‘യുഎസ് എയ്ഡ് ഫണ്ട് ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഏഴ് പദ്ധതികൾ നടപ്പാക്കുന്നു’; വെളിപ്പെടുത്തലുമായി ധനകാര്യ മന്ത്രാലയം റിപ്പോർട്ട്
ബിജെപിയുടെ നുണകൾ പൊളിയുകയാണെന്ന് കോൺഗ്രസ്

ന്യൂഡൽഹി: യുഎസ് എയ്ഡ് ഫണ്ട് ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഏഴ് പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അവയൊന്നും വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ളതല്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിെൻറ 2023-24 വാർഷിക റിപ്പോർട്ട്. ‘നിലവിൽ 750 മില്യൺ ഡോളർ മൊത്തം ബജറ്റ് വിലമതിക്കുന്ന ഏഴ് പദ്ധതികൾ യുഎസ് എയ്ഡ് ഇന്ത്യൻ സർക്കാരുമായി സഹകരിച്ച് നടപ്പാക്കുന്നുണ്ട്’ -ധനമന്ത്രാലയത്തിന്റെ 2023-24ലെ വാർഷിക റിപ്പോർട്ട് പറയുന്നു.
തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനല്ല ഈ ഫണ്ട് ഉപയോഗിച്ചിട്ടുള്ളത്. മറിച്ച് കൃഷി, ഭക്ഷ്യസുരക്ഷാ പദ്ധതി, വെള്ളം, ശുചിത്വം, പുനരുപയോഗ ഊർജ്ജം, ദുരന്തനിവാരണം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്കാണ് തുക ചെലവഴിച്ചിട്ടുള്ളത്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ തന്ത്രശാലിയായ വിദേശകാര്യ മന്ത്രിയുടെയും നുണകൾ കേന്ദ്ര ധനകാര്യ മന്ത്രാലയം ഒഴികെ മറ്റാരും തുറന്നുകാട്ടിയിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ധനകാര്യ മന്ത്രാലയത്തിന്റെ 2023-24 ലെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതുപോലെ, യുഎസ് എയ്ഡ് നിലവിൽ ഇന്ത്യൻ സർക്കാരുമായി സഹകരിച്ച് ഏഴ് പദ്ധതികൾ നടപ്പാക്കുന്നുണ്ട്, ഏകദേശം 750 മില്യൺ ഡോളറിന്റെ സംയുക്ത ബജറ്റാണുള്ളത്. ഈ പദ്ധതികളിൽ ഒന്നുപോലും വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതല്ല’ -ജയറാം രമേശ് പറഞ്ഞു.
വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനായി ഇന്ത്യക്കുള്ള 21 മില്യൺ ഡോളർ ധനസഹായം ശതകോടീശ്വരൻ ഇലോൺ മസ്കിെൻറ നേതൃത്വത്തിലുള്ള യുഎസ് സർക്കാരിെൻറ എഫിഷ്യൻസി വകുപ്പ് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെ ബിജെപിയും കോൺഗ്രസും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയുണ്ടായി. എന്നാൽ, ഇന്ത്യയിൽ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യു.എസ് ‘എയ്ഡി’ന്റെ 21 ദശലക്ഷം ഡോളർ (182 കോടി രൂപ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു.
Adjust Story Font
16

