരസ്പരം മത്സരിക്കുകയും ചെയ്തു. ഇതോടെയാണ് മുമ്പ് സഹപ്രവര്‍ത്തകരായിരുന്ന ആള്‍ട്ട്മാനും അമോദെയിയും തെറ്റിയത്. 2023ല്‍ ആള്‍ട്ട്മാനെ ഓപ്പണ്‍ എഐയില്‍ നിന്ന് കുറച്ചുകാലം പുറത്താക്കിയപ്പോള്‍ പകരക്കാരനായി അമോദെയിയെ കൊണ്ടുവരാനും നീക്കമുണ്ടായിരുന്നു. എഐ ഉച്ചകോടിയില്‍ ഇരുവരും കൈകോര്‍ത്തിരുന്നെങ്കില്‍ അത് പുതിയൊരു മുന്നേറ്റമായേനെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വേദിയിലുണ്ടായ സംഭവത്തെ കുറിച്ച് പിന്നീട് സാം ആള്‍ട്ട്മാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് തനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നാണ് ആള്‍ട്ടമാന്‍ പറഞ്ഞത്. 'എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ആശയക്കുഴപ്പത്തിലായിരുന്നു. പ്രധാനമന്ത്രി മോദി എന്റെ കൈപിടിച്ച് ഉയര്‍ത്തിയപ്പോള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതായിരുന്നു ഞാന്‍ ആലോചിച്ചത്' -ആള്‍ട്ട്മാന്‍ പറഞ്ഞു.

TAGS :

Next Story