Quantcast

60 വയസ്സ് മുതൽ പ്രായമുള്ളവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്രം

തെരഞ്ഞെടുപ്പ് ചുമതലയുള്ളവരെയും ബൂസ്റ്റർ ഡോസിന് മുൻഗണന നൽകുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും നിർദേശം

MediaOne Logo

Web Desk

  • Published:

    28 Dec 2021 12:41 PM GMT

60 വയസ്സ് മുതൽ പ്രായമുള്ളവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്രം
X

60 വയസ്സ് മുതൽ പ്രായമുള്ളവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുമ്പോൾ പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്രസർക്കാർ. ചൊവ്വാഴ്ചയാണ് സർക്കാർ തീരുമാനം അറിയിച്ചത്. എന്നാൽ ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് തങ്ങളുടെ ഡോക്ടറുമായി സംസാരിക്കണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായവും സഹജ അസുഖങ്ങളുമുള്ളവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെങ്കിലും ഡോക്ടറുടെ ഉപദേശം തേടണമെന്ന് ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് എഴുതിയ കത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതലയുള്ളവരെയും ബൂസ്റ്റർ ഡോസിന് മുൻഗണന നൽകുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ നിർദേശം നൽകി. എന്നാൽ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞാൽ മാത്രം ബൂസ്റ്റർ നൽകിയാൽ മതിയെന്നും പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങളുള്ള അറുപത് വയസിനു മുകളിലുള്ളവർക്കും കോവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ഡിസംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ നൽകാൻ അനുമതി നൽകിയതായും പ്രധാനമന്ത്രി അറിയിച്ചു. കുട്ടികളുടെ വാക്‌സിൻ ജനുവരി മൂന്ന് മുതലും ബൂസ്റ്റർ വാക്‌സിൻ ജനുവരി ജനുവരി പത്തുമുതലുമാണ് വിതരണം ചെയ്യുകയെന്നും വ്യക്തമാക്കി.

അതിനിടെ, രാജ്യത്ത് രണ്ടു വാക്സിനുകൾക്ക് കൂടി അടിയന്തര അനുമതി നൽകി. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്സിനും കോർബെവാക്സിനുമാണ് അനുമതി നൽകിയിരിക്കുന്നത്. നിബന്ധനകളോടെ അടിയന്തര ഉപയോഗ അനുമതി നൽകാൻ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോൾനുപിറവിറിനും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ മുതിർന്നവർക്ക് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. എല്ലാ ശുപാർശകളും അന്തിമ അനുമതിക്കായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) അയച്ചിട്ടുണ്ട്. ഡിസിജിഐയുടെ അംഗീകാരം ലഭിച്ചാൽ അടിയന്തര ഉപയോഗാനുമതി ലഭിച്ച വാക്സിനുകളുടെ എണ്ണം എട്ടായി ഉയരും. രണ്ടുവാക്സിനുകൾക്ക് കൂടി അനുമതി ലഭിച്ചതിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുക് മാണ്ഡവ്യ ട്വിറ്ററിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഇത് കോവിഡിനെതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് ഒമിക്രോൺ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഒമിക്രോൺ കേസുകൾ കൂടുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഡിസംബർ 25ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സാഹചര്യം നേരിടാൻ രാജ്യം സജ്ജമാണെന്നും വ്യാപനത്തെ നേരിടാൻ മുന്നൊരുക്കം ആരംഭിക്കണമെന്നും പറഞ്ഞു. കുട്ടികൾക്കായി 90,000 കിടക്കകൾ തയാറാണ്. ആവശ്യത്തിന് വാക്‌സിൻ കരുതൽ ശേഖരമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ 90 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഓക്‌സിജൻ സൗകര്യമുള്ള അഞ്ചു ലക്ഷം കിടക്കകൾ രാജ്യത്തുണ്ടെന്നും മോദി പറഞ്ഞു.തദ്ദേശീയമായി വികസിപ്പിച്ച നേസൽ വാക്‌സിനും ഡിഎൻഎ വാക്‌സിനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്‌സിനേഷൻ പൂർത്തീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

TAGS :
Next Story