വോട്ടർ അധികാർ യാത്രയുടെ ആവേശത്തിൽ ഇൻഡ്യ സഖ്യം; രാഹുൽ ഗാന്ധിയുടെ അടുത്ത നീക്കത്തിൽ കണ്ണുനട്ട് രാജ്യം
വോട്ടർ അധികാർ യാത്ര ഇന്നലെ പട്നയിൽ സമാപിക്കുമ്പോൾ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന മറ്റൊരു ചരിത്രത്തിനാണ് സാക്ഷിയായത്

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര ബിഹാറിന്റെ രാഷ്ട്രീയം മാറ്റിവരക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയ്ക്കായുള്ള വലിയ പോരാട്ടമായി രാഹുലിന്റെ യാത്ര മാറുമെന്നാണ് വിലയിരുത്തൽ. തട്ടിപ്പറിക്കപ്പെട്ട അവകാശത്തെ വീണ്ടെടുക്കാനുള്ള പ്രയത്‌നത്തിൽ അണിനിരന്ന പതിനായിരങ്ങളും ഇന്ത്യാ സഖ്യനേതാക്കളും ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ യാത്ര ഇടിമുഴക്കമാക്കുകയായിരുന്നു.
കോരിച്ചൊരിയുന്ന മഴയെയും പൊള്ളുന്ന വെയിലിനെയും വകവയ്ക്കാതെ ഓടികൂടിയ പതിനായിരങ്ങൾ. അവരിൽ പലരും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കിൽ മരിച്ചവരായിരുന്നു. ജനാധിപത്യാവകാശം നിഷേധിക്കപ്പെട്ടതിന്റെ രോഷം ആ മുഖങ്ങളിൽ വ്യക്തമായിരുന്നു.
1300 കിലോമീറ്റർ, കടന്നുപോയത് 25 ജില്ലകളിലായി 110ലധികം നിയമസഭ മണ്ഡലങ്ങളിലൂടെയാണ്. വോട്ടർ അധികാർ യാത്ര ഇന്നലെ പട്നയിൽ സമാപിക്കുമ്പോൾ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന മറ്റൊരു ചരിത്രത്തിനാണ് സാക്ഷിയായത്. വോട്ടർ പട്ടിക പരിഷ്‌ക്കരണം വോട്ടുചോരിയുടെ പശ്ചാത്തലത്തിൽ ബിഹാറിന്റെ അസ്ഥിരമായ ജാതി പ്രേരിത ഭൂപ്രകൃതിയിൽ രാഷ്ട്രീയ സ്വാധീനം നേടിയിട്ടുണ്ട്.
മുസ്ലിം,ദലിതർ, അരികുവൽക്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങൾ എന്നിവർക്ക് ശക്തമായ ഒരു രാഷ്ട്രീയ മുദ്രാവാക്യമായും രാഹുലിന്റെ റാലി മാറി. ബിഹാറിൽ നാന്നി കുറിച്ച യാത്ര ക്രമേണ ദേശീയ തലത്തിൽ വരുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് ഇന്ത്യസഖ്യത്തിന്റ പ്രധാന പ്രചാരണ കേന്ദ്രമായി മാറുകയാണ്. ഭാരത് ജോഡോ യാത്രയിൽ ഉയർത്തിയ വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ എന്ന മുദ്രാവാക്യം പോലെ 'വോട്ട് ചോർ ഗഡ്ഡി ഛോഡ്' എന്ന മുദ്രാവാക്യം ജനങ്ങളുടെ മനസ്സിൽ പതിഞ്ഞുകഴിഞ്ഞു.
Adjust Story Font
16

